വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ മുളക് പൊടി വിതറി വീട്ടമ്മയുടെ മാലമോഷ്ടിച്ചു
1429968
Monday, June 17, 2024 6:24 AM IST
വെള്ളറട: വെള്ളം ചോദിച്ച് വീട്ടിലെത്തിയയാൾ മുളക് പൊടി വിതറി വീട്ടമ്മയുടെ മാലമോഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് കുന്നത്തുകാലിലാണ് സംഭവം. ചാവടി നെല്ലന്നൂര്ക്കോണം തട്ടാന്വിളാകത്ത് വീട്ടമ്മയായ ഡാലി ക്രിസ്റ്റഫറിന്റെ (65) രണ്ടരപവന്റെ മാലയാണ് അപരിചിതയായ സ്ത്രീ പൊട്ടിച്ചെടുത്തത്.
വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഡാലിക്രിസ്റ്റഫറെ പരിചയപ്പെട്ട ശേഷം വെള്ളം ആവശ്യപ്പെടുകയും തുടർന്ന് മോഷ്ടാവ് കയ്യില്‍ കരുതിയ മുളക് പൊടി വീട്ടമ്മയുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
സാലി നിലവിളിച്ചതോടെ സ്ത്രീ ഓടി രക്ഷപെട്ടു. വീട് ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ അയല്‍ വീട്ടുകാരാരും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസവും മോഷ്ടാവ് ഇതുവഴി എത്തിയിരുന്നതായി സാലി വെള്ളറട പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പരിശോധന നടത്തുന്നുണ്ട്.