നാടെങ്ങും വായനാദിനാചരണം സംഘടിപ്പിച്ചു
1430429
Thursday, June 20, 2024 6:32 AM IST
ആറ്റിങ്ങൽ: സംസ്ഥാനലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. സംസ്ഥാനതല വായന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവദേവിനും സ്കൂളിനുമുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു.
കൺസിൽ ജില്ലാ പ്രസിഡന്റ് ബി.പി മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പേരേയം ശശി , മുന്നിസിപ്പൽ ചെയർപേഴ്സൺ എസ്.കുമാരി, സ്കൂൾ ഹെഡ് മാസ്റ്റർ കെ .അനിൽകമാർ, താലൂക്ക് സെക്രട്ടറി കെ .രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം എം .മുരളീധരൻ , താലുക്ക് പ്രസിഡന്റ് എസ്.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വെഞ്ഞാറമൂട് : ഗവ. യുപിഎസ് ആലന്തറയിൽ വർഷം മുഴുവൻ നീളുന്ന വായന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്കാര ജേതാവായ അമൽ പിരപ്പൻകോട് കുട്ടികളോട് സംവദിച്ചു കൊണ്ട് വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക ആർ.എസ്.പുഷ്പകുമാരി , എസ്എംസി ചെയർമാൻ പി.എസ്.ഷിബു, സീനിയർ അസിസ്റ്റന്റ് കെ.പി.വിജയശ്രീ , അധ്യാപകനും കവിയുമായ കുന്നുമംഗലം കൃഷ്ണകുമാർ, സിആർസി കോർഡിനേറ്റർ ഷിബിന എന്നിവർ പങ്കെടുത്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സർഗം ക്രീയേറ്റീവ് ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനാരംഭവും നടന്നു.
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര സ്കൂളില്‍ വായന വാരാഘോഷം പ്രിന്‍സിപ്പല്‍ എസ്.പുഷ്പവല്ലി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളില്‍ എല്‍കെജി മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ പങ്കെടുക്കും.
അക്ഷരം അറിവ് ആനന്ദം എന്ന വിഷയത്തിന് പ്രാധാന്യം നല്‍കിയാണ് വായനാവാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. കവിതാലാപനം, പ്രശ്നോത്തരി കയ്യെഴുത്ത് മത്സരം, അക്ഷരസ്ഫുടത പരിശോധന, പുസ്തക അവലോകനം തുടങ്ങിയ പരിപാടികള്‍ നടക്കും. വായന വാരാഹോഷ പരിപാടികള്‍ക്ക് സ്കൂളിലെ ഭാഷാ വിഭാഗം നേതൃത്വങ്ങള്‍ക്കും.
വെള്ളറട: ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ വായനാ വാരാഘോഷ പരിപാടികള്‍ കവിയും നാടന്‍ പാട്ടുകലാകാരനും അധ്യാപകനുമായ സലീംകുളപ്പട ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എസ്.ശ്രീകുമാരി അമ്മ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച അധ്യാപികയായ എസ്.എസ്.ശ്രീലത, സകൂള്‍ ലൈബ്രറിക്കായി നല്കിയ പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര് എം.എസ്.ആദര്‍ശ് കുമാര്‍ ഏറ്റുവാങ്ങി. എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ ലൈബ്രറിക്ക് ഒരു പുസ്തകം എന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.
പിടിഎ പ്രസിഡന്റ് ഷാജു ജേക്കബ്, എസ്.എസ്.അഖിനേത്, വട്ടപ്പാറ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളറട: വായനാദിനത്തോടനുബന്ധിച്ച് ഉണ്ടന്‍കോഡ് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എല്ലാ ക്ലാസിലും ദീപിക ദിനപത്രം നല്‍കിക്കൊണ്ട് വായനക്കളരി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍, കവിയും ചെറുകഥാകൃത്തുമായ ഉദയന്‍ കോണ്ടാട്, പ്രിന്‍സിപ്പല്‍ റോയി, ഹെഡ്മാസ്റ്റര് ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുമങ്ങാട്: അമൃത കൈരളി വിദ്യാഭവനിൽ വായനാ ദിനം ആചരിച്ചു. രാഹുൽ ഈശ്വർ ഉദ്ഘാടന കർമം നിർവഹിച്ചു. പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, മഹാന്മാരുടെ ജീവചരിത്രങ്ങൾ വായിക്കാനും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
സ്കൂൾ മാനേജർ ജി. എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു എന്നിവർ സംബന്ധിച്ചു. വായന ദിനത്തോട് അനുബന്ധിച്ച കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ഊരൂട്ടമ്പലം: വായനദിനം ആഘോഷമാക്കി ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക ഗവ. യുപി സ്കൂൾ. വായനദിന വേദിയില്‍ ജഗദീഷ് കോവളം രചിച്ച ബാലനോവൽ അക്കുത്തിക്കുത്താന വരമ്പത്ത് എന്ന പുസ്തകം വിദ്യാര്‍ഥികളായ റിത്യ എസ്.പ്രമോദ്, അവനിജ , ആരാധ്യ വി .നായര്‍ , അയോണ ജൂവല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
നോവലിന്റെ ആദ്യഭാഗ ഇതിവൃത്തം ഊരൂട്ടമ്പലം അയ്യന്‍കാളി പഞ്ചമി സ്മാരക സ്കൂളിന്റെ ചരിത്രമായതിനാലാണ് രചയിതാവ് പുസ്തക പ്രകാശനത്തിനായി വിദ്യാലയം തിരഞ്ഞെടുത്തത്.
ലിപികളില്ലാത്ത പണിയഭാഷ ഉൾപ്പെടുത്തിയ മലയാളത്തിലെ ആദ്യ ബാലനോവൽ കൂടിയാണ് അക്കുത്തിക്കുത്താന വരമ്പത്ത്. എസ്എംസി ചെയര്മാന് ജി .ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വായനമാസാചരണ സമ്മേളനം എസ്കെ പൊറ്റെക്കാട്ട് നോവല്‍ പുരസ്കാര ജേതാവ് ബി .എന്‍.റോയി ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജഗദീഷ് കോവളം മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ബ്രൂസ് , എംപിടിഎ ചെയര്പേഴ്സന് ഷീബ , ചിത്രകാരന്മാരായ ജിജോ സോമന്, അരവിന്ദ്സൂരി തുടങ്ങിയവർ പ്രസംഗിച്ചു.
കൗതുകമായി പുസ്തകത്തൊട്ടിൽ
തിരുവനന്തപുരം: വായനാദിനത്തിൽ കുരുന്നുകൾക്ക് കൗതുകമായി പുസ്തകത്തൊട്ടിൽ. അതിൽ കുട്ടികളുടെ ദീപികയും മറ്റു ബാല പ്രസിദ്ധീകരണങ്ങളും കഥപുസ്തകങ്ങളും. മറ്റൊരു ഭാഗത്ത് പ്രധാന ദിനപത്രങ്ങൾ.
പിന്നെ ബലൂണും വർണചിത്രങ്ങളും. കുരുന്നുകൾ അധ്യാപകരുടെ കൈ പിടിച്ച് ഓരോ കഥപുസ്തകങ്ങളുടെയും താളുകൾ മറിച്ചു നോക്കി പുഞ്ചിരിതൂകി. ചില കുട്ടികളാകട്ടെ, പുസ്തകത്തൊട്ടിൽ നോക്കി അതിലൊന്ന് ഇരിക്കാനും ശ്രമിച്ചു.
വായനാദിനാചരണം പ്രമാണിച്ച് പ്രേം നസീർ സുഹൃത്സമിതി പാച്ചല്ലൂർ ഗവണ്മെന്റ് എൽപിസ്ക്കൂളിനായി സമർപ്പിച്ച പുസ്തകത്തൊട്ടിൽ ഉത്ഘാടന ചടങ്ങിലായിരുന്നു ഈ കൗതുകകരമായ കാഴ്ചകൾ. വിദ്യാർഥികളിൽ വായനാശീലം വർധിപ്പിക്കാൻ പ്രേംനസീറിന്റെ 98-ാം ജൻമദിനം പ്രമാണിച്ച് കേരളത്തിലെ 98 സ്ക്കൂളുകളിൽ പുസ്തകത്തൊട്ടിൽ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉത്ഘാടനമാണ് വായനാദിനത്തിൽ ഇവിടെ സംഘടിപ്പിച്ചത്.
മഹാകവി കുമാരനാശാനെക്കുറിച്ച് സബീർ തിരുമല എഴുതിയ യുഗപ്രഭാവൻ ഓർമയുടെ ഓളങ്ങളിൽ എന്ന ചെറുപുസ്തകം ഒരു വിദ്യാർഥിക്ക് നൽകി കൗണ്‍സിലർ പനത്തുറ ബൈജു പുസ്തകത്തൊട്ടിൽ ഉൽഘാടനം ചെയ്തു. ഡോ. വാഴമുട്ടം ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശോഭ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, പിടിഎ പ്രസിഡണ്ട് ദൗലത്ത് ഷാ, സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ഷാരോണ്‍ സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.
ചിറയിൻകീഴ് : ശാർക്കര ഹൈസ്കൂളിലെ 1985 ൽ പഠിച്ചിറങ്ങിയ വിദ്യാഥി കൂട്ടായ്മ ചിത്തിരത്തോണി 85 സംഘത്തിന്റെ നേതൃത്വത്തിൽ മെരിറ്റ് ഈവെനിംഗും പുതിയ ആസ്ഥാന ഓഫീസും ലൈബ്രറിയും വായനശാലയും മുൻ ഡെപ്പൂട്ടി സ്പീക്കർ വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുതിയതലമുറയ്ക്ക് വേണ്ടി വായനശീലം ഉയർത്തുന്നതിന് ഒരു ഗ്രന്ഥശാലയ്ക്ക് രൂപം നൽകിയ ചിത്തിരത്തോണി മറ്റുള്ളവർക്ക് ഒരു മാത്യക പ്രസ്ഥാനമാണെന്ന് വി.ശശി എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.