സിപിഎം കോവളം ഏരിയ കമ്മിറ്റി മന്ദിരത്തിനൊപ്പം 11 നിർധനർക്കും വീടുകൾ
1451625
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസായ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിനൊപ്പം 11 നിർധനർക്ക് വീടുകൾകൂടി നൽകും. ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനൊപ്പം 11 തലോടൽ ഭവനങ്ങളുടെ താക്കോൽ ദാനവും നടക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയും ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.
10ന് വൈകുന്നേരം അഞ്ചിനു വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നടക്കുന്ന ചടങ്ങിൽ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൂർത്തീകരിച്ച 11 തലോടൽ ഭവനങ്ങളുടെ താക്കോൽ ദാനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിർവഹിക്കും.
ഏരിയ കമ്മിറ്റിക്കു കീഴിൽ വരുന്ന 10 ലോക്കൽ കമ്മിറ്റികൾ നിർമിച്ച 10 വീടുകളും ഏരിയ കമ്മിറ്റി നിർമിച്ച ഒരു വീടുമാണ് കൈമാറുന്നത്. സുമനസുകൾ നൽകിയ സിമന്റും കട്ടയും അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു നിർമാണം. ടാർഷീറ്റു മുടിയ ഷെഡിൽ കിടുന്നുറങ്ങവേ പാന്പുകടിയേറ്റു മരിച്ച യുവതിയുടെ മകൾ, ഭർത്താവ് മരിച്ച സ്ത്രീയും രണ്ടു കുട്ടികളും കാൻസർ അടക്കമുള്ള രോഗബാധിതർ തുടങ്ങിയവർക്കാണ് വീടുകൾ നിർമിച്ചു നൽകുന്നതെന്നു വി. ജോയി എംഎൽഎ പറഞ്ഞു.
ഏരിയ കമ്മിറ്റി ഓഫീസിനൊപ്പം ഒരു മുറിയിൽ ജനസേവന കേന്ദ്രവും സിപിഎം തുടങ്ങും. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.