എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
1453880
Tuesday, September 17, 2024 7:04 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാത്തിപ്പാറ സ്ഫുരണം പ്രാദേശിക പ്രതിഭാ കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മധുരപലഹാരം വിതരണം ചെയ്തുകൊണ്ടും കുട്ടികളുടെ കലാകായിക ഇനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടും പാത്തിപ്പാറ ഗ്രാമത്തിന്റെ ഉത്സവമായി ഓണം ആഘോഷിച്ചു.
ഓണപ്പാട്ടുകള്‍, നാരങ്ങ സ്പൂണ്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, കുളംകര, കസേരകളി, വടംവലി, ബലൂണ്‍ ചവിട്ടി പൊട്ടിക്കല്‍ തുടങ്ങിയ പരിപാടികള്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. കുട്ടികളുടെ ആവേശകരമായ വടംവലി മത്സരം ഏറെ ശ്രദ്ധേയമായി. വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം. മനോജ് കുമാര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കരിമ്പുഴ ഗവ. എല്‍.പി. സ്കൂള്‍ എസ്എംസി ചെയര്മാന് സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിദ്യാ വോളണ്ടിയര്‍ ഫസീല, ഫര്‍സാന തസ്നി, നിലമ്പൂര്‍ ബിആര്‍സി സ്പെഷല്‍ എഡ്യൂക്കേറ്റര്‍ ദീപ ജോസ് എന്നിവര്‍ സംസാരിച്ചു.പട്ടികജാതി, പട്ടികവർഗ, മത ന്യൂനപക്ഷ, ഭാഷ ന്യൂനപക്ഷ വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികാസവും ലക്ഷ്യമാക്കിക്കൊണ്ട് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളാണ് നിലമ്പൂര്‍ ഉപജില്ലയില്‍ ഉള്ളത്. എല്ലാ കേന്ദ്രങ്ങളിലും സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചു.