വെള്ളയമ്പലം-ഇലങ്കം ലെയിനിൽ ഭീമന് ഗര്‍ത്തം
1459680
Tuesday, October 8, 2024 6:59 AM IST
പേരൂര്‍ക്കട: വെള്ളയമ്പലം-ഇലങ്കം ലെയിനില്‍ റോഡിലെ ഭീമന് ഗര്‍ത്തം അപകടക്കെണിയാകുന്നു. ഇ ന്നലെ കുഴിയില്‍ വീണത് അഞ്ച് ഇരുചക്ര വാഹനയാത്രികര്‍! ഇലങ്കം ലെയിനില്‍ നിന്ന് വെള്ളയമ്പലം മെയിന്‍ റോഡിലേക്കിറങ്ങുന്ന ഭാഗത്താണു ഭീമന് ഗര്‍ത്തം ഉള്ളത്. ഇന്നലെ രാവിലെ എ ട്ടിനും ഉച്ചയ്ക്ക് രണ്ടി നും ഇടയില്‍ മൂന്നു ബൈക്ക് യാത്രികരും രണ്ടു സ്കൂട്ടര്‍ യാത്രികരുമാണ് കുഴിയില്‍ വീണത്.
ടയര്‍ കുഴിയില്‍ പൂര്‍ണമായി പതിക്കാത്തതുകൊണ്ടാണ് വലിയ പരിക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടത്. ശാസ്തമംഗലം, മ്യൂസിയം നിവാസികളാണ് കുഴിയിൽ വീണത്. ശക്തമായ മഴയില്‍ ടാര്‍ ഇളകി അടിമണ്ണ് ഒലിച്ചുപോയതോടെയാണ് ഈ ഭാഗത്ത് ഗര്‍ത്തം രൂപപ്പെട്ടത്. അപകടമുണ്ടായതോടെ പ്രദേശവാസികള്‍ ചേര്‍ന്നു കുഴിയില്‍ വലിയൊരു കല്ല് ഇറക്കിയിട്ടിരിക്കുകയാണ്.
എന്നിട്ടും അപകടഭീഷണി മാറിയിട്ടില്ല. അധികൃതര്‍ അടിയന്തരമായി ഇടപെട്ടു കുഴിയടച്ചു ടാര്‍ ചെയ്തില്ലെങ്കില്‍ ഗര്‍ത്തം വലുതായി മാറുകയും നിരന്തരം അപകടമുണ്ടാകുകയും ചെയ്യും. പ്രദേശത്തെ റസിഡന്റ് സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്നം അധികൃതരെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണമെന്നതാണ് ആവശ്യം.