കടയടപ്പ് സമരവും ഉപരോധവും സംഘടിപ്പിച്ചു
1442807
Wednesday, August 7, 2024 7:23 AM IST
ചിറയിൻകീഴ്: വ്യാപാരികളുടെ നേതൃത്വത്തിൽ ചിറയിൻകീഴിൽ കടയടപ്പ് സമരവും ഉപരോധവും സംഘടിപ്പിച്ചു. ചിറയിൻകീഴിന്റെ വ്യാപാര മേഖലയെ അധികാരികൾ തകർക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാല നിർമാണം പൂർത്തിയാകാത്തതിനാൽ പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണെന്ന് സമരക്കാർ ആരോപിച്ചു. ഇതോടെ പ്രദേശത്ത് വ്യാപാരമാന്ദ്യം രൂക്ഷമാണെന്നും പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നും ആരോപിക്കുന്നു. രാഷ്ട്രീയമായ പകപോക്കലും പരസ്പര പഴിചാരലും അവസാനിപ്പിച്ച്, മേൽപ്പാലത്തിന്റെ പണി എത്രയും വേഗം പൂർത്തീകരിയ്ക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോഷി ബസു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അനിൽ ചാമ്പ്യൻസ് അധ്യക്ഷത വഹിച്ചു. നൗഷാദ് ലാൽ, വിഷ്ണു ഭക്തൻ, വെള്ളറട രാജേന്ദ്രൻ, ഷിറാസ് ഖാൻ, ഡോ.സീരപാണി, മുഹമ്മദ് റാഫി കല്ലമ്പലം, അനിൽ ആറ്റിങ്ങൽ, ജി.ചന്ദ്രബാബു, പുഷ്പരാജൻ, സുലൈമാൻ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.