വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍
1459037
Saturday, October 5, 2024 5:31 AM IST
മലപ്പുറം: വീട്ടില്‍ പ്രസവിച്ച ഇതരസംസ്ഥാന യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൊല്‍ക്കത്ത സ്വദേശിയും മലപ്പുറം ഹാജിയാര്‍പള്ളിയില്‍ താമസിക്കുന്നതുമായ നൂറുദ്ദീന്റെ ഭാര്യ മീനബീവി (30) യാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതി പ്രസവിച്ചു.
വിവരം അറിഞ്ഞ ആശാവര്‍ക്കര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലപ്പുറം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ഡ്രൈവര്‍ സി. വിശാഖ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആര്. രമേശ് എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് രമേശ്, മാതാവും കുഞ്ഞുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്കി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.