ഭിന്നശേഷി ദിനാചരണം ഉണർവ് 2022 നാളെ
1244904
Thursday, December 1, 2022 11:23 PM IST
തിരുവനന്തപുരം: ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉണർവ് 2022 എന്ന പേരിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നാളെ നടത്തും. ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ദിനാഘോഷ പരിപാടികൾ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരുടെ കലാ, കായിക മത്സരങ്ങൾ, ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികളുടെ കരകൗശല വസ്തുക്കളുടെ പ്രദർശന വിൽപന, ഭിന്നശേഷി മേഖലയിൽ സംഭാവന നൽകിയ വ്യക്തികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
രാവിലെ ഒന്പതിനു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിക്കും. രാവിലെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പതാക ഉയർത്തുന്നതോടെയാണ് ദിനാഘോഷ പരിപാടികൾ ആരംഭിക്കുന്നത്. വൈകുന്നേരം 4.30 നു നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം അധ്യക്ഷത വഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, ലീഗൽ സർവീസ് അഥോറിറ്റി ജില്ലാ സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ എന്നിവർ മുഖ്യാതിഥികളാകും.