ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു
1300466
Tuesday, June 6, 2023 12:24 AM IST
മലപ്പുറം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോണ് പദ്ധതി യാഥാർഥ്യമായി. ഇന്നലെ വൈകീട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തന്പി മെംബേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിച്ചു.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം താനൂർ ഗവണ്മെന്റ് ദേവധാർ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ സ്വപ്നതുല്യ പദ്ധതിയാണ് കെ-ഫോണ് എന്നും ഇതിലൂടെ വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മേഖലകളിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ നൂറു വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോണ് ഇന്റർനെറ്റ് എത്തും.
സംസ്ഥാനത്ത് സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോണ് മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോണ് ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി- 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.കെ ഫോണ് പദ്ധതിയുടെ പൊന്നാനി നിയോജക മണ്ഡലം തല പ്രഖ്യാപനം മൂക്കുതല പിസിഎൻജിഎച്ച്എസ്എസിൽ പി.നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറത്ത് മുഖ്യാതിഥിയായിരുന്നു.തവനൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം പോത്തനൂർ ജിയുപി സ്കൂളിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ നിർവഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി മണ്ഡലംതല ഉദ്ഘാടനം പുളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി രജനി നിർവഹിച്ചു. നഗരസഭാ കൗണ്സിലർ ഷിഹാബ് കോട്ട അധ്യക്ഷത വഹിച്ചു. മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമിയിൽ നടന്ന പരിപാടിയിൽ മണ്ഡലത്തിലെ തെരഞ്ഞെടുത്ത 700 ബിപിഎൽ കുടുംബങ്ങൾക്ക് ആദ്യ കണക്ഷൻ നൽകി.
കൊണ്ടോട്ടി നഗരസഭ, പുളിക്കൽ, ചെറുകാവ്, വാഴയൂർ, വാഴക്കാട്, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങൾക്ക് വീതമാണ് ആദ്യ ഘട്ടത്തിൽ കണക്ഷൻ നൽകിയത്.മങ്കട മണ്ഡലം തല ഉദ്ഘാടനം മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ നിർവഹിച്ചു. കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി നിയോജക മണ്ഡലം തല ഉദ്ഘാടനം മഞ്ചേരി നഗരസഭാ പ്രതിപക്ഷ നേതാവ് സാജിദ് ബാബു നിർവഹിച്ചു.