പൂക്കോട്ടുംപാടം: ഗോത്രവർഗക്കാർക്ക് സർക്കാർ രേഖകൾ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാന്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതിയുടെ (എബിസിഡി) പൈലറ്റ് പ്രൊജക്ട് അമരന്പലം പഞ്ചായത്തിൽ നടപ്പാക്കും.
മലപ്പുറംകളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പദ്ധതിയുടെ അവലോകന യോഗം അസിസ്റ്റന്റ് കളക്ടർ സുമിത്കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ പി.ജി. ഗോകുൽ പദ്ധതി വിശദീകരിച്ചു.
പട്ടികവർഗ വികസന വകുപ്പ്, ഐ.ടി. മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, അക്ഷയ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്നതാണ് എബിസിഡി പദ്ധതി.
ആധാർ കാർഡ്, റേഷൻ കാർഡ്, യുഡി ഐഡി കാർഡ്, വോട്ടേഴ്സ് ഐഡി, ജനന സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷ്വറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഗോത്രവർഗക്കാർക്ക് ലഭ്യമാക്കുക എന്നതാണ് എബിസിഡി കൊണ്ടു ലക്ഷ്യമിടുന്നത്. ജില്ലയിലെ കൂടുതൽ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.കെ. മുരളി, ഐടിഡിപി പ്രൊജക്ട് ഓഫീസർ കെ.എസ്. ശ്രീരേഖ, നാർക്കോട്ടിക് ഡിവൈഎസ്പി പ്രകാശൻ പി. പടന്നയിൽ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയറക്ടർ പി.ജി. വിജയകുമാർ, എംപ്ലോയ്മെന്റ് ഓഫീസർ കെ. ശൈലേഷ്, തദ്ദേശസ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.