Jeevithavijayam
10/26/2021
    
ദൈവത്തിനു താത്പര്യമുള്ള കണക്ക്
ഫാ.ജോസഫ് ഗിര്‍സോണ്‍ ഒരിക്കലും ഒരു എഴുത്തുകാരനായിരുന്നില്ല. ഒരു സാധാരണ വൈദികന്റേതായ ജോലികള്‍ ചെയ്തു കഴിഞ്ഞുകൂടുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കുമ്പോഴാണ് അനാരോഗ്യം മൂലം 1981ല്‍ അദ്ദേഹം സജീവ പ്രേഷിതപ്രവര്‍ത്തനത്തില്‍നിന്നു പിന്മാറാനിടയായത്.

പ്രതീക്ഷിച്ചിരുന്നതിലും നേരത്തേ വിശ്രമജീവിതം തുടങ്ങേണ്ടിവന്നപ്പോള്‍ ഫാ.ഗിര്‍സോണ്‍ എഴുതാന്‍ തുടങ്ങി. ''ജോഷ്വ'' അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം. ദൈവപുത്രനായ യേശുവിനെ പഴയൊരു പേരില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അമേരിക്കയിലെ പുസ്തക പ്രസാധന കമ്പനികളൊന്നും തയാറായില്ല. അതിനാല്‍, കടമെടുത്ത പണംകൊണ്ടു സ്വന്തം ചെലവില്‍ ഈ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു.

പുസ്തകം പുറത്തിറങ്ങി അധികം കഴിയുന്നതിനു മുമ്പേ ഫാ.ഗിര്‍സോണിനെത്തേടി പ്രസാധകരെത്തി. കാരണം, അത്രമാത്രം പ്രോത്സാഹജനകമായ പ്രതികരണമാണ് ആ പുസ്തകത്തിന് ലഭിച്ചത്.

'ജോഷ്വ' എന്ന പുസ്തകം ബെസ്റ്റ് സെല്ലറുകളുടെ പട്ടികയില്‍പ്പെട്ടപ്പോള്‍ ഫാ.ഗിര്‍സോണ്‍, ജോഷ്വയെ കഥാനായകനാക്കിക്കൊണ്ടു പുതിയ പുസ്തകങ്ങള്‍ തയാറാക്കി. അങ്ങനെയാണ് ജോഷ്വ ആന്‍ഡ് ദ ചില്‍ഡ്രന്‍, ജോഷ്വ ആന്‍ഡ് ദ ഹോളി ലാന്‍ഡ്, ദ ഷെഫേര്‍ഡ്, ജോഷ്വ ആന്‍ഡ് ദ സിറ്റി എന്നിവ പുറത്തിറങ്ങിയത്.

ഈ പുസ്തകങ്ങളില്‍ അവസാനത്തേതായ ജോഷ്വ ആന്‍ഡ് ദ സിറ്റി (1995)യില്‍ നിന്ന് ഒരു രംഗം ഇവിടെ പകര്‍ത്തട്ടെ:

മനസില്‍ പല കണക്കുകൂട്ടലുകളും നടത്തിക്കൊണ്ടായിരുന്നു ജോഷ്വ അന്നു ന്യൂയോര്‍ക്ക് നഗരത്തില്‍ ചെന്നെത്തിയത്. സമ്പന്നതയുടെയും സമൃദ്ധിയുടെയും നടുവിലും ഒട്ടേറെപ്പേര്‍ ദാരിദ്ര്യത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക്. അവിടെയുള്ള ദരിദ്രരെയും ജീവിക്കാനുള്ള ആശ പോലും വെടിഞ്ഞ മറ്റ് അശരണരെയും കൈപിടിച്ചുയര്‍ത്തുക അതായിരുന്നു ജോഷ്വയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന്റെ ഒരു ലക്ഷ്യം.

ഈ ലക്ഷ്യം സാധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരിലൊരാളായ ദാനിയേല്‍ ട്രംബുള്ളിനെ ജോഷ്വ സമീപിച്ചത്. ഹൃദയമുള്ള മനുഷ്യനായിരുന്നു ട്രംബുള്‍. തന്മൂലം, ജോഷ്വയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുവാന്‍ ട്രംബുള്ളിന് ബുദ്ധിമുട്ടില്ലായിരുന്നു.

പക്ഷേ, ജോഷ്വയുടെ നിര്‍ദേശം സ്വീകരിച്ചു പാവപ്പെട്ടവരെ ഉദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ അതുവഴി തന്റെ സമ്പാദ്യം മുഴുവന്‍ ചോര്‍ന്നു പോവില്ലേ എന്ന ആശങ്ക ട്രംബുള്ളില്‍ ബാക്കിനിന്നു. ഇതു മനസിലാക്കിയ ജോഷ്വ അദ്ദേഹത്തോടു പറയുകയാണ്:

''നാം മരിക്കുമ്പോള്‍ എത്രമാത്രം പണം നമ്മള്‍ സമ്പാദിച്ചു എന്നല്ല ദൈവം നമ്മോടു ചോദിക്കുന്നത്. പ്രത്യുത, നാം സമ്പാദിച്ചതില്‍ എന്തുമാത്രം മറ്റുളളവര്‍ക്കു കൊടുത്തു എന്നാണ് അവിടുന്നു ചോദിക്കുക. അതുപോലെ, ദൈവം നമുക്കു തന്നിട്ടുള്ള ദാനങ്ങളും കഴിവുകളും മറ്റുള്ളവരുടെ നന്മയ്ക്കായി നാം ഉപയോഗിച്ചോ എന്നും.''


നാം മരിച്ചു ദൈവസന്നിധിയിലെത്തുമ്പോള്‍ എന്തുമാത്രം പണം നാം സമ്പാദിച്ചിട്ടുണെ്ടന്നു ദൈവം ചോദിച്ചാല്‍ ഒരു പക്ഷേ, ഉത്തരം കൊടുക്കുവാന്‍ നമ്മില്‍ പലര്‍ക്കും എളുപ്പമായിരിക്കും. കാരണം, എത്ര ശ്രദ്ധയോടും താത്പര്യത്തോടും കൂടിയാണ് നാം പണം സമ്പാദിക്കുന്നതും സൂക്ഷിക്കുന്നതുമൊക്കെ.

പണം സമ്പാദിക്കാന്‍ വേണ്ടി നാം സഹിച്ചിട്ടുള്ള ക്ലേശങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ അവിടുത്തോടു പറയുവാനും നമുക്കു താത്പര്യമായിരിക്കും.

എന്നാല്‍, പണത്തിന്റെ കാര്യം വരുമ്പോള്‍ ജോഷ്വ സൂചിപ്പിച്ചതുപോലെ ദൈവത്തിന്റെ ചോദ്യങ്ങള്‍ വ്യത്യസ്തമാകാനാണ് ഏറെ സാധ്യത. എത്ര പണം സമ്പാദിച്ചു എന്ന് അവിടുന്നു ചോദിക്കാനേ സാധ്യതയില്ല. എന്നാല്‍, ജോഷ്വ പറഞ്ഞതുപോലെ നാം സമ്പാദിച്ചതില്‍ എന്തുമാത്രം മറ്റുള്ളവര്‍ക്കു കൊടുത്തു എന്നു ദൈവം തീര്‍ച്ചയായും ചോദിക്കും. അപ്പോഴാണ് നമ്മില്‍ പലരും ആകപ്പാടെ വിഷമിക്കാന്‍ പോകുന്നത്.

ജോഷ്വയുടെ ഉപദേശം ട്രംബുള്ളില്‍ പരിവര്‍ത്തനം സൃഷ്ടിച്ചു. തന്മൂലം, തന്റെ പണം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുന്നതിനു പിന്നീട് അദ്ദേഹത്തിനു വൈമനസ്യം തോന്നിയില്ല. അങ്ങനെയാണ് ജോഷ്വ വിഭാവനം ചെയ്ത രീതിയില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ട്രംബുള്‍ സന്തോഷപൂര്‍വം ചെയ്തത്.

ദൈവം നമുക്കു നല്‍കിയിട്ടുള്ള സമ്പത്തും മറ്റു നന്മകളും നാം മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നു ദൈവം തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. ദൈവപുത്രനായ യേശുവഴി അവിടുന്ന് എത്രയോ നാള്‍ മുമ്പ് ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്നാല്‍, പങ്കുവയ്ക്കലിന്റെ കാര്യം വരുമ്പോള്‍ ആര്‍ക്ക്, എന്തിന് എന്നൊക്കെ ചോദിച്ചു വിഷയം മാറ്റാനാണ് നമ്മില്‍ പലര്‍ക്കും തിടുക്കം. പക്ഷേ, ഇതുവഴി നമുക്കുണ്ടാകുന്നതു നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളാണെന്നതു നാം ഓര്‍മിക്കാറുണേ്ടാ? പണം സമ്പാദിക്കുന്നതും അതു കുന്നുകൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നമ്മില്‍ പലര്‍ക്കും ഏറെ പ്രിയങ്കരമായിരിക്കാം. എന്നാല്‍, നാം സമ്പാദിക്കുന്ന പണം പങ്കുവയ്ക്കുന്നതിനു നാം വിസമ്മതിച്ചാല്‍ ആ പണം വഴി നമുക്കു സന്താപമേ ഉണ്ടാകൂ എന്നതു നാം മറക്കരുത്.

നമുക്കു പണമുണെ്ടങ്കില്‍ അതെക്കുറിച്ചു നമുക്കു സന്തോഷിക്കാം. അതോടൊപ്പം നമ്മുടെ പണത്തിന്റെ ഒരു ഭാഗം അര്‍ഹിക്കുന്നവര്‍ക്കു പങ്കുവയ്ക്കാനും കൂടി നമുക്കു ശ്രദ്ധിക്കാം. കാരണം പാവപ്പെട്ടവര്‍ക്കും നമ്മുടെ ദയ അര്‍ഹിക്കുന്നവര്‍ക്കുമായി നാം പങ്കുവയ്ക്കുന്ന പണത്തിനു മാത്രമേ സ്വര്‍ഗത്തില്‍ നമുക്കു പലിശ കിട്ടൂ. അതുപോലെ, അങ്ങനെ നാം ചെലവഴിക്കുന്ന തുകയുടെ കണക്കറിയാനേ ദൈവത്തിനു താത്പര്യം ഉണ്ടാകൂ.

ദൈവത്തിനു താത്പര്യമുള്ള കണക്ക് എന്താണെന്നു നമുക്കു വ്യക്തമാണ്. തന്മൂലം, ആ കണക്കില്‍ നമുക്കു ശ്രദ്ധിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം സ്വര്‍ലോകത്തിലെന്നതുപോലെ ഇവിടെയും സന്തോഷപൂര്‍ണമാകും.
    
To send your comments, please clickhere