നിയന്ത്രണം വിട്ട ടിപ്പർലോറി വർക്ക്ഷോപ്പിലേക്ക് ഇടിച്ചു കയറി
1430428
Thursday, June 20, 2024 6:32 AM IST
നെടുമങ്ങാട് : ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി വർക്ക്ഷോപ്പിലേയ്ക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർ പാറശാല സ്വദേശി രതീഷ്(40)ന് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഭാഗത്തുനിന്നും കുറ്റിച്ചൽ ശംഭുതാങ്ങിയിലെ പാറക്വാറിയിൽ നിന്നും പാറയെടുക്കാനായി അമിത വേഗതയിലെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകർത്താണ് സമീപത്തെ സ്കൂട്ടർ വർക്ക്ഷോപ്പിലേയ്ക്ക് ലോറി പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറി എതിർ ദിശയിലേക്ക് മാറി. വൈദ്യുതി കമ്പി പൊട്ടിവീഴാത്തത് വൻ ദുരന്തം ഒഴിവാക്കി.
പുലർച്ചെ വലിയ ശബ്ദം കേട്ട പ്രദേശവാസികളാണ് ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിലാക്കിയത്. ഡ്രൈവറുടെ കഴുത്തിനും ചെവിയ്ക്കും പരിക്കേറ്റിട്ടുണ്ട് .ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണെന്നും സംശയമുണ്ട്. അപകടത്തിൽ വർക്ക്ഷോപ്പിന്റെ ഷട്ടറും തകർന്നിട്ടുണ്ട്.