Jeevithavijayam
8/18/2022
    
ഇന്നു പോകേണ്ട ദൂരം ഇന്ന്...
മനുഷ്യന്റെ ബുദ്ധിയും ശക്തിയും കണ്ടപ്പോള്‍ കുരങ്ങന്മാര്‍ക്കു വലിയ അത്ഭുതം. എത്രയോ വിദഗ്ധമായിട്ടാണു മനുഷ്യന്‍ സര്‍വ ജീവജാലങ്ങളെയും അടക്കിഭരിക്കുന്നത്! ആരുണ്ട് മനുഷ്യനോടെതിര്‍ത്തു നില്‍ക്കാന്‍? പക്ഷേ, മനുഷ്യന് എങ്ങനെയാണ് ഈ ശക്തി കിട്ടിയത് കുരങ്ങന്മാര്‍ ഒരു ദിവസം പരസ്പരം ചോദിച്ചു.

അപ്പോള്‍ കുരങ്ങന്മാരിലൊരുവന്‍ പറഞ്ഞു: തപസും ഉപവാസവും അനുഷ്ഠിച്ചാണു മനുഷ്യന്‍ അവന്റെ കഴിവുകളെല്ലാം സമ്പാദിച്ചിരിക്കുന്നത്.

വേറൊരു കുരങ്ങന്‍ പറഞ്ഞു: ''അങ്ങനെയെങ്കില്‍ തപസും ഉപവാസവും അനുഷ്ഠിച്ച് നമുക്കും ബുദ്ധി യും ശക്തിയും നേടാം.'' കുരങ്ങന്റെ ഈ ഉപദേശം മറ്റുള്ളവര്‍ക്കു സ്വീകാര്യമായിരുന്നു. അങ്ങനെയാണ് ഒരു വനത്തിലെ കുരങ്ങന്മാരുടെ സമൂഹം മുഴുവനുംഒരു പൂര്‍ണദിവസത്തേക്ക് ഉപവാസമനുഷ്ഠിക്കുവാന്‍ തീരുമാനിച്ചത്.

ഉപവാസമാരംഭിച്ച ഉടനേ കുരങ്ങന്മാരുടെ നേതാവു മറ്റുള്ളവരോടു പറഞ്ഞു: ''ഉപവാസം വിജയിക്കണമെങ്കില്‍ നമ്മളാരും പഴങ്ങളിലേക്കു നോക്കരുത്. പഴം കണ്ടാല്‍ അതു തിന്നാന്‍ തോന്നും. തന്മൂലം, എല്ലാവരും താഴേക്കു നോക്കിയിരിക്കുന്നതാണു നല്ലത്.

നേതാവു പറഞ്ഞതില്‍ കാര്യമുണെ്ടന്നു മറ്റുള്ളവര്‍ക്കു തോന്നി. എല്ലാവരും താഴേക്കു നോക്കിയിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ കുരങ്ങന്മാരിലൊരാള്‍ ചോദിച്ചു: ''എത്ര നേരമാണു നമ്മള്‍ താഴേക്കു നോക്കിയിരിക്കുന്നത്? ്രപകൃതിയിലേക്കു നോക്കി അതിന്റെ ഭംഗി ആസ്വദിക്കുന്നതില്‍ എന്താണു തെറ്റ്? നാം പഴങ്ങളില്‍ നോക്കാതിരുന്നാല്‍ മാത്രം പോരേ?''

ഈ ചോദ്യത്തിന്റെ യുക്തി മറ്റു കുരങ്ങന്മാര്‍ക്ക് ഇഷ്ടപ്പെട്ടു. അവര്‍ പഴങ്ങളില്‍ നോക്കാതെ പ്രകൃതിയിലേക്കു നോക്കി അതിന്റെ ഭംഗി ആസ്വദിക്കുവാന്‍ തുടങ്ങി.

''പഴങ്ങളില്‍ നോക്കിയാല്‍ എന്താണു പിശക്?'' ഒരു കുരങ്ങന്‍ മറ്റുള്ളവരോടു ചോദിച്ചു. ''നമ്മള്‍ പഴം തിന്നാതിരുന്നാല്‍ പോരേ?''

ഇതും യുക്തിയുള്ള ചോദ്യമായി എല്ലാവര്‍ക്കും തോന്നി. അവര്‍ ഓരോരോ പഴങ്ങളില്‍ കണ്ണുവച്ചു.

കുറെ സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ പറഞ്ഞു: '' ഉപവാസം തീരുമ്പോള്‍ നാം ഏതായാലും പഴങ്ങള്‍ പറിക്കണം. ഇപ്പോള്‍ നമുക്കു ക്ഷീണമില്ലാത്ത നേരത്തു തന്നെ പഴങ്ങള്‍ പറിച്ചു വയ്ക്കാം. അതുകൊണ്ട് ഉപവാസത്തിനു മുടക്കമൊന്നും വരില്ല.''

എത്ര നല്ല ആശയം! മറ്റു കുരങ്ങന്മാര്‍ കൈയടിച്ചു. അവര്‍ എല്ലാവരും എത്രയും വേഗം പഴങ്ങള്‍ പറിച്ചെടുത്തു. പഴങ്ങള്‍ കൈയില്‍ പിടിച്ച് അവയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ അവരിലൊരുവന്‍ പറഞ്ഞു: ''പഴങ്ങള്‍ തൊലി പൊളിച്ചു കൈയില്‍ പിടിച്ചാല്‍ ഉപവാസം കഴിയുന്ന അതേ നിമിഷം നമുക്കു കഴിക്കാമല്ലോ.'' തകര്‍പ്പന്‍ ആശയം! മറ്റുള്ളവര്‍ ഏകസ്വരത്തില്‍ പിന്താങ്ങി.

അടുത്ത നിമിഷം അവരെല്ലാവരും പഴങ്ങളുടെ തൊലിപൊളിച്ചു. അപ്പോള്‍ ചെറുപ്പക്കാരനായ ഒരു കുരങ്ങന്‍ പറഞ്ഞു: ''നമ്മള്‍ എന്തിനു പഴം കൈയില്‍ പിടിക്കണം. നമുക്കതു വായില്‍ വച്ചുകൂടേ? ഉപവാസം തീരുമ്പോള്‍ അതിവേഗം നമുക്കു കഴിക്കാമല്ലോ.''


ഈ നിര്‍ദേശവും കുരങ്ങന്മാര്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവരെല്ലാവരും പഴങ്ങള്‍ വായില്‍ വച്ചു. ''പഴങ്ങള്‍ ആരും കഴിക്കരുത്, '' കുരങ്ങന്മാരുടെ തലവന്‍ പറഞ്ഞു. ''ഉപവാസം കഴിയുന്നതുവരെ നാം കാത്തിരിക്കണം.''

ഉപവാസം കഴിയണമെങ്കില്‍ വീണ്ടും വളരെ മണിക്കൂറുകള്‍ കാത്തിരിക്കണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതെക്കുറിച്ചോര്‍ത്തപ്പോള്‍ അവരിലാകെ അസ്വസ്ഥത പടര്‍ന്നു.

'' നമ്മള്‍ എന്തിനു വെറുതെ ഇപ്പോള്‍ കഷ്ടപ്പെടണം?'' നേതാവു പറഞ്ഞു. '' വായില്‍ വച്ചിരിക്കുന്ന പഴം ഇപ്പോള്‍ നമുക്കു കഴിക്കാം. ഉപവാസം നമുക്കു നാളത്തേക്കു മാറ്റിയാലും കുഴപ്പമില്ലല്ലോ.''

ഈ വാക്കുകള്‍ കേള്‍ക്കേണ്ടതാമസം അവരെല്ലാവരും പഴങ്ങള്‍ അകത്താക്കി ഉപവാസം അവസാനിപ്പിച്ചുവെന്നു വടക്കേന്ത്യയില്‍ നിന്നുള്ള ഈ നാടോടിക്കഥ പറയുന്നു.

മനുഷ്യന്റെ കഴിവുകള്‍ അവര്‍ കഷ്ടപ്പെട്ടു സമ്പാദിച്ചതാണെന്നു കുരങ്ങന്മാര്‍ക്കറിയാമായിരന്നു. എന്നാല്‍, മനുഷ്യനെപ്പോലെ ത്യാഗം സഹിക്കേണ്ട അവസരം വന്നപ്പോള്‍ അതിനവര്‍ തയാറായില്ലായിരുന്നു. അതാണവരുടെ വളര്‍ച്ചയ്ക്കു വിഘാതമായി നിന്നത്.

ഈ കഥ യഥാര്‍ഥത്തില്‍ കുരങ്ങന്മാരുടെ കഥയല്ല. ഇതു നമ്മുടെ തന്നെ കഥയാണ്. മറ്റുള്ളവര്‍ ഏറെ അധ്വാനിച്ചും ത്യാഗംസഹിച്ചുമാണു ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍ അവരെപ്പോലെ കഷ്ടപ്പെടാനും ത്യാഗം സഹിക്കാനും നമ്മിലെത്രപേര്‍ തയാറാവും? കുരങ്ങന്മാര്‍ ഉപവാസം പിന്നീടൊരവസരത്തിലേക്കു മാറ്റിവച്ചതുപോലെ, അധ്വാനവും ത്യാഗവുമൊക്കെ പിന്നീടാകാമെന്ന നിലപാടല്ലേ നാം പലപ്പോഴും സ്വീകരിക്കുക? അങ്ങനെ ചെയ്യുന്നതിന് എന്തെല്ലാം ന്യായീകരണങ്ങളാണ് നാം കണെ്ടത്താറുള്ളത്!

നാം ഇന്നു ചെയ്യേണ്ടത് ഇന്നു ചെയ്താലേ നമുക്കതിന്റെ ഫലം കിട്ടൂ. ഇന്നു ചെയ്യേണ്ട കാര്യം ബുദ്ധിമുട്ടായതുകൊണ്ട് അതു നീട്ടിവച്ചാല്‍ നമ്മുടെ വളര്‍ച്ച മുരടിക്കുമെന്നതില്‍ സംശയം വേണ്ട.

വളര്‍ച്ചയ്ക്കും വിജയത്തിനുംവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്യാന്‍ നമുക്കു ശ്രമിക്കാം. അതു നീട്ടിവച്ച് വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ നമുക്കെപ്പോഴും ശ്രദ്ധിക്കാം.

ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നുതന്നെ ചെയ്താല്‍ അതിന്റെഫലം നാം കാണും. എന്നാല്‍, നാളത്തേക്ക് അവ മാറ്റിവച്ചാലോ? അപ്പോള്‍ നമ്മുടെ വളര്‍ച്ചയും വിജയവും നാളെകളിലേക്കു നീണ്ടുനീണ്ടുപോകുമെന്നതു തീര്‍ച്ചയാണ്.
    
To send your comments, please clickhere