ആദിവാസി സെറ്റിൽമെന്റ് പ്രദേശത്ത് മാലിന്യ നിക്ഷേപം: പ്രതിഷേധവുമായി നാട്ടുകാർ
1424846
Saturday, May 25, 2024 6:55 AM IST
നെടുമങ്ങാട്: ആദിവാസി സെറ്റിൽമെന്റ് പ്രദേശത്ത് ബിവറേജ് ഔട്ട്ലറ്റിന്റെ മാലിന്യം തള്ളിയതായി പരാതി. ചെട്ടിയാംപാറ ട്രൈബൽ സ്കൂളിന് മുന്നിലും സമീപ വീടുകളുടെ മുന്നിലും ടൺ കണക്കിന് മാലിന്യം നിക്ഷേപിച്ചതായാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴ സമയത്താണ് പ്രദേശത്ത് മാലിന്യ നിക്ഷേപം നടന്നത് എന്ന് നാട്ടുകാർ പറയുന്നത്. ഒരു കിലോമീറ്ററോളം ദൂരത്താണ് ചാക്കുകളിലും അല്ലാതെയും മാലിന്യം കിടക്കുന്നത്. നഗരത്തിലെ ബീവറേജ് ബില്ലുകളും മദ്യ കുപ്പികളും കെട്ടിട അവശിഷ്ടങ്ങളും ആണ് ഇവയിൽ ഉള്ളത്.
ആദിവാസി മേഖലയായ ഇവിടെ 50തോളം വീടുകളും 100 ഓളം കുഞ്ഞുങ്ങൾ പഠിക്കുന്ന ട്രൈബൽ സ്കൂളും ക്ഷേത്രവും ആണ് ഉള്ളത്.
ആര്യനാട് പോലീസും പഞ്ചായത്ത് ആരോഗ്യ വകുപ്പും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു മടങ്ങി. എന്നാൽ മാലിന്യം നീക്കാനുള്ള നടപടി ഒന്നും ആരും സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
സ്കൂൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എത്രയും വേഗം മാലിന്യം നീക്കം ചെയ്തില്ലങ്കിൽ സ്കൂളിൽ എത്തുന്ന കുഞ്ഞുങ്ങൾക്കും - രക്ഷിതാക്കൾക്കും ദുരിതമാകുമെന്നും നാട്ടുകാർ പരാതിയായി പറയുന്നു.