ഉണ്യാൽ ബീച്ചിൽ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഇന്ന്
1263156
Sunday, January 29, 2023 11:24 PM IST
താനൂർ: ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്ത് ഉണ്യാൽ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതി ഒന്നാംഘട്ടം പ്രവൃത്തി ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു ഉണ്യാൽ അഴീക്കൽ വച്ച് കായിക,ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാൽ അഴീക്കൽ തടാകം ബോട്ടിംഗിനായി നവീകരണം, വെള്ളത്തിലൂടെ നെതർലാന്റ് മോഡൽ നടപ്പാത, ഷോപ്പിംഗ്, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്നു.
ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടമായി ഉണ്യാൽ ബീച്ച് സൗന്ദര്യ വത്കരണത്തിന് 3.2 കോടിയുട പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും. കൂടാതെ എംഎൽഎ ആസ്തിവികസന പദ്ധതിയിൽ നിന്നു അന്പതു ലക്ഷം വേറെയും അനുവദിച്ചിട്ടുണ്ട്. ഉണ്യാൽ മേഖലയുടെ ടൂറിസം വികസനത്തിനു വലിയൊരു വഴിത്തിരിവായിരിക്കും ഈ പദ്ധതി.
ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി.പി സൈതലവി, ഹാർബർ എൻജിനീയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി, മലപ്പുറം പിഎയു പ്രൊജക്ട്് ഡയറക്ടർ ബി.എൽ ബിജിത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇക്ബാൽ തുടങ്ങിയവർ പങ്കെടുക്കും.