ക്രഷറിന്റെ പ്രവർത്തനം രാത്രിയും; നാട്ടുകാർ പ്രതിഷേധ ധർണ നടത്തി
1281016
Sunday, March 26, 2023 12:04 AM IST
മുക്കം: ക്രഷർ പ്രവർത്തനം രാത്രിയും തുടരുന്നതിൽ പൊറുതിമുട്ടിയ നാട്ടുകാർ ക്രഷർ യൂണിറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കോഴിക്കോട് മലപ്പുറം ജില്ലാതിർത്തിയിൽ വാലില്ലാപുഴ മുത്തോട് ഭാഗത്തെ ഫ്രന്ററ്സ് ക്രഷറിന് മുന്നിലാണ് സമരം നടത്തിയത്. ക്വാറി പ്രവർത്തനം അവസാനിപ്പിക്കുക, വൈകീട്ട് 6 മുതൽ രാവിലെ 6 വരെയുള്ള ക്രഷർ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിക്കുക, രാത്രി സമയങ്ങളിൽ വാഹനങ്ങളിൽ ലോഡ് കൊണ്ട് പോവുന്നത് അവസാനിപ്പിക്കുക, പരിസരവാസികൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സൂചന സമരം കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം കരീം പഴങ്കൽ ഉദ്ഘാടനം ചെയ്തു. ഒരു മാസം മുൻപ് ക്രഷറിൽ നിന്നും ലോഡുമായി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞിരുന്നു. സൂചന സമരത്തിൽ നടപടിയായില്ലങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരക്കാർ പറഞ്ഞു