സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മർദിച്ചതായി പരാതി
1429965
Monday, June 17, 2024 6:24 AM IST
കാട്ടാക്കട : സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. നിരവധി തവണ പ്രതി ഉപദ്രവിക്കാറുണ്ടെന്നും പെൺകുട്ടി മാറനല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത ഇവർ കുറെനാളായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.
യുവാവ് പോലീസിനെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി ക്രമക്കേസിലെ പ്രതിയാണ്. മാറനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളത്ത് ബിഎസ്ഇ വിദ്യാർഥിയായ യുവതിയാണ് യുവാവുമായി പ്രണയത്തിലായി ഒരുമിച്ച് താമസിക്കാൻ മാറനല്ലൂരിൽ എത്തിയത്.
കണ്ടലഹരിജൻ കോളനിയിൽ താമസക്കാരനായ അക്ഷയലാലാണ് പെൺകുട്ടിയോടൊപ്പം താമസിച്ചിരുന്നത്. ഒരു വർഷമായി ശാരീരികമായി കടുത്ത പീഡനമാണ് യുവതി നേരിട്ടതെന്നും പരാതിയിൽ പറയുന്നു.
ചവിട്ടേറ്റ് യുവതിയുടെ ഗർഭം അലസിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടാണ് പീഡനമെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.