കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രതീതി സമ്മാനിച്ച ദിവസമായിരുന്നു ഇന്നലെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഞായറാഴ്ച കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നഗരത്തില്‍ തിരക്കൊഴിഞ്ഞു. ഹോട്ടലുകള്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ ഏഴോടെ അടച്ചതോടെ നഗരം തീര്‍ത്തും വിജനമായി. ബാറുകള്‍, മദ്യവില്പശാലകള്‍ എന്നിവയും ഇന്നലെ അടഞ്ഞുകിടന്നു. ബസുകളിലും തിരക്ക് വളരെ കുറവായിരുന്നു. വ്യാപക ബോധവത്കരണവും പരിശോധനയുമായി പോലീസും രംഗത്തെത്തി. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കിമാറ്റി. 25 ശതമാനം കിടക്കകള്‍ മാറ്റിവച്ചു. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ 15 ശതമാനം കിടക്കള്‍ കോവിഡ് രോഗികള്‍ക്കായി നല്‍കും.
2560 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗബാധയുണ്ടായത്. കോഴിക്കോട് നഗരപരിധിയില്‍ അനുദിനം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ക്യാമ്പുകളിലും മൊബൈല്‍ യൂണിറ്റുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ ഇന്ന് 121 കേന്ദ്രങ്ങളില്‍ വാക്സിനേഷന് നല്‍കും. താലൂക്ക് ആശുപത്രികളിലും 24 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിനേഷന് നല്‍കുക. രാമനാട്ടുകരയിലും തിരുവങ്ങൂരിലും സ്പെഷല്‍ ക്യാമ്പുകള്‍ നല്‍കും. ഒളവണ്ണ, നാദാപുരം, കൊയിലാണ്ടി, കൊടുവള്ളി എന്നിവിടങ്ങളില്‍ കോവാക്സിന് നല്‍കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗിക്കൊപ്പം കൂട്ടിരിക്കാന്‍ ഒരാളെ മാത്രമേ അനുവദിക്കൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ബോധവത്കരണ
ലഘുലേഖകള്‍ വിതരണം ചെയ്തു
കുറ്റ്യാടി: കോവിഡ് വ്യാപനത്തിനെതിരേ ജനകീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. കുറ്റ്യാടി എസ്ഐ ലിനീഷ്, പൊതുപ്രവര്ത്തകൻ ശ്രീജേഷ് ഊരത്തിന് ലഘുലേഖ നല്കി ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണസേന ചെയര്മാന് ബഷീര്‍ നരയങ്കോടന്‍ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, അംഗം ഹാഷിം നമ്പാട്ടില്‍, കണ്‍വീനര്‍ ഇ. മുഹമ്മദ് ബഷീര്‍ ട്രഷറര്‍, കെ.എം. ബഷീര്‍, മുത്തലിബ്, ഇന്‍സാദ് ബാപ്പറ്റ, കെ.പി. ഹമീദ്, സമീര്‍ കുരിക്കള്‍, കുഞ്ഞമ്മദ് നരയങ്കോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മെഗാ വാക്സിനേഷന്
യജ്ഞം
മുക്കം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്നും നാളെയും മുക്കം നഗരസഭയില്‍ പത്ത് മെഗാ വാക്സിനേഷന് ക്യാന്പുകള്‍ നടക്കും. നഗരസഭയിലെ 45 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിനേഷന് നല്‍കുക എന്നതാണ് ക്യാന്പുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഡിവിഷനുകളിലും ആര്‍ആര്‍ടി യോഗങ്ങള്‍ ചേര്‍ന്നു.
നഗരസഭയിലെ മൂന്ന് ഡിവിഷനുകളില്‍ ഒരു കേന്ദ്രം എന്ന നിലയില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം രണ്ട് വരെയാണ് ക്യാന്പുകള്‍ നടക്കുക. ഇന്ന് മണാശ്ശേരി ഗവ. യുപി സ്കൂള്‍, അഗസ്ത്യന്മുഴി ഗവ. യുപി സ്കൂള്‍, കുറ്റിപ്പാല മദ്റസ, കച്ചേരി എഎല്‍പി സ്കൂള്‍, ചേന്നമംഗല്ലൂര്‍ ഗവ. യുപി സ്കൂള്‍ എന്നിവിടങ്ങളിലും നാളെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കല്ലുരുട്ടി എല്‍പി സ്കൂള്‍, മുത്തേരി ഗവ. യുപി സ്കൂള്‍, തെച്യാട് മദ്റസ, മുണ്ടുപാറ മദ്റസ എന്നിവിടങ്ങളിലുമാണ് ക്യാന്പുകള്‍ നടക്കുക.
വാക്സിന് സ്വീകരിക്കാത്ത നഗരസഭയിലെ 45 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകളും ആധാര്‍ കാര്‍ഡുമായി ക്യാന്പില്‍ എത്തണമെന്ന് നഗരസഭാ ചെയര്മാന് പി.ടി. ബാബു അറിയിച്ചു.
ഹര്‍ത്താല്‍ പ്രതീതി
പേരാമ്പ്ര: കോവിഡ് വ്യാപനം ശക്തമാവുന്നിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പേരാമ്പ്രയില്‍ ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കി. പഴം, പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ ഒഴിച്ചുള്ള കട കമ്പോളങ്ങളും അടഞ്ഞു കിടന്നു. നാമമാത്ര ഹോട്ടലുകളാണു തുറന്നത്. പൊതുവേ ജനങ്ങളൊന്നും ടൗണില്‍ ഇറങ്ങിയിട്ടില്ല.
പൊതു ഗതാഗതവും പേരിനു മാത്രമായിരുന്നു. അത്യാവശ്യം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി. ഇവയിലൊക്കെ യാത്രക്കാര്‍ നന്നേ കുറവായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയിരുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കാം എന്ന് കളക്ടറുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും ആശുപത്രികളിൾ രോഗികളും കുറവായിരുന്നു. ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥിതിവിശേഷം എവിടേയും ഉണ്ടായിരുന്നില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം
അടിച്ചേല്‍പ്പിക്കരുത്
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപാരികളില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് വ്യാപാരി വ്യവസായി സമിതി. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ അനിവാര്യമാണ്. അത്തരം നടപടികളെ വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അതുപോലുള്ള നടപടികളല്ല ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടാവുന്നത്.
വ്യാപാര കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിച്ച് ഭീതി പരത്തുകയും അടച്ചിടാന്‍ കല്‍പ്പിക്കുകയുമാണ് അധികൃത ഇപ്പോള്‍ ചെയ്യുന്നത്. ഇതിനു പകരം എല്ലാ മേഖലയിലും രോഗം തടയാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാരം സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി മരയ്ക്കാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വ്യാപാരികൾക്ക്
മുന്നറിയിപ്പ് നൽകി
മുക്കം: ഞായറാഴ്ചകളിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചതിനെ തുടർന്ന് നടപടികൾ കർശനമാക്കി പോലീസ്. ഇന്നലെ മുക്കം അങ്ങാടിയിലെ അവശ്യസാധന കടകൾ ഒഴികെയുള്ളവ പോലീസ് അടപ്പിച്ചു. മുക്കത്തെ മിക്ക കടകളും ഇന്നലെ തുറന്നിരുന്നെങ്കിലും രാവിലെ പത്തിന് പോലീസ് എത്തി അവശ്യസാധന കടകൾ ഒഴികെയുള്ളവ അടപ്പിക്കുകയായിരുന്നു. കട തുറന്ന ചില വ്യാപാരികൾക്ക് മുന്നറിയിപ്പും നൽകി. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിൽ വ്യാപാരികളും കടുത്ത ആശങ്കയിലാണ്.
പുറമേരിയില്‍
വാര്‍ഡ് ആര്‍ആര്‍ടി
പുനസംഘടിപ്പിക്കും
നാദാപുരം: കോവിഡ് 19 വ്യാപനം തടയാന്‍ പലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ പുറമേരിയില്‍ നടന്ന സര്‍വ കക്ഷി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡ്തല ആർആർടി പുനസംഘടിപ്പിക്കും. പഞ്ചായത്തിൽ ദിനേന കോവിഡ് രോഗികളേറി വരുന്നുണ്ട്. എല്ലാ കടകളിലും സാനിറ്റൈസറും രജിസ്റ്റരും സൂക്ഷിക്കണം. കടകളില്‍ അകലം പാലിക്കാത്തവര്‍ക്കെതിരേയും മാസ്ക് ധരിക്കാത്തവര്‍ക്കെതിരേയും നടപടി സ്വീകരിക്കും.
എല്ലാ വെള്ളിയാഴ്ചയും പഞ്ചായത്ത് തലത്തില്‍ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കും. വിവാഹ വീടുകളിലും മരണം നടന്ന വീടുകളിലും ആര്‍ആര്‍ടിമാരെ ചുമതലപ്പെടുത്തി ആളുകളെ നിയന്ത്രിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, പോലീസ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്തല ഉദ്യോഗസ്ഥർ സിഡിഎസ്അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വേളം പഞ്ചായത്തിൽ
ദ്രുതഗതിയിലുള്ള
കർമ പരിപാടി
കുറ്റ്യാടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ഭരണ സമിതി യോഗം തീരുമാനിച്ചു. പതിനേഴ് വാർഡുകളിലും ആർആർടി യോഗങ്ങൾ വിളിച്ചു ചേർത്ത് അയൽസഭ തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പള്ളിയത്ത്, പൂളക്കൂൽ, തീക്കുനി തുടങ്ങിയ ടൗണുകളിൽ പഞ്ചായത്ത് അംഗങ്ങളുടേയും പോലീസ് ഉദ്യേഗസ്ഥരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സെക്ടറൽമജിസ്ട്രേട്ടിന്റെയും നേതൃത്വത്തിൽ ജാഗ്രതാ നിർദേശങ്ങൾ നൽകി.
ആരാധനാലയങ്ങളിലെ മേധാവികൾക്ക് പഞ്ചായത്തിന്റെ അഭ്യർഥന കത്തുകൾ നൽകുകയും വിവാഹം പോലുള്ള ചടങ്ങുകൾക്ക് കർശന നിയന്ത്രണങ്ങൾ എർപ്പെടുത്തുകയും ചെയ്തു. വേളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്നു ദിവസമായി നൂറു കണക്കിനാളുകൾക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി.