വൈസ് പ്രസിഡന്റിനെതിരേ പ്രതിഷേധം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് യോഗം തടസപ്പെട്ടു
1451106
Friday, September 6, 2024 6:42 AM IST
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധത്തെ തുടന്ന് മാറ്റിവച്ചു. വയോധികയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ ഉണ്ണികൃഷ്ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ ജനറൽ കമ്മിറ്റി യോഗം തടസപ്പെടുത്തി.
ഇതോടെയാണ് യോഗം മാറ്റിയത്. കഴിഞ്ഞമാസം 11ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച സത്യവൃതന്റെ വീട്ടിൽ ഡി.ശ്രീജ ഉണ്ണികൃഷ്ണൻ അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സംഭവത്തിൽ അക്രമത്തിനിരയായ വീട്ടമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 30ന് വൈസ് പ്രസിഡന്റിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനാൽ ചർച്ചചെയ്യാൻ സാധിച്ചില്ല.
ഇതോടെയാണ് കഴിഞ്ഞ ദിവസം നടന്ന യോഗം കോൺഗ്രസ് അംഗങ്ങൾ തടസപ്പെടുത്തിയത്.