ഒൻപത് വർഷങ്ങൾക്ക് മുമ്പ് കോവളത്ത് മരിച്ച യുവാക്കളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകിയില്ല: കാരണം വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1454409
Thursday, September 19, 2024 6:27 AM IST
തിരുവനന്തപുരം: കോവളം കടൽത്തീരത്ത് 2015 ജൂലൈ 18 നുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുയുവാക്കളുടെ അവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ചുലക്ഷം രൂപ വീതമെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ 2017 ലെ ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. നഷ്ടപരിഹാരം എന്നു വിതരണം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം സമർപ്പിക്കണം.
അപകടത്തിൽ മരിച്ച അഖിൽ പി. വിജയന്റെ അമ്മ, മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിനിൽ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഷ്ടപരിഹാരം ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ റവന്യൂ സെക്രട്ടറി, ടൂറിസം സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർ എന്നിവരിൽനിന്നും തൽസ്ഥിതി റിപ്പോർട്ട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
നഷ്ടപരിഹാരം അനുവദിക്കേണ്ടത് റവന്യൂ സെക്രട്ടറിയാണെന്നു ടൂറിസം സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മരിച്ച യുവാക്കളുടെ പേരുവിവരങ്ങളും രക്ഷകർത്താക്കളുടെ വിവരങ്ങളും ജില്ലാ കളക്ടർ ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.