റഷ്യയിലെ ലോക യുവജനോത്സവം: തലസ്ഥാനത്തുനിന്നു പത്തു പേർ
1396339
Thursday, February 29, 2024 5:36 AM IST
തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ ഏഴു വരെ റഷ്യയിലെ സോച്ചിയിൽ നടക്കുന്ന ലോക യുവജനോത്സവത്തിൽ തിരുവനന്തപുരം റഷ്യൻ ഹൗസിലെ അംഗങ്ങളായ പത്തുപേർ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിലും റഷ്യയിൽ നിന്നുമുള്ളവരാണ് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. കല, സാംസ്കാരികം, വിദ്യാഭ്യാസം, സ്പോർട്സ് മേഖലകളിൽ യുവജനങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കാനുള്ള വേദിയാണ് യൂത്ത് ഫെസ്റ്റിവൽ. തിരുവനന്തപുരത്തു നിന്നുള്ളവരെല്ലാം റഷ്യൻ ഹൗസിൽ പ്രവർത്തിക്കുന്ന ഇന്തോ-റഷ്യൻ യൂത്ത് ക്ലബ് അംഗങ്ങളാണ്.
പ്രസിഡന്റ് ആർ. ഹരിനാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നിന്ന് ഇന്നു പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികൾ പ്രത്യേക വിമാനത്തിലാണ് സോച്ചിയിലേക്കു പോകുന്നത്. സംഘങ്ങളിൽ കൂടുതൽ പേരും കേരള യൂണിവേഴ്സിറ്റിയിലെ ചരിത്ര വിദ്യാർഥികളാണ്. കേന്ദ്ര സർവകലാശാലയിലെ കാപ്പിറ്റൽ സെന്ററിലെ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയും റഷ്യൻ ഭാഷ അധ്യാപിക ഡോ. ഹൃഷിക കത്യായൻ, ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച സ്പോർട്്സ് താരങ്ങൾ എന്നിവരും സംഘത്തിലുണ്ട്.
സംഘാംഗങ്ങൾക്ക് റഷ്യൻ ഹൗസിൽ യാത്രയയപ്പു നൽകി. റഷ്യൻ ആറ്റമിക് കോർപറേഷൻ പ്രതിനിധി അലീന സബലോവ, റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർ, ഡപ്യൂട്ടി ഡയറക്ടർ കവിത നായർ എന്നിവർ പങ്കെടുത്തു.