വിതുര: ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിന്റെ ചുമരുകളിലാകെ ഇതിഹാസ നായകന്മാരുടെ ചിത്രങ്ങളാണ്. ചുവരുകളിലും തൂണുകളിലും പുരാണേതിഹാസങ്ങളിലെയും ചരിത്രത്താളുകളിലെയും കഥാപ്രാത്രങ്ങളെയും ധീരപുരുഷന്മാരെയും കോറിയിട്ട് വിദ്യാർഥികളാണ് കലാവൈഭവം പ്രകടമാക്കുന്നത്.
കലാപഠനത്തിന്റെ ഭാഗമായി സ്കൂളിലെ 9,10,11 ക്ലാസുകളിലെ വിദ്യാർഥികളാണ് സാമൂഹ്യ ജീവിതത്തിന്റെ വൈവിധ്യമാർന്ന നിമിഷങ്ങൾക്ക് വരകളിലൂടെയും വർണങ്ങളിലൂടെയും ജീവൻ പകർന്നത്. പഠനത്തിന്റെയും പരീക്ഷകളുടെയും ഇടവേളകളിൽ രണ്ടു മാസത്തോളം സമയമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ 'കലംകാരി ' രചനാ ശൈലിയിൽ ശ്രീകൃഷ്ണൻ, മയിൽ, മുഗൾ പാരമ്പര്യത്തിലെ ചക്രവർത്തിമാർ, ഹിമാചൽ പ്രദേശിലെ 'പഹാരി ' ശൈലിയിലുള്ള സ്ത്രീരൂപങ്ങൾ, മധ്യപ്രദേശിലെ 'ഗോണ്ട് ' ലൈശിയിലുള്ള മരങ്ങൾ, ബിഹാറിലെ 'മധുബാനി 'ശൈലിയിലുള്ള സ്ത്രീ രൂപങ്ങൾ എന്നിവ ചുമരുകളിൽ ഇടം നേടി.
ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കപ്പെടുന്ന മഹാരാഷ്ട്രയിലെ 'വാർളി ' ശൈലിയിലുള്ള ഇരുണ്ട തവിട്ടുനിറത്തിൽ വെള്ള രൂപങ്ങൾ, രാജസ്ഥാനിലെ 'ഫാട്, ' മഹാരാഷ്ട, ആന്ധ്ര ഭാഗങ്ങളിലെ 'ചിത്രകത്തി' ശൈലിയിലുള്ള ചിത്രങ്ങളും ചുവരിൽ കാണാം. വിദ്യാലയത്തിലെ ചുമരുകളും തൂണുകളും അലങ്കരിക്കുന്നതിന്റെ ഭാഗമായി വരച്ച ചിത്രങ്ങളിൽ മഹാരാജാക്കന്മാർ, പുരാണ കഥപാത്രങ്ങൾ, നാടോടി സ്ത്രീകൾ, മരങ്ങൾ, പൂക്കൾ, പക്ഷികൾ തുടങ്ങി പ്രകൃതി ജീവിതത്തിന്റെ വിഭിന്ന പ്രകാരങ്ങൾ സ്പന്ദിക്കുന്നു.
ഓരോ ദേശത്തിന്റെയും നിറ സങ്കല്പങ്ങൾ, രൂപവിന്യാസത്തിന്റെ പ്രത്യേകതകൾ, കോമ്പോസിഷൻ ബാലൻസ് ചെയ്യുന്ന രീതി തുടങ്ങിയവയെക്കുറിച്ച് ധാരണ നേടാൻ ഇതിലൂടെ വിദ്യാർഥികൾക്ക് കഴിയും. വലിയ ഭിത്തിയിൽ ചിത്രം വരക്കുമ്പോൾ സ്പെയ്സ്, ബ്രഷ് എന്നിവ ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച അവബോധം ആർജിക്കുന്നതിനും വിഭിന്ന ദേശങ്ങളിലെ ദൃശ്യ സംസ്കാരത്തെക്കുറിച്ച് മനസിലാക്കുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു.
ചിത്രകലാധ്യാപകൻ എ. ആർ. വിനോദിന്റെ മേൽനോട്ടത്തിൽ എമൽഷൻ മാധ്യമത്തിലാണ് വിദ്യാർഥികൾ ചിത്ര രചന നടത്തിയത്.
പ്രിൻസിപ്പൽ കെ. എസ്. പ്രകാശിന്റെ പിന്തുണയാണ് പദ്ധതിയുടെ വിജയത്തിന് അടിസ്ഥാനം.