വെമ്പായം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി
1459081
Saturday, October 5, 2024 6:28 AM IST
വെമ്പായം : വെമ്പായം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെ പാസായി. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും വൈസ് പ്രസിഡന്റ് ജഗൻ നാഥനും എതിരെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മൂന്ന് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്തു. എന്നാൽ യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐയുടെ ഒരംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ 22 സീറ്റുകളാണ് വെമ്പായം പഞ്ചായത്തിലുള്ളത്.
എൽഡിഎഫ് ഒൻപത്, യുഡിഎഫ് എട്ട് വീതം അംഗങ്ങളാണുള്ളത്. ബിജെപിക്ക് മൂന്നും എസ്ഡിപിഐക്ക് ഒരുഅംഗവുമുണ്ട് . എസ്ഡിപിഐ പിന്തുണച്ചതോടെ കോൺഗ്രസിനും ഒൻപത് അംഗങ്ങൾ ആയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസിലെ ബീന ജയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
രണ്ടു മാസങ്ങൾക്ക് മുൻപ് പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം ഉണ്ടായിരുന്നു. പൊതുമരാമത്ത് വിഭാഗത്തിന്റേതായ ഫയലുകളെല്ലാം അന്ന് കത്തിനശിച്ചു.
പഞ്ചായത്തിലെ കുന്നുകൾ ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നതാണെന്ന് സിപിഎം ആരോപിച്ചിരുന്നു. പിന്നാലെ കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് ഇപ്പോൾ പാസായത്.