പോലീസ് കേസില്‍ മനംനൊന്ത് ആത്മഹത്യ; ഡിവൈഎസ്പി അന്വേഷിക്കണമെന്ന്
1484005
Tuesday, December 3, 2024 4:57 AM IST
മലപ്പുറം: പൊന്നാനി പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. അന്വേഷണ റിപ്പോര്‍ട്ട് കാലതാമസമില്ലാതെ ഹാജരാക്കണമെന്നും കമ്മീഷന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
പൊന്നാനി പള്ളപ്രം സ്വദേശിയാണ് 2023 ജനുവരി ഒമ്പതിന് ആത്മഹത്യക്ക് ശ്രമിച്ചതും തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചതും. കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ചിത്രം വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന സംശയത്തിലാണ് പള്ളപ്രം സ്വദേശി ശിവരാജിനെ പൊന്നാനി പോലീസ് പിടികൂടിയത്. ചിത്രം കണ്ടെത്താനായി ശിവരാജിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
എന്നാല്‍ അത്തരമൊരു ദൃശ്യം ഇയാളുടെ ഫോണിലുണ്ടായിരുന്നില്ല. എന്നാല്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് ജനുവരി അഞ്ചിന് വൈകുന്നേരം ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ജനുവരി ഒമ്പതിന് ശിവരാജ് വിഷം കഴിച്ചു. ചികിത്സയിലിരിക്കെ ജനുവരി 14നാണ് മരിച്ചത്. ശിവരാജിനെതിരായി പൊന്നാനി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദുരൂഹമാണെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി. തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കാന്‍ കമ്മീഷന് ഉത്തരവിട്ടത്.