Jeevithavijayam
7/2/2022
    
ജീവിതത്തിനുശേഷം ജീവിതം
''ലൈഫ് ആഫ്റ്റര്‍ ലൈഫ്'' (ജീവിതത്തിനുശേഷം ജീവിതം). ഡോ. റെയ്മണ്‍ഡ് എ. മൂഡി ജൂണിയര്‍ തയാറാക്കിയ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണിത്.

അപകടത്തിലുണ്ടായ സാരമായ പരിക്കുമൂലമോ രോഗംമൂലമോ മരണത്തെ മുഖാമുഖം കണ്ടതിനുശേഷം ജീവിതത്തിലേക്കു മടങ്ങിവരാന്‍ ഭാഗ്യം ലഭിച്ചവരുടെ അനുഭവകഥകള്‍ വിവരിക്കുന്നതാണീ ഗ്രന്ഥം. സയന്‍സിന്റെയും വൈദ്യശാസ്ത്രത്തിന്റെയും വീക്ഷണത്തില്‍ മരിച്ചവരായിരുന്നു ഈ ഗ്രന്ഥത്തിലെ കഥാപാത്രങ്ങളെല്ലാം. പക്ഷേ അദ്ഭുതകരമായ രീതിയില്‍ അവരെല്ലാം മരണത്തിന്റെ പിടിവിട്ടു ജീവിതത്തിലേക്കു തിരികെവന്നു.

ഡോ. മൂഡി പറയുന്നതനുസരിച്ച് പരലോകത്തിന്റെ പടിവാതില്‍ കണ്ടിട്ടു മടങ്ങിവന്നവരാണ് ഇവരെല്ലാം. ഇവരിലൊരാളുടെ അനുഭവം ഇങ്ങനെയാണ്:

''ഒരു മനുഷ്യന്‍ മരിക്കുകയാണ്. അയാളുടെ ജീവന്‍ ശരീരത്തില്‍നിന്നു വേര്‍പെടാന്‍പോകുന്നുവെന്ന് അയാള്‍ക്കു തോന്നിയ നിമിഷം താന്‍ മരിച്ചുവെന്ന് ഡോക്ടര്‍ പറയുന്നത് അയാള്‍ കേട്ടു. അതോടൊപ്പം ഒരു വലിയ ഇരമ്പലും അയാള്‍ക്കു കേള്‍ക്കാന്‍കഴിഞ്ഞു. പെട്ടെന്ന് താന്‍ അന്ധകാരാവൃതമായ ഒരു വലിയ ടണലിലൂടെ അതിവേഗം പാഞ്ഞുപോകുന്നതായി അയാള്‍ക്കുതോന്നി. അതിനുശേഷം താന്‍ തന്റെ ശരീരത്തില്‍നിന്ന് വേര്‍പെട്ടു. അപ്പോഴേക്കും, മരിച്ചുപോയ ബന്ധുക്കളുടെയും സ്‌നേഹിതരുടെയും ആത്മാക്കള്‍ തന്നെ സ്വീകരിക്കാന്‍ ഓടിയടുക്കുന്നു. അതോടൊപ്പം സ്‌നേഹവും താല്‍പര്യവുംകൊണ്ട് തന്നെ മൂടിപ്പൊതിഞ്ഞുകൊണ്ട് ഒരു പ്രകാശത്തിന്റെ രൂപം തനിക്കു പ്രത്യക്ഷപ്പെടുന്നതായി അയാള്‍ക്കു തോന്നി.''

ഡോ. മൂഡിയുടെ വിവരണം ഇവിടെ നിര്‍ത്തട്ടെ. ഡോ. മൂഡി തന്റെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതിനു ലഭിച്ച പ്രതികരണം അപ്രതീക്ഷിതമായിരുന്നു. മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും കൂടുതല്‍ കേള്‍ക്കാനും അറിയാനുമായി ആളുകള്‍ അദ്ദേഹത്തെ നിരന്തരം സമീപിച്ചു. പ്രസംഗത്തിനും ചര്‍ച്ചകള്‍ക്കുമായി അദ്ദേഹം നിരന്തരം ക്ഷണിക്കപ്പെട്ടു.

പക്ഷേ, കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം മടുത്തു. തനിക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്ന ചോദ്യങ്ങളല്ലായിരുന്നു അദ്ദേഹത്തിന്റെ വായനക്കാരും ശ്രോതാക്കളും അദ്ദേഹത്തോടു ചോദിച്ചത്. മരണത്തെ മുഖാമുഖം കണ്ടുവെന്ന് അവകാശപ്പെടുന്ന കുറെപ്പേരുടെ അനുഭവങ്ങള്‍ പഠനവിധേയമാക്കാന്‍ സാധിച്ചു എന്നല്ലാതെ മരണാനന്തരജീവിതത്തെക്കുറിച്ച് ഡോ. മൂഡിക്കു മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തത്കാലം പ്രസംഗപര്യടനവും ചര്‍ച്ചകളുമൊക്കെ മതിയാക്കി അദ്ദേഹം തന്റെ പഴയ ജോലിയായ മെഡിക്കല്‍ പ്രാക്ടീസിലേക്കു മടങ്ങി.

ഇതിനിടയില്‍ ഡോ. മൂഡിയില്‍ വലിയൊരു മാറ്റമുണ്ടായി. ''ലൈഫ് ആഫ്റ്റര്‍ ലൈഫ്' എന്ന പുസ്തകം തയാറാക്കുന്നതുവരെ മരണാനന്തരജീവിതത്തെക്കുറിച്ചുംമറ്റും പേരിനു മാത്രമുള്ള വിശ്വാസമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം മരണാനന്തര ജീവിതത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിനിടയായപ്പോള്‍ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചും അവിടുന്നു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അതിന്റെ ഫലമായി മരണാനന്തര ജീവിതത്തിലും യേശുവിന്റെ ഉത്ഥാനത്തിലും വലിയ വിശ്വാസമുള്ള വ്യക്തിയായി അദ്ദേഹം മാറി.


മരണം, മരണാനന്തര ജീവിതം, ഉത്ഥാനം തുടങ്ങിയവയെക്കുറിച്ചു വളരെ കുറച്ചുമാത്രമേ നമുക്കറിയാവൂ. മരണത്തെ മുഖാമുഖം കണ്ടുവെന്ന് അവകാശപ്പെടുന്നവര്‍ പറയുന്ന കഥകള്‍ എത്രമാത്രം ശരിയാണെന്നും നമുക്കറിയില്ല. എന്നാല്‍ ഒരുകാര്യം നമുക്കറിയാം; നമുക്കു പാപമോചനവും നവജീവനും നല്‍കാന്‍ കാല്‍വരിയില്‍ സ്വജീവന്‍ ഹോമിച്ച ദൈവപുത്രനായ യേശു മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. യേശുവിന്റെ ശിഷ്യര്‍ അതിനു സാക്ഷികളാണ്. അതുപോലെ അവിടുത്തെ ശിഷ്യരായ നമ്മുടെ ജീവിതത്തിലനുഭവപ്പെടുന്ന അവിടുത്തെ സജീവസാന്നിധ്യം അവിടുത്തെ ഉത്ഥാനത്തിന്റെ യഥാര്‍ഥ സാക്ഷ്യംതന്നെ.

ദൈവപുത്രനായ യേശു മരിച്ചതും ഉത്ഥാനം ചെയ്തതും നമുക്കുവേണ്ടിയായിരുന്നു; നമുക്കു നിത്യജീവന്‍ നല്‍കാന്‍വേണ്ടിയായിരുന്നു. യേശു മരിച്ചതുകൊണ്ടും ഉത്ഥാനം ചെയ്തതുകൊണ്ടും നമുക്കും ഉത്ഥാനമുണ്ട്. അവിടുത്തെ ഉത്ഥാനത്തിന്റെ മഹത്ത്വത്തില്‍ നമുക്കും ഒരു പങ്കുണ്ട്.

എന്നാല്‍, യേശുവിന്റെ ഉത്ഥാനത്തില്‍ യഥാര്‍ഥത്തില്‍ പങ്കുപറ്റണമെങ്കില്‍, സെന്റ് പോള്‍ പറയുന്നതുപോലെ, നാം അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുപറ്റിയേ മതിയാകൂ. അതിനു നാം തയാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

സഹനത്തിലൂടെയും മരണത്തിലൂടെയുമാണ് യേശു ഉത്ഥാനത്തിന്റെ മഹത്ത്വത്തിലേക്കു കടന്നത്. നമ്മുടെ വഴിയും ഇതില്‍നിന്നു വിഭിന്നമായിരിക്കുകയില്ല എന്നതാണു വസ്തുത. നമ്മുടെ ജീവിതത്തിലും സഹനമുണ്ടാകും. നമുക്കും കാല്‍വരി കയറേണ്ടിവന്നേക്കാം. പക്ഷേ, അപ്പോഴൊന്നും നാം നഷ്ടധൈര്യരാകരുത്. കാരണം, ദുഃഖത്തെയും മരണത്തെയും നേരിടാനും അവയെ അതിജീവിക്കാനും ഉത്ഥിതനായ യേശു നമ്മുടെകൂടെയുണ്ടാകും എന്നതുതന്നെ.

മരണത്തെ മുഖാമുഖം കണ്ടിട്ട് മടങ്ങിവന്നവരെക്കുറിച്ച് ഡോ. മൂഡി പറയുന്ന കഥകളുടെ വാസ്തവികത നമുക്കറിയില്ല എന്നതു ശരിതന്നെ. എന്നാല്‍ മുമ്പു സൂചിപ്പിച്ചതുപോലെ നമുക്കൊന്നറിയാം. അതായത് മരണശേഷം നമുക്കു ജീവിതം ഉണെ്ടന്നത്.
    
To send your comments, please clickhere