വെഞ്ഞാറമൂട് : സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി വെഞ്ഞാറമൂട് ആലന്തറ എൽപി സ്കൂളിൽ പൂർത്തിയാക്കിയ വർണ്ണ കൂടാരം മാതൃക പ്രീപ്രൈമറി ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അനുഭവമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളാണ് സ്റ്റാർസ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും വിദ്യാർഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിയെടുക്കാൻ പദ്ധതി സഹായകരമാകുമെന്നും എംഎൽഎ പറഞ്ഞു.
നാല് ക്ലാസ് മുറികളും സ്കൂളിന്റെ പരിസരവും കിണറുകളും കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ശിശു സൗഹൃദമാണ്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, സെൻസറി ഇടം (പഞ്ചേന്ദ്രിയ ഇടം ) കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർഥികളുടെ സമഗ്രഭൗതിക വളർച്ചയ്ക്കായി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ മുൻവശത്തായുള്ള ആകർഷകമായ കമാനവും കളിയിടവും അതിനോട് ചേർന്ന ചെറിയ കൃത്രിമ വെള്ളച്ചാട്ടവും കുട്ടികൾക്ക് ഒരേപോലെ വിനോദവും വിജ്ഞാനവും നൽകുന്നവയാണ്. 10 ലക്ഷം രൂപയാണ് വർണ്ണക്കൂടാരം പദ്ധതിയ്ക്കായി അനുവദിച്ചത്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, പ്രഥമാധ്യാപിക ആർ.എസ്.പുഷ്പ കുമാരി ,എസ്എസ്കെ ജില്ലാ കോ-ഒാർഡിനേറ്റർ എസ്. ജവാദ് എന്നിവർ പങ്കെടുത്തു.