ഒരു പുസ്തകമെടുക്കട്ടെ, ചായയ്ക്കൊപ്പം
1430417
Thursday, June 20, 2024 6:22 AM IST
തിരുവനന്തപുരം: പുസ്തക വായനയ്ക്കും ചര്‍ച്ചകള്‍ക്കുമൊപ്പം ഇനി ചൂട് ചായയും. പുസ്തക പ്രേമികള്‍ക്ക് ഒത്തുകൂടാന്‍ ഒരിടമായി കഫേ ബുക്ക്മാര്‍ക്ക്. പുസ്തക വില്‍പ്പന മാറുന്ന കാലത്തോടൊപ്പം എന്ന കാഴ്ചപ്പാടോടെ കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക് അയന്ങ്കാളി ഹാളിനു സമീപത്ത് കഫേ ബുക്ക്മാര്ക്കിനു തുടക്കം കുറിച്ചു.
സന്ദര്‍ശകര്‍ക്ക് പുസ്തകം വായിച്ചിരിക്കാനും ചര്‍ച്ചകള്‍ നടത്തുവാനും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വാങ്ങാനുമുള്ള അവസരമാണ് കഫേ ബുക്ക്മാര്ക്കിലൂടെ ഒരുക്കുന്നത്. അലമാരയില്‍ മനോഹരമായി നിരത്തി വച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്കൊപ്പം വിശാലമായ ഇരിപ്പിടങ്ങളും കഫേയില്‍ ഒരുക്കിയിട്ടുണ്ട്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ നിലവില്‍ കഫേ ബുക്ക്മാര്ക്കിലുണ്ട്.
പൊതു അവധി ദിനങ്ങളില്‍ ഓഴികെ മറ്റെല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ ബുക്ക്മാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കും. പ്രായഭേതമന്യേ ആര്‍ക്കും കടന്നു വരാം എത്ര നേരം വേണമെങ്കിലും പുസ്തകം വായിച്ചിരിക്കാം. ചര്‍ച്ചകള്‍ നടത്താം. ഏറ്റവും പുതിയ പുസ്തകങ്ങളുടെ ഡിസ്പ്ലേക്ക് പ്രത്യേക സംവിധാനവും എല്ലാ ആനുകാലികങ്ങളുടെ വിപുലമായ ശേഖരവും ഉണ്ടാകും.
കഫേ ബുക്ക്മാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം മൂന്നിന് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. പ്രഫ. ടി.വി. ഈച്ചരവാരിയരുടെ ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ വായനയ്ക്കൊപ്പം ചൂട് ചായയും കുടിച്ചായിരുന്നു ഉദ്ഘാടനം.
ആദ്യ വില്‍പ്പന മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, പ്രഫ. ജിജു പി. അലക്സ്, മുകേഷ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.