ഇ​ന്ന് പ​രി​സ്ഥി​തി ദി​നം: പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ ശേ​ഖ​രി​ച്ച് വ്യ​ത്യ​സ്ത​നാ​യി രാ​ജ​ന്‍
Saturday, June 5, 2021 12:08 AM IST
കൊ​യി​ലാ​ണ്ടി: പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് പൂ​ക്കാ​ട് സ്വ​ദേ​ശി പാ​റ​ക്ക​ൽ രാ​ജ​ൻ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​നാ​വു​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​പ്പി​ക​ളാ​ണ് രാ​ജ​ൻ ശേ​ഖ​രി​ച്ച് വീ​ട്ട് പ​റ​മ്പി​ൽ ത​രം തി​രി​ച്ച് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് ആ​ണ് ഭൂ​മി​യു​ടെ പ്ര​ധാ​ന ശ​ത്രു. അ​ത് അ​ല​ക്ഷ്യ​മാ​യി എ​റി​യു​ന്ന​വ​ർ അ​തി​ലും വ​ലി​യ ശ​ത്രു​വാ​ണെ​ന്ന് രാ​ജ​ൻ പ​റ​യു​ന്നു. പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ റോ​ഡ​രി​കി​ൽ നി​ന്നും കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് എ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തു​ക.
വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​മ്പോ​ൾ ഒ​രു സ​ഞ്ചി​യും കൈ​യി​ൽ ക​രു​തും കു​പ്പി​ക​ൾ ഇ​തി​ൽ സം​ഭ​രി​ക്കും. ഇ​തി​നി​ട​യി​ൽ നി​ര​വ​ധി അ​വ​ഹേ​ള​ന​വും രാ​ജ​ന് ഏ​ൽ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​ർ എ​ത്തു​ന്ന​താ​യി രാ​ജ​ൻ പ​റ​ഞ്ഞു. ഭാ​ര്യ: ജ​യ, മ​ക്ക​ളാ​യ അ​ഖി​ൽ​രാ​ജും നി​ഖി​ൽ രാ​ജും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പി​ന്നി​ലു​ണ്ട്.