കൽപ്പറ്റ: ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ ആഘോഷിക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വർധിപ്പിക്കുന്നതിനുമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും.
ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ ജില്ലാതല മത്സരങ്ങളും എട്ടിനു സംസ്ഥാനതല മത്സരങ്ങളും നടക്കും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്കായി പ്രകൃതി, വന്യജീവി എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരമാണ് നടത്തുക. ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കു ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് മത്സരങ്ങൾ ഉണ്ടാകും.എല്ലാ സർക്കാർ/എയ്ഡഡ്/അംഗീകൃത/സ്വാശ്രയ സ്കൂളുകളിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ടീമായാണ് ക്വിസിൽ മത്സരത്തിൽ പങ്കെടുക്കേണ്ടത്.
മറ്റു മത്സരങ്ങളിൽ ഓരോ സ്ഥാപനത്തെയും പ്രതിനിധീകരിച്ച് രണ്ട് പേർക്ക് പങ്കെടുക്കാം. പ്രസംഗം, ഉപന്യാസ മത്സരങ്ങൾ മലയാളത്തിലായിരിക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.
ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡിനും സർട്ടിഫിക്കറ്റിനും പുറമേറോളിംഗ് ട്രോഫിയും സമ്മാനിക്കും. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും അനുഗമിക്കുന്ന രക്ഷകർത്താവിനും ഭക്ഷണവും താമസ സൗകര്യവും സ്ളീപ്പർക്ലാസ്സ് യാത്രാചെലവും നൽകും.
കൽപ്പറ്റ എസ്കഐംജെ സ്കൂളിലാണ് ജില്ലാതല മത്സരങ്ങൾ. രണ്ടിനു രാവിലെ ഒന്പതിനു രജിസ്ട്രേഷൻ ആരംഭിക്കും. 9.30 മുതൽ 11.30 വരെ എൽപി, യുപി, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള പെൻസിൽ ഡ്രോയിഗ് മത്സരം നടക്കും. 11.45 മുതൽ 12.45 വരെ ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള ഉപന്യാസ മത്സരവും 2.15 മുതൽ 4.15 വരെ വാട്ടർ കളർ പെയിന്റിംഗ് മത്സരവും നടക്കും. മൂന്നിനു രാവിലെ 8.30ന് രജിസ്ട്രേഷൻ. 10 മുതൽ ഉച്ചവരെ ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരവും രണ്ടു മുതൽ നാലു വരെ പ്രസംഗ മത്സരവും നടക്കും. ഫോണ്: 04936 202623.