പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
1430240
Wednesday, June 19, 2024 10:35 PM IST
വെള്ളറട: പട്ടാപ്പകല്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അമ്പൂരി മായം നിരോലിക്കല് വീട്ടില്‍ രാജിമോളാ(39)ണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനു എന്നു വിളിക്കുന്ന മനോജി (51)നെ നെയ്യാര്‍ഡാം പോലീസ് അറസ്റ്റു ചെയ്തു.
2004 ല്‍ വിവാഹിതരായ ഇവര്‍ രണ്ടു വര്‍ഷമായി അകന്നു കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ രാജിമോൾ മനോജിന്റെ വീടിനരികിലൂടെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.
പിന്നാലെയെത്തിയ മനോജ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നെയ്യാര്‍ മെഡിസിറ്റിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രണയ വിവാഹിതരായിരുന്ന ഇവര്‍ വേർപ്പിരിയുന്നതുസംബന്ധിച്ചുണ്ടായ തര്‍ക്കമാവാം കൊലയ്ക്കു കാരണമായതെന്നു കരുതുന്നു.
മൃതദ്ദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. നഴ്സിംഗ് വിദ്യാര്‍ഥിനിയായ ആഷ്മി ,എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആഷിക് എന്നിവര്‍ മക്കളാണ് . കുര്യാക്കോസ്- മേരിക്കുട്ടി ദമ്പതികളുടെ മകളാണ് രാജിമോള്‍.