Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
June 15, 2021
 
 
    
 
Print this page
 

നാം കൊടുത്താല്‍ അവിടുന്ന് വര്‍ധിപ്പിക്കും

അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് യേശു അയ്യായിരം പേരെ ഊട്ടിയ കഥ ബൈബിളിലുണ്ട്. ഒരു ബാലനായിരുന്നു യേശുവിന് അഞ്ചപ്പവും രണ്ടു മീനും നല്‍കിയത്. ആ ബാലനെക്കുറിച്ച് ബൈബിളിലില്ലാത്ത ഒരു കഥ ഇവിടെ കുറിക്കട്ടെ:

യേശുവിനെ കാണാനും അവിടുത്തെ വാക്കുകള്‍ കേള്‍ക്കാനും അതിയായ മോഹമായിരുന്നു ഈ ബാലന്. അങ്ങനെയാണ് അവന്‍ അതിരാവിലെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിച്ചത്. മകന്‍ മടങ്ങിയെത്താന്‍ വൈകുമല്ലോ എന്നു കരുതി അമ്മ ഒരു സഞ്ചിയില്‍ അഞ്ചപ്പവും പൊരിച്ച രണ്ടു മീനും അവന്റെ കൈയില്‍ കൊടുത്തുവിട്ടു. ഇടയ്ക്കു വിശക്കുമ്പോള്‍ കഴിക്കുവാന്‍വേണ്ടി അവനു കൊടുത്തതായിരുന്നു അത്.

എന്നാല്‍, യേശുവിന്റെ സമീപമെത്തിയ ബാലന്‍ വിശപ്പുപോലും മറന്ന് അവിടുത്തെ വചനങ്ങള്‍ കേട്ടുകൊണ്ടിരുന്നു. അപ്പോഴാണ് യേശുവിന്റെ ശിഷ്യരില്‍ ചിലര്‍ ആരുടെയെങ്കിലും കൈയില്‍ ഭക്ഷണമുണേ്ടാ എന്നു തിരക്കാന്‍ തുടങ്ങിയത്. ഉടനേ അവന്‍ തന്റെ സഞ്ചിയിലുണ്ടായിരുന്ന അപ്പത്തിന്റെയും മീനിന്റെയും കാര്യമോര്‍ത്തു. ഒട്ടും മടിക്കാതെ അവന്‍ അവയെടുത്ത് യേശുവിന്റെ ശിഷ്യരെ ഏല്പിക്കുകയും ചെയ്തു.

യേശുവിന്റെ ശിഷ്യര്‍ ആ അപ്പവും മീനും യേശുവിനെ ഏല്പിച്ചു. അവിടുന്നാകട്ടെ അവയെടുത്ത് ആശീര്‍വദിച്ചശേഷം എല്ലാവര്‍ക്കും വിളമ്പിക്കൊടുക്കുവാന്‍ കല്പിച്ചു. ബാലന്‍ കൊടുത്ത അപ്പവും മീനും അവന്‍ നോക്കിനില്‍ക്കുമ്പോള്‍ത്തന്നെ അദ്ഭുതകരമായി വര്‍ധിക്കാന്‍ തുടങ്ങി. യേശുവിന്റെ കൈയില്‍നിന്നു തന്നെ അവനും വാങ്ങി വയര്‍ നിറയെ ഭക്ഷിച്ചു.

എല്ലാവരും ഭക്ഷണം കഴിച്ചു തൃപ്തരായപ്പോള്‍ ഒട്ടേറെ അപ്പവും മീനും മിച്ചം. യേശുവിന്റെ ശിഷ്യര്‍ നിര്‍ബന്ധിച്ചതനുസരിച്ച് തന്റെ സഞ്ചി നിറയെ അപ്പവും മീനും അവന്‍ വീട്ടിലേക്കു കൊണ്ടുപോയി.

സഞ്ചി നിറയെ അപ്പവും മീനുമായി അവന്‍ വൈകുന്നേരം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അവന്റെ അമ്മയ്ക്ക് വിശ്വസിക്കാനായില്ല. എങ്കിലും ആ അമ്മയ്ക്ക് കാര്യം ഏതാണ്ടു മനസിലായി.

താന്‍ കണ്ടതും കേട്ടതും സാക്ഷ്യം വഹിച്ചതുമൊക്കെ വിവരിക്കുവാനുള്ള ആവേശത്തോടെയായിരുന്നു അവന്‍ വീട്ടില്‍ തിരിച്ചെത്തിയത്. അവന്റെ അമ്മയ്ക്കാകട്ടെ ആ കഥകള്‍ കേള്‍ക്കുവാന്‍ അതിലേറെ ആവേശമായിരുന്നു.

താന്‍ കൊടുത്ത അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് യേശു അയ്യായിരം പേരെ തീറ്റിപ്പോറ്റിയ കഥ പറഞ്ഞ് അവസാനിപ്പിച്ചശേഷം ആ ബാലന്‍ അമ്മയോടു ചോദിച്ചു: ''അമ്മേ നാം യേശുവിനു കൊടുക്കുന്നതെല്ലാം ഇതുപോലെ അവിടുന്നു വര്‍ധിപ്പിക്കുമോ? നാം അവിടുത്തേക്കു കൊടുക്കുന്നതെന്തും ഇതുപോലെ കൂടുതലായി അവിടുന്നു മടക്കിത്തരുമോ?''

സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു: ''തീര്‍ച്ചയായും.''

നാം യേശുവിന് എന്തു കൊടുത്താലും തന്റെ കൈകളില്‍ അവിടുന്ന് അത് വര്‍ധിപ്പിക്കും അവിടുന്നു വര്‍ധിപ്പിക്കുന്നവയില്‍നിന്നു കുറെ നമുക്ക് തിരികെത്തരുകയും ചെയ്യും.

പക്ഷേ, എങ്ങനെയാണ് യേശുവിനു കൊടുക്കുക? ''ഈ ചെറിയവരിലൊരാള്‍ക്കു നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണു ചെയ്തത്'' എന്ന് അന്ത്യവിധിനാളില്‍ താന്‍ പറയുമെന്ന് യേശു മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട്. അതായത്, നാം മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കുമൊക്കെ, കൊടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവിടുത്തേക്കു തന്നെയാണ് കൊടുക്കുന്നതെന്നര്‍ത്ഥം. നാം അവിടുത്തേക്കു കൊടുക്കുമ്പോള്‍ അവ പല മടങ്ങായി അവിടുന്നു വര്‍ധിപ്പിക്കും. അങ്ങനെ അവിടുന്നു വര്‍ധിപ്പിക്കുന്നവയില്‍ നല്ലൊരുപങ്ക് അവിടുന്നു നമുക്ക് തിരികെത്തരും എന്നതാണു വസ്തുത.

അപ്പത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ മാത്രമല്ല ഇതു സംഭവിക്കുന്നത്. നാം യേശുവിന്റെ നാമത്തില്‍ ആര്‍ക്കെങ്കിലും സ്‌നേഹം നല്‍കിയാല്‍ അവിടുന്ന് ആ സ്‌നേഹമെടുത്ത് വര്‍ധിപ്പിച്ച് അതിലൊരു ഭാഗം നമുക്ക് തിരികെ തരുമെന്നതില്‍ സംശയം വേണ്ട. അതുപോലെ യേശുവിന്റെ നാമത്തില്‍ നാം ആരോടെങ്കിലും അനുകമ്പ കാട്ടിയാല്‍ അതു വര്‍ധിപ്പിച്ച് അതില്‍ നല്ലൊരു പങ്ക് നമുക്ക് തിരികെത്തരികതന്നെ ചെയ്യും. നാം ആരോടെങ്കിലും ക്ഷമിക്കുകയാണെന്നു കരുതുക. നമ്മുടെ ഈ നല്ല പ്രവൃത്തി അവിടുന്ന് തന്റെ കൈയിലെടുത്ത് വര്‍ധിപ്പിക്കുന്നതോടൊപ്പം അവിടുന്ന് നമ്മോട് നമ്മുടെ കുറ്റങ്ങള്‍ ഹൃദയപൂര്‍വം ക്ഷമിക്കുകയും ചെയ്യും. നാം യേശുവിന്റെ നാമത്തില്‍ ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികള്‍ക്കും ഇതേ ഫലം തന്നെ ലഭിക്കും.

യേശുവിന് അഞ്ചപ്പവും രണ്ടു മീനും നല്കിയ ബാലനെപ്പോലെ ഹൃദയപൂര്‍വം നമുക്കും മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ ശ്രമിക്കാം. നാം മറ്റുള്ളവര്‍ക്കു കൊടുക്കുന്നത് സന്തോഷപൂര്‍വം അവരുടെ നന്മയ്ക്കുവേണ്ടിയാണെങ്കില്‍ യേശു അതു വര്‍ധിപ്പിച്ച് അതില്‍ നല്ലൊരു പങ്ക് നമുക്കു തിരികെത്തരുകതന്നെ ചെയ്യും. എന്നാല്‍, നാം കൊടുക്കുന്നത് കൂടുതല്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആകാതിരിക്കട്ടെ. നമുക്കു തിരികെ നല്‍കുന്ന കാര്യം അവിടുന്നു തീരുമാനിക്കുന്നതാണ് നമ്മുടെ നന്മയ്ക്ക് എപ്പോഴും നല്ലത്.

 


 
    
 
To send your comments, please click here
 
 



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.