കാർ നിയന്ത്രണംവിട്ട് അപകടം : അഞ്ചുപേർക്ക് പരിക്ക്
1429686
Sunday, June 16, 2024 6:58 AM IST
നെടുമങ്ങാട്: വെള്ളനാട്-നെടുമങ്ങാട് റോഡിൽ കുളക്കോട് മേലാംകോടിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് യാത്രികർക്ക് പരുക്ക്.
കാറിൽ ഉണ്ടായിരുന്ന മുണ്ടേല ദീപു ഭവനത്തിൽ ദീപു (35), ഭാര്യ ജ്യോതി, ദീപുവിന്റെ മാതാവ് ലത, രണ്ട് കുട്ടികൾ എന്നിവരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി എട്ടോടെയാണ് അപകടം. കാർ താഴ്ചയിലേക്ക് പതിക്കുകയും മരത്തിൽ ഇടിച്ചു കുടുങ്ങുകയും ചെയ്തു. വാഹനം ഇടിച്ച് ഒടിഞ്ഞ മരത്തിന്റെ ശിഖരം സമീപത്തെ വൈദ്യുത ലൈനിലേക്ക് വീണു.
വെള്ളനാട്ട് നിന്ന് മുണ്ടേലയിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായി തകർന്നു.
കാറിന്റെ പിൻവശത്തെ ചില്ല് തകർത്താണ് യാത്രികരെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.