സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ സമരവുമായി അധ്യാപകർ
1429672
Sunday, June 16, 2024 6:42 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായ അക്കാദമിക് കലണ്ടർ കുട്ടികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണെന്നാരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയോഷൻ(കെപിഎസ്ടിഎ) സെക്രട്ടേറിയറ്റ് സമരം നടത്തി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം സംഘടനയുടെ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാഭ്യസ കലണ്ടർ പ്രകാരം കുട്ടികൾക്ക് ആവശ്യത്തിന് വിശ്രമം കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കുട്ടികളുടെ മറ്റു പ്രവർത്തനങ്ങൾക്കു തടസമാകും. അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ തന്നെ പുതിയ വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലേയും വിദ്യാഭ്യാസ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. സെക്രട്ടറി ക്രിസ്തുദാസ്, ഡോ. സനിൽകുമാർ, ജിനിൽ ജോസ്, സിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.