അന്നപൂർണേശ്വരി... വിശന്നു വലയുന്ന തെരുവിലെ അനാഥർക്ക് അന്നം നൽകുന്ന വീട്ടമ്മ
1429969
Monday, June 17, 2024 6:24 AM IST
പേരൂര്‍ക്കട: വിശപ്പെരിയുന്ന വയറുകള്‍ക്ക് അന്നമൂട്ടി ഒരു വീട്ടമ്മ. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ബംഗ്ലാവുവിള ബിആര്‍എ ഉഷ ഭവനില്‍ എസ്. ഉഷയാണ് പുണ്യപ്രവര്ത്തനവുമായി മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഉഷയുടെ സാന്നിദ്ധ്യം തമ്പാനൂര്‍, ശ്രീവരാഹം, സ്റ്റാച്യു തുടങ്ങിയ ഭാഗങ്ങളിലുണ്ട്. ഭര്‍ത്താവു മരണപ്പെട്ട ഇവര്‍ ബംഗ്ലാവുവിളയിലാണ് താമസിക്കുന്നത്. മൂന്നുമക്കളാണ് ഇവര്‍ക്കുള്ളത്. വീട്ടുജോലി ചെയ്തു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് ഇവര്‍ അന്നമൂട്ടാന്‍ നീക്കിവയ്ക്കുന്നത്.
എന്നാല്‍ ഇതുവരെ ആരെയും അറിയിക്കാന്‍ ഇവര്‍ ആഗ്രഹിച്ചിട്ടുമില്ല. പ്രഭാതങ്ങളില്‍ ഇടിയപ്പം അല്ലെങ്കില്‍ പുട്ട് അതുമല്ലെങ്കില്‍ ദോശയും കറിയുമൊക്കെയാണ് ഹോട്ടലുകളില്‍നിന്ന് സ്വന്തം കാശുമുടക്കി വാങ്ങി വഴിയോരങ്ങളില്‍ അലയുന്നവര്‍ക്കായി നല്‍കുന്നത്. സ്വന്തം സ്കൂട്ടറില്‍ സഞ്ചരിക്കുന്ന വേളയില്‍ ആഹാരമില്ലാതെ വിഷമിച്ചിരിക്കുന്നവരെ കണ്ടെത്തിയശേഷമാണ് ഇവര്‍ക്ക് ആ ഹാരം കൊണ്ടുനല്‍കുന്നത്.
ഉഷയുടെ ഈ സല്പ്രവൃത്തിക്ക് നിരവധി പേര് പിന്തുണയുമായി ഉണ്ട്. വിശപ്പിന്റെ വില താന്‍ മനസിലാക്കുന്നുവെന്നും അതുകൊണ്ട് തനിക്കു കഴിയുന്ന കാലം വരെ പാവങ്ങളെ അന്നമൂട്ടുമെന്നുമാണ് ഉഷ പറയുന്നത്.