നിലന്പൂർ: ഹയർ സെക്കൻഡറി തലത്തിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്താതെയുള്ള സർക്കാറിന്റെ ഒളിച്ചുകളി പ്ലസ്ടു പരീക്ഷകൾ പ്രഹസനമാക്കി മാറ്റുമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എസ്എസ്ടിഎ) സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
കേരളത്തിലാകമാനം ആയിരക്കണക്കിന് അധ്യാപക തസ്തികകളാണ് ഹയർ സെക്കൻഡറി മേഖലയിൽ ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം തസ്തികകളിലേക്ക് പിഎസ്സി നിയമന ശിപാർശ നൽകി ഒരു വർഷമാകുന്പോഴും ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. ഇപ്പോൾ പ്ലസ്ടു വിദ്യാർഥികളുടെ ക്ലാസുകൾ ആരംഭിച്ചിട്ടും ഒഴിവുള്ള തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കാൻ സർക്കാർ തയാറാവുന്നില്ല.
അധ്യാപകർ ലഭ്യമല്ലാത്ത വിഷയങ്ങളിൽ ഉപജില്ലാ തലത്തിലെ ബിആർസി കളുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ, യുപി, എൽപി എന്നിവിടങ്ങളിലെ യോഗ്യരായ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന തികച്ചും അപ്രായോഗിക നിർദേശമാണ് വകുപ്പ് മുന്നോട്ടുവക്കുന്നത്.
ഹയർ സെക്കൻഡറി മേഖലയിൽ അൻപതിലധികം വ്യത്യസ്ത വിഷയങ്ങൾക്ക് യോഗ്യരായ അധ്യാപകരെ ബിആർസി തലത്തിൽ ലഭ്യമാകില്ല. ഇതുവരെ പിഎസ്സി നിയമനം പോലും നടക്കാത്ത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങൾക്ക് മുപ്പതിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഒഴിവുള്ള തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പോലും നിയമനം നടത്താതെ സംശയ ദൂരീകരണ ക്ലാസുകൾ പ്രഹസനമാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ ഓണ്‍ലൈൻ ക്ലാസുകൾ പരീക്ഷാ വിജ്ഞാപനം വന്നതോടെ തിരക്കിട്ടുള്ള സംപ്രേഷണമാണ് നടക്കുന്നത്.
കേരളത്തിലെ ഓണ്‍ലൈൻ ക്ലാസ്സുകൾ ശരാശരി വിദ്യാർഥികൾക്കു പോലും പിന്തുടരാനാവാത്ത രീതിയിൽ അതിവേഗം മുന്നോട്ടു പോകുന്പോൾ ക്ലാസുകളുടെ റിവിഷൻ നടത്താൻ പോലുമുള്ള സമയം നൽകാതെ നേരത്തെ പരീക്ഷ നടത്തുന്നത് വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. കൂടാതെ ജനുവരിയിൽ പ്ലസ്വണ് ഇംപ്രൂവ്മെന്റ് പരീക്ഷാ മൂല്യനിർണയം നടക്കുന്നതിനാൽ അധ്യാപകരുടെ ലഭ്യത വീണ്ടും കുറയും.
ഏറെ അവധാനതയോടെ പരീക്ഷകളെ സമീപിക്കേണ്ടതിനു പകരം തിരക്കിട്ട് പരീക്ഷകൾ നടത്തി വിദ്യാർഥികളുടെ ഉന്നത പഠനാവസരവും ഭാവിയും തുലക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും അടിയന്തിരമായി അധ്യാപകരെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം.ജോർജ് ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറിയിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ ഇംഗ്ലീഷ്-229, മലയാളം-114, ഹിന്ദി-106, അറബിക്-37, ഫിസിക്സ്-80, കെമിസ്ട്രി-88, ബോട്ടണി-58, സുവോളജി-83, മാത്തമാറ്റിക്സ്-164, കൊമേഴ്സ്-146, ഇക്കണോമിക്സ്-126, പൊളിറ്റിക്കൽ സയൻസ്-71, ഹിസ്റ്ററി-69, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്-37, കന്പ്യൂട്ടർ സയൻസ്-104, ജോഗ്രഫി-17.(ലിസ്റ്റ് അപൂർണം).