കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജൽശക്തി അഭിയാൻ കേന്ദ്രസംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി കോഴിക്കോട് ജില്ലയിലെത്തി.
ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. ജൽശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസർ രാഖേഷ് കുമാർ മീണ, ജൽശക്തി അഭിയാൻ ടെക്നിക്കൽ ഓഫീസർ ഡോ. അനുഖരൻ ഖുജുർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. വിവിധ വകുപ്പുകൾ നടപ്പിലാക്കിയ ജില്ലയിലെ വിവിധ ജലസംരക്ഷണ പദ്ധതികൾ സംഘം നേരിട്ടുകണ്ട് വിലയിരുത്തും. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രസന്റേഷനും ചർച്ചയും നടന്നു. സബ് കളക്ടർ വി. ചെൽസാ സിനി അധ്യക്ഷത വഹിച്ചു. ജില്ലാ ഭൂഗർഭ ജല വകുപ്പ് ഹൈഡ്രോളിജിസ്റ്റ് എം.പി. അരുൺ പ്രഭാകർ പവർ പോയിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ സമീർ കിഷൻ, ഭൂഗർഭ ജല വകുപ്പ് ജില്ലാ ഓഫീസർ ജിജോ വി ജോസഫ് എന്നിവർ പ്രസംഗിച്ചു.