മഞ്ചേരി : നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മനുഷ്യനില്ലാത്ത സംരക്ഷണം പട്ടിയ്ക്കോ എന്ന മുദ്രാവാക്യവുമായി മഞ്ചേരി വികസന സംരക്ഷണ സമിതി പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മഞ്ചേരി പഴയ ബസ് സ്റ്റാൻഡ്് പരിസരത്തു വച്ച് അഞ്ചു പേർക്കാണ് തെരുവുപട്ടികളുടെ കടിയേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നാട്ടുകാരും വിദ്യാർഥികളും യാത്രക്കാരും ഏറെ ഭീതിയോടെയാണ് ഈ ഭാഗത്ത് കൂടെ നടന്നു പോകുന്നത്. ഇക്കാര്യത്തിൽ അധികൃതരുടെ സത്വര ശ്രദ്ധ പതിയേണ്ടതും നടപടിയുണ്ടാകേണ്ടതുമാണെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.കെ ചെറി ഉദ്ഘാടനം ചെയ്തു. ബാബു കാരാശേരി അധ്യക്ഷത വഹിച്ചു. അശോക് കുമാർ, സലീം അപ്സര, പി.വി.എം ഷാഫി, വി. ബഷീർ, സലാം ചെർള, പി. ഷാജി, വി. ജബ്ബാർ, എൻ.ടി മുജീബ് എന്നിവർ പ്രസംഗിച്ചു. പ്രശ്നത്തിൽ ജില്ലാ കളക്ടർ, വകുപ്പുമന്ത്രിമാർ എന്നിവർക്കു പരാതി നൽകാനും യോഗം തീരുമാനിച്ചു.
കലാപ്രതിഭകളെ അനുമോദിച്ച് ഘോഷയാത്ര
മഞ്ചേരി: റവന്യൂ ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാന്പ്യൻഷിപ്പും ജില്ലാ ശാസ്ത്രോൽസവത്തിൽ രണ്ടാം സ്ഥാനവും നേടിയ മഞ്ചേരി എച്ച്എംവൈഎച്ച്എസ് സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. വിവിധ മൽസരങ്ങളിലെ വിജയികളെ ആനയിച്ച് സ്കൗട്ട്, ഗൈഡ്, എൻഎസ്എസ്, റെഡ്ക്രോസ് അംഗങ്ങളുടെ അകന്പടിയോടെ നഗരത്തിൽ ഘോഷയാത്ര നടത്തി. പിടിഎ പ്രസിഡന്റ് വല്ലാഞ്ചിറ സക്കീർ ഹുസൈൻ, പി. എം.നാസർ, പ്രിൻസിപ്പൽ സി.കെ സാലിഹ്, പ്രധാനാധ്യാപകൻ അൻവർ ഷക്കീൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. മുജീബ്, ഹാഷിം ഹാറൂണ്, എ.പി ഖദീജ, ശിഹാർ അരിപ്ര, കമാൽ, പി. സജീർ കെ. ഷാജഹാൻ, ശ്രീശുഭ എന്നിവർ നേതൃത്വം നൽകി.