സ്ത്രീത്വത്തെ അപമാനിച്ചു; എൽഐസി അസിസ്റ്റന്റ് മാനേജർക്ക് എതിരെ കേസ്
1262847
Saturday, January 28, 2023 11:53 PM IST
നെടുമങ്ങാട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ എൽഐസി നെടുമങ്ങാട് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ സാജു ജോസി (58) ന് എതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തു. ദേഹത്ത് സ്പർശിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന് കാട്ടി സഹപ്രവർത്തക എൽഐസിയുടെ പരാതി സെല്ലിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. 342, 354, 354(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ 21ന് രാത്രി 730നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജീവനക്കാരിക്ക് പുനെയ്ക്ക് പോകുന്നതിനു വേണ്ടി സാജു ജോസിന്റെ ഔദ്യോഗിക വാഹനത്തിൽ കയറി പോകുമ്പോൾ കാറിൽവച്ച് ദേഹത്ത് സ്പർശിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സാജു ജോസ് ഇപ്പോൾ ഒളിവിലാണ്.