എടക്കര: വികസന വിരോധികൾക്കെതിരെ പ്രക്ഷോഭം എന്ന തലക്കെട്ടിൽ മേഖലയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. യുഡിഎഫ് നേതൃത്വത്തിലുള്ള എടക്കര, ചുങ്കത്തറ പഞ്ചായത്ത് ഭരണ സമിതികളുടെ നിലപാടുകൾക്കെതിരെയായിരുന്നു പ്രതിഷേധ പരിപാടികൾ നടത്തിയത്.
മലയോര ഹൈവേയുടെ ഭൂമിയേറ്റെടുക്കൽ പ്രവർത്തി പൂർത്തിയാക്കാത്ത എടക്കര, ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥ തിരുത്തുക എന്നാവശ്യപ്പെട്ടായിരുന്നു പോത്തുകൽ, ചുങ്കത്തറ, എടക്കര മേഖലാ ഡിവൈഎഫ്ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. എടക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിൽ എടക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് പി.ഷെബീർ ഉദ്ഘാടനം ചെയ്തു. നൗഫൽ കലാസാഗർ അധ്യക്ഷത വഹിച്ചു.സി.ടി.സലീം, സനൽ പാർളി, നജീബ്, അഭിഷ്ണ എന്നിവർ നേതൃത്വം നൽകി.
പോത്തുകൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലുണ്ട യിൽ നടന്ന പ്രതിഷേധ സംഗമം സിപിഎം പോത്തുകൽ ലോക്കൽ സെക്രട്ടറി പി.ഷഹീർ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് പി.പ്രജീഷ് അധ്യക്ഷത വഹിച്ചു. റഫീഖ് പെരുന്പിലായി, സുരേഷ് കുമാർ, പ്രശാന്ത്, കെ.ശശികുമാർ, വഹാബ് എന്നിവർ സംസാരിച്ചു.
ചുങ്കത്തറ മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.പി.അനിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷിബിൽ അധ്യക്ഷത വഹിച്ചു. പി.എൻ.ജിജിൻ, എം.പി.സുധീർ, വിമേഷ്, ബിനീഷ്, തറമ്മൽ മുജീബ് എന്നിവർ സംസാരിച്ചു.