1483 മുതല്‍ 1485 വരെ ഇംഗ്ലണ്ട് ഭരിച്ച രാജാവായിരുന്നു റിച്ചാര്‍ഡ് മൂന്നാമന്. അദ്ദേഹത്തിന്റെ പിതാവ് യുദ്ധത്തില്‍ മൃതിയടഞ്ഞപ്പോള്‍ മൂത്ത സഹോദരനായ എഡ്വേര്‍ഡാണ് രാജാവായത്. എഡ്വേര്‍ഡ് നാലാമന് എന്നറിയപ്പെട്ട അദ്ദേഹം റിച്ചാര്‍ഡിനെ ഒന്‍പതാം വയസില്‍ ഗ്ളസ്റ്ററിലെ ഡ്യൂക്കായി നിയമിച്ചു.
എഡ്വേര്‍ഡ് നാലാമന് മൃതിയടയുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രനായ എഡ്വേര്‍ഡ് അഞ്ചാമന് 12 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എഡ്വേര്‍ഡ് അഞ്ചാമനെ രാജാവാക്കാന്‍ എഡ്വേര്‍ഡിന്റെ അമ്മയും മറ്റു ബന്ധുക്കളും ശ്രമിച്ചു. എന്നാല്‍, റിച്ചാര്‍ഡ് മൂന്നാമന് ഈ ശ്രമം പരാജയപ്പെടുത്തി. എഡ്വേര്‍ഡ് നാലാമന്റെ വിവാഹം സാധുതയില്ലാത്തതാണെന്നു വാദിച്ചാണ് എഡ്വേര്‍ഡ് അഞ്ചാമന് രാജാധികാരം റിച്ചാര്‍ഡ് നിഷേധിച്ചത്. 1483 ജൂലൈ ആറിന് അദ്ദേഹം സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ, റിച്ചാര്‍ഡിന്റെ ഭരണം അധികകാലം നീണ്ടുനിന്നില്ല. അദ്ദേഹത്തിനെതിരേ പോരാടിയ ഹെന്റി ട്യൂഡര്‍ 1485ല്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബോസ്വര്‍ത്ത് ഫീല്‍ഡില്‍ നടന്ന ഈ യുദ്ധത്തിന്റെ അന്ത്യം വിവരിക്കുന്ന പ്രസിദ്ധമായ ഒരു കഥയുണ്ട്:
ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു റിച്ചാര്‍ഡ് മൂന്നാമന്. എങ്കിലും, അദ്ദേഹം പ്രതീക്ഷിച്ചതിനു മുന്‍പു തന്നെ ശത്രുക്കള്‍ യുദ്ധത്തിനു തയാറായി എത്തി. യുദ്ധമുന്നണിയിലേക്കു നീങ്ങാന്‍വേണ്ടി രാജാവ് തന്റെ വെള്ളക്കുതിരയെ കൊണ്ടുവരാന്‍ ആജ്ഞാപിച്ചു. പക്ഷേ, അപ്പോഴും കുതിര കൊല്ലന്റെ ആലയിലായിരുന്നു. കുതിരയ്ക്കു ലാടം തറയ്ക്കാന്‍വേണ്ടി കൊണ്ടുപോയിരിക്കുകയായിരുന്നു അവിടെ.
കൊല്ലന്റെ ആലയില്‍ ഓടിയെത്തിയ സേവകന് പറഞ്ഞു: ''കുതിരയ്ക്കു വേഗം ലാടം തറയ്ക്കൂ. രാജാവു കാത്തുനില്ക്കുന്നു.'' ''തയാറാക്കിയിരുന്ന ലാടം മുഴുവന്‍ തീര്‍ന്നുപോയി,'' കൊല്ലന് പറഞ്ഞു. ''ആണി ഒരെണ്ണം പോലും എടുക്കാനില്ല.'
''എങ്കില്‍ വേഗം അവ ഉണ്ടാക്കൂ,'' സേവകന് ആജ്ഞാപിച്ചു. കൊല്ലന് അതിവേഗം ലാടം തീര്‍ത്തു. പക്ഷേ, ആണികള്‍ ഉണ്ടാക്കുന്നതിനു പിന്നെയും വൈകി.
''യുദ്ധത്തിനു കാഹളം മുഴങ്ങുന്നു,'' സേവകന് പറഞ്ഞു. ''തയാറാക്കിയ ആണികള്‍ വച്ച് ലാടം തറയ്ക്കൂ.''
''പക്ഷേ, ഒരാണികൂടി ഇല്ലെങ്കില്‍ ലാടം ഉറച്ചിരിക്കില്ല,'' കൊല്ലന് പറഞ്ഞു. ''ഉള്ള ആണികള്‍ വച്ച് ലാടം തറയ്ക്കൂ,'' സേവകന് വീണ്ടും ആജ്ഞാപിച്ചു. ''ഇനിയും വൈകിയാല്‍ നമ്മള് രണ്ടുപേരുടെയും തലപോകും.'' കൊല്ലന് വേഗം ലാടം തറച്ചു. സേവകന് അതിവേഗം കുതിരയെ രാജസന്നിധിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും യുദ്ധമുന്നണി സജീവമായിരുന്നു. രാജാവു വേഗം കുതിരപ്പുറത്തു കയറി യുദ്ധമുന്നണിയിലേക്കു പാഞ്ഞു. ''മുന്നോട്ട്! മുന്നോട്ട്!'' പടയാളികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് അദ്ദേഹം അതിശീഘ്രം കുതിരയെ പായിച്ചു.
അപ്പോഴാണ് യുദ്ധമുന്നണിയുടെ ഒരു ഭാഗത്തുള്ള പോരാളികള്‍ തിരിഞ്ഞോടുന്നതു രാജാവു കണ്ടത്. അവര്‍ തിരിഞ്ഞോടിയാല്‍ മറ്റു പടയാളികളും പിന്തിരിഞ്ഞോടുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അവരെ ധൈര്യപ്പെടുത്താന്‍ അദ്ദേഹം വേഗം അവരുടെ പക്കലേക്കു കുതിരപ്പുറത്തു പാഞ്ഞു.
പക്ഷേ, പാതിവഴിയിലെത്തിയപ്പോഴേക്കും കുതിരയുടെ ഒരു ലാടം ഊരിപ്പോയി. തന്മൂലം, നിയന്ത്രണംവിട്ട് കുതിര നിലംപതിച്ചു. നിലത്തു വീണ കുതിരയെ വീണ്ടും എഴുന്നേല്പിക്കാന് രാജാവു ശ്രമിക്കുമ്പോള്‍ അതു ഭയപ്പെട്ട് എഴുന്നേറ്റ് ഓടിപ്പോയി. അപ്പോഴേക്കും അദ്ദേഹത്തിന്റെ പടയാളികളില്‍ ഭൂരിഭാഗവും പിന്തിരിഞ്ഞോടാന് തുടങ്ങിയിരുന്നു. രാജാവ് തന്റെ പടവാള് ആകാശത്തേക്കു വീശിക്കൊണ്ടു പറഞ്ഞു: ''ഒരു കുതിരയെ തരൂ! ഒരു കുതിരയെ തരൂ! ഒരു കുതിരയ്ക്കുവേണ്ടി എന്റെ രാജ്യംവരെ ഞാന്‍ തരാം.''
പക്ഷേ, അദ്ദേഹത്തിന്റെ അപേക്ഷ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. അദ്ദേഹത്തിന്റെ പടയാളികള്‍ ചിന്നിച്ചിതറി. ഹെന്റിയുടെ പടയാളികളെത്തി റിച്ചാര്‍ഡ് മൂന്നാമന്റെ കഥ കഴിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ജനം പറഞ്ഞതെന്താണെന്നോ? ഒരു ആണിയുടെ കുറവുകൊണ്ട് ഒരു ലാടം നഷ്ടപ്പെട്ടു. ഒരു ലാടത്തിന്റെ കുറവുകൊണ്ട് ഒരു കുതിരയെ നഷ്ടപ്പെട്ടു. ഒരു കുതിരയുടെ കുറവുകൊണ്ട് ഒരു യുദ്ധം തോറ്റു. ഒരു യുദ്ധം തോറ്റതുകൊണ്ട് ഒരു രാജ്യം നഷ്ടപ്പെട്ടു. എല്ലാം സംഭവിച്ചത് ഒരു ആണിയുടെ അഭാവംകൊണ്ടു മാത്രം.
ഒരു പരിധിവരെയെങ്കിലും ഇതു ശരിയല്ലേ? കൊല്ലന്റെ കൈവശം ആണിയുണ്ടായിരുന്നെങ്കില് അയാള്‍ കുതിരയ്ക്കു ശരിയായ രീതിയില്‍ ലാടം തറയ്ക്കുമായിരുന്നില്ലേ? കുതിരയുടെ ലാടം ഊരിപ്പോയില്ലായിരുന്നുവെങ്കില് കുതിര കാലിടറി വീഴുമായിരുന്നോ? കുതിര വീണില്ലായിരുന്നുവെങ്കില്‍ രാജാവ് തന്റെ പടയാളികളെ ആവേശഭരിതരാക്കി യുദ്ധം ചെയ്തു വിജയിക്കുമായിരുന്നില്ലേ? കുതിര വീണില്ലായിരുന്നുവെങ്കില്‍ രാജാവ് യുദ്ധം ജയിക്കുമായിരുന്നുവെന്ന് ഉറപ്പിച്ചുപറയാനാവില്ല. എങ്കില്‍പ്പോലും, കൊച്ചുകൊച്ചു കാര്യങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത് എന്നതു ശരിയല്ലേ?
ബുദ്ധിയുണ്ടായിട്ടും ചെറുപ്പകാലത്തെ അലസതമൂലം പലര്‍ക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവരുന്നില്ലേ? സമ്പത്തുണ്ടായിരുന്നിട്ടും പിടിപ്പുകേടുകൊണ്ടു മാത്രം മൊത്തം തകര്‍ന്നവരെ നാം കാണാറില്ലേ? പെരുമാറ്റത്തിലെ ഒരു ന്യൂനതകൊണ്ടോ സംഭാഷണത്തിലെ ഒരു പോരായ്മകൊണ്ടോ മാത്രം ഒരു നല്ല ജോലിയോ ബിസിനസിനുള്ള അവസരമോ നഷ്ടമാകുന്ന അനുഭവം ചിലര്‍ക്ക് ഉണ്ടാകാറില്ലേ? അതെ, നാം പലപ്പോഴും ചെറുതെന്നു കരുതുന്ന കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിലെ വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും നാം ശ്രദ്ധയും വിശ്വസ്തതയും പ്രകടിപ്പിച്ചേ മതിയാകൂ. വെറുതെയല്ല, ഒരു ആണിയുടെ കുറവുകൊണ്ട് ഒരു രാജ്യം നഷ്ടപ്പെടാമെന്ന് ഇംഗ്ലീഷുകാര്‍ പറയുന്നത്.