കാളികാവ്: നരിയക്കംപൊയിലിൽ മിനി സ്റ്റേഡിയം യാഥാർഥ്യമായി. തുവൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച 28.64 ലക്ഷം രൂപ ചെലവിലാണ് പ്രദേശത്തെ കായികപ്രേമികളുടെ ചിരകാലാഭിലാഷം പൂവണിഞ്ഞത്. എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുവൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് നരിയക്കംപൊയിൽ പ്രദേശത്തെ കായിക പ്രേമികളുടെ ഏറെനാളത്തെ മോഹമായിരുന്നു സ്വന്തമായൊരു മൈതാനമെന്നത്.
ഇതിനായി ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രയത്നമാരംഭിച്ചു. കാളികാവ് ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമായതിനാൽ രണ്ടു പഞ്ചായത്തുക്കാർക്കും ഉപകാരമാണ്. പ്രദേശത്തെ നാട്ടുകാരുടെ ഇച്ഛാശക്തിയിലും ഐക്യത്തിലും പണം സ്വരൂപിച്ച് സ്ഥലം വാങ്ങി. പിന്നീട് 2022-23 വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് 28.64 ലക്ഷം രൂപ ചെലവിൽ ഒരേക്കർ ഭൂമി വാങ്ങി കളിയോഗ്യമാക്കുകയായിരുന്നു.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച തുകയും ഇതിനായി വിനിയോഗിച്ചു. ഉൽസവ പ്രതീതിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ജ്യോതി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ മുഹമ്മദാലി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ സുരേന്ദ്രൻ, നീലിയോട്ടിൽ രജനി, മുഹമ്മദ് അബ്ദുൾമുനീർ, എം. ഹംസ, കെ.പി ഗിരീഷ്, സാമൂഹിക പ്രവർത്തകൻ അഷ്റഫ് ദോസ്ത്, റഷീദ് പൊറ്റയിൽ, പകിടീരി ബാപ്പുട്ടി, കെ. മൻസൂർ, പി. മുഹമ്മദ് ബാപ്പുട്ടി, സി.കെ റഹീസ്, കെ. ഇർഷാദലി, പി. കുഞ്ഞാപ്പ, കെ. അലി, പി. അനീസ് തുടങ്ങിയവർ പ്രസംഗിച്ചു.