Jeevithavijayam
5/7/2021
    
അകമഴിഞ്ഞ്, കൈയയച്ച്
ഋഷിവര്യനായ ദുര്‍വാസാവ് ഒരിക്കല്‍ ഭോജരാജാവിന്റെ കൊട്ടാരത്തിലെത്തി. അന്ന് മഹര്‍ഷിയെ ശുശ്രൂഷിക്കാന്‍ നിയമിതയായത് കുന്തിയായിരുന്നു. സൂരശേന രാജാവിന്റെ പുത്രിയായ അവള്‍ വളര്‍ന്നത് ഭോജരാജാവിന്റെ സംരക്ഷണയിലായിരുന്നു.

ദുര്‍വാസാവ് രാജകൊട്ടാരത്തില്‍ നാലുമാസം താമസിച്ചു. അതിനിടയില്‍ തന്റെ ശുശ്രൂഷകൊണ്ട് കുന്തി മഹര്‍ഷിയെ വിസ്മയിപ്പിച്ചു. അവളുടെ ശുശ്രൂഷയ്ക്ക് പ്രതിഫലമെന്നോണം ദുര്‍വാസാവ് അഞ്ചു മന്ത്രങ്ങള്‍ അവള്‍ക്ക് ഉപദേശിച്ചുകൊടുത്തു. അവള്‍ക്കിഷ്ടപ്പെട്ട അഞ്ചുദേവന്മാരില്‍നിന്നു പുത്രസമ്പാദനം സാധ്യമാക്കിത്തീര്‍ക്കുന്ന മന്ത്രങ്ങളായിരുന്നു അവ.

താരുണ്യം തളിരണിഞ്ഞുനിന്ന കുന്തി ആ മന്ത്രങ്ങളിലൊന്ന് പരീക്ഷിച്ചുനോക്കി. അത്ഭുതം! കുന്തി മനസില്‍ വിചാരിച്ച സൂര്യദേവനില്‍നിന്ന് അവള്‍ ഗര്‍ഭിണിയായി. പക്ഷേ, അവിവാഹിതയായ സ്ത്രീ ഗര്‍ഭിണിയാകുന്നത് അപമാനകരമല്ലേ? കുന്തി, ആ ഗര്‍ഭം ഒളിപ്പിച്ചുവയ്ക്കാന്‍ ശ്രമിച്ചു. അവളുടെ വളര്‍ത്തമ്മ മാത്രം അറിഞ്ഞു. ജനിച്ച പുത്രനെ ആരും അറിയാതെ ഒരു വള്ളിക്കുട്ടയിലാക്കി അവള്‍ യമുനാനദിയിലേക്ക് ഒഴുക്കിവിട്ടു. അന്ന് കുന്തി ഉപേക്ഷിച്ച ആ ശിശുവാണ് പില്‍ക്കാലത്ത് കര്‍ണ്ണന്‍ എന്നപേരില്‍ പ്രസിദ്ധനായത്.

കുന്തി പിന്നീട് ചന്ദ്രവംശ രാജാവായ പാണ്ഡുവിനെ ഭര്‍ത്താവായി സ്വീകരിച്ചു. പക്ഷേ, കീന്ദമന്‍ എന്ന മഹര്‍ഷിയുടെ ശാപംമൂലം ഭാര്യമാരെ തൊടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു പാണ്ഡു. അറിയാതെയാണെങ്കിലും കീന്ദമഹര്‍ഷിയെ ദ്രോഹിച്ചതുകൊണ്ട് പാണ്ഡു ഭാര്യയെ സ്പര്‍ശിക്കുന്ന നിമിഷം മരിച്ചുപോകട്ടെയെന്നായിരുന്നു മുനിയുടെ ശാപം.

ദുഃഖിതനായ പാണ്ഡുവിനെ കുന്തി തന്റെ മന്ത്രശക്തിയെക്കുറിച്ച് ധരിപ്പിച്ചു. വിവരം അറിഞ്ഞ പാണ്ഡു ഇഷ്ടദേവന്മാരിലൂടെ പുത്ര സമ്പാദനം നടത്തിക്കൊള്ളാന്‍ കുന്തിയെ അനുവദിച്ചു. അങ്ങനെയാണ് ഇന്ദ്രനില്‍നിന്ന് കുന്തിക്ക് അര്‍ജ്ജുനന്‍ പിറന്നത്. പക്ഷേ, കാലത്തിന്റെ ഗതിവിഗതികളില്‍പ്പെട്ട് മഹാഭാരത യുദ്ധകാലത്ത് കര്‍ണ്ണനും അര്‍ജ്ജുനനും എതിര്‍ചേരിയിലാണ് നിലയുറപ്പിച്ചത്. സൂര്യഭഗവാന്റെ അനുഗ്രഹംകൊണ്ട് കവചകുണ്ഡലങ്ങളോടുകൂടി ജനിച്ച കര്‍ണ്ണന്‍ ആരാലും വധിക്കപ്പെടാന്‍ വയ്യാത്തവനായിരുന്നു.

ഈ വിവരം അറിയാമായിരുന്ന ഇന്ദ്രന് തന്റെ പുത്രനായ അര്‍ജ്ജുനനെക്കുറിച്ച് ആശങ്ക തോന്നി. യുദ്ധത്തില്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വധിക്കുമോ എന്നായിരുന്നു ഇന്ദ്രന്റെ ഭയം. തന്മൂലം കവചകുണ്ഡലങ്ങള്‍ എങ്ങനെയെങ്കിലും എടുത്തുമാറ്റണമെന്ന് ഇന്ദ്രന്‍ തീരുമാനിച്ചു.

കര്‍ണ്ണന്റെ അനുകമ്പയും ദാനശീലവും പ്രസിദ്ധമായിരുന്നു. ആര് എന്തുചോദിച്ചാലും കൊടുക്കുക എന്ന നിലപാടായിരുന്നു കര്‍ണ്ണന്റേത്. ഇക്കാര്യം മനസിലാക്കിയ ഇന്ദ്രന്‍ ഒരു സാധുബ്രാഹ്മണന്റെ വേഷംപൂണ്ട് കര്‍ണനെ സമീപിച്ചു. കര്‍ണ്ണന്റെ കവചകുണ്ഡലങ്ങള്‍ ദാനമായി വാങ്ങുകയായിരുന്നു ഇന്ദ്രന്റെ ലക്ഷ്യം.

ഇന്ദ്രന്റെ ഈ പദ്ധതിയെക്കുറിച്ച് സൂര്യഭഗവാന് മുന്‍കൂട്ടി അറിവ് ലഭിച്ചിരുന്നു. തന്മൂലം, സൂര്യഭഗവാന്‍ കര്‍ണ്ണന് സ്വപ്നത്തില്‍ പ്രത്യക്ഷനായി ഇന്ദ്രന്റെ മനസിലിരിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. കവചകുണ്ഡലങ്ങള്‍ ആരുചോദിച്ചാലും നല്‍കരുതെന്ന് സൂര്യഭഗവാന്‍ കര്‍ണ്ണനോട് പറഞ്ഞു. പക്ഷേ, ആര് എന്തുദാനം ചോദിച്ചാലും അതു നിരസിക്കുകയില്ലെന്ന നിലപാടില്‍നിന്നു താന്‍ പിന്മാറുകയില്ലെന്ന് കര്‍ണ്ണന്‍ ഉറപ്പിച്ചുപറഞ്ഞു. അങ്ങനെയെങ്കില്‍ സ്വരക്ഷയ്ക്ക് പര്യാപ്തമായ എന്തെങ്കിലും വരം ഇന്ദ്രനോട് ചോദിച്ചുവാങ്ങണമെന്നും സൂര്യഭഗവാന്‍ നിഷ്‌കര്‍ഷിച്ചു.


കര്‍ണ്ണന്‍ പ്രതീക്ഷിച്ചിരുന്നതുപോലെ, ഇന്ദ്രന്‍ പ്രച്ഛന്നവേഷത്തില്‍ കര്‍ണ്ണന്റെ പക്കലെത്തി. കര്‍ണ്ണനില്‍നിന്നു കവചകുണ്ഡലങ്ങള്‍ ദാനമായി ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നു ബ്രാഹ്മണ വേഷധാരിയായ ഇന്ദ്രന്‍ അറിയിച്ചു. ഒട്ടും മടിക്കാതെ കര്‍ണ്ണന്‍ തന്റെ അമൂല്യനിധികള്‍ ഇന്ദ്രനു ദാനമായി നല്‍കി. കര്‍ണ്ണന്റെ മഹാമനസ്‌കതയില്‍ സംപ്രീതനായ ഇന്ദ്രന്‍ കര്‍ണ്ണനു ശത്രുക്കളെ ജയിക്കാന്‍ സഹായിക്കുന്ന വൈജയന്തിയെന്ന ശക്തി നല്‍കിയിട്ടാണ് യാത്രയായത്.

എന്തൊരു ദാനശീലം! എന്തൊരു മഹാമനസ്‌കത! തന്റെ ജീവനുതുല്യമായിരുന്നു കര്‍ണ്ണന് ആ കവചകുണ്ഡലങ്ങള്‍. അവ കര്‍ണ്ണനില്‍നിന്ന് എടുത്തുമാറ്റാത്തിടത്തോളം കാലം ആര്‍ക്കും അദ്ദേഹത്തെ വധിക്കാന്‍ സാധിക്കില്ലായിരുന്നു. ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നിട്ടും ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തോട് ദാനം ചോദിച്ചപ്പോള്‍ കര്‍ണ്ണന്‍ അവ നല്‍കി. ഇന്ദ്രന്‍ ബ്രാഹ്മണവേഷം ധരിച്ച് തന്നെ ചതിയില്‍ വീഴ്ത്തുകയാണെന്ന് അറിഞ്ഞിട്ടും തന്റെ ദാനശീലത്തില്‍നിന്നു കര്‍ണ്ണന്‍ പിന്മാറിയില്ല. തന്റേതായിട്ടുള്ളതെന്തും ആര്‍ക്കും തന്നില്‍നിന്നു ദാനമായി അവകാശപ്പെട്ടതാണ് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ചിന്ത പോയത്.

തന്റെ ജീവനു തുല്യമായിരുന്ന കവചകുണ്ഡലങ്ങള്‍ തന്നെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ ശ്രമിച്ച ആളിന് ഹൃദയപൂര്‍വം ദാനം ചെയ്ത കര്‍ണ്ണനെവിടെ, എത്രമാത്രം സമ്പത്ത് സ്വന്തമായി ഉണ്ടായാലും അതിലൊരംശംപോലും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പലപ്പോഴും വിസമ്മതിക്കുന്ന നമ്മള്‍ എവിടെ? ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങള്‍ പോലും തനിക്കുമാത്രം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കരുതിയില്ല. അതുകൊണ്ടാണ് കവചകുണ്ഡലങ്ങള്‍ ദാനം ചെയ്യുകവഴി താന്‍ സ്വന്തം മരണം വിളിച്ചുവരുത്തുകയാണെന്ന് അറിഞ്ഞിട്ടും കര്‍ണ്ണന്‍ അവ ദാനം ചെയ്തത്.

കര്‍ണ്ണന്റേതുപോലെയുള്ള മഹാമനസ്‌കതയും ദാനശീലവും ആരും നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നില്ല. അദ്ദേഹത്തിന്റേതുപോലെയുള്ള ദാനശീലം നമുക്ക് അത്രയെളുപ്പം സാധ്യമല്ലെന്നു പറയാം. എന്നാല്‍, നമുക്കുള്ള നന്മകളുടെയും സമ്പത്തിന്റെയുമൊക്കെ ഒരംശമെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നമുക്കാവില്ലേ? നമുക്കുള്ള സമ്പത്ത് എത്ര ചെറുതാണെങ്കില്‍പ്പോലും അവയിലൊരംശം പങ്കുവയ്ക്കുമ്പോഴല്ലേ നാം യഥാര്‍ഥ മനുഷ്യരായി മാറുന്നത്?

ഇന്നത്തെ സമൂഹത്തില്‍ അധികമാരും ദാനമായി ഒന്നുംതന്നെ നമ്മില്‍നിന്ന് ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അവര്‍ നമ്മില്‍നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും നാം അവര്‍ക്കുവേണ്ടി ചെയ്യാന്‍ കടപ്പെട്ട കാര്യങ്ങള്‍ മാത്രമാണ്. ഉദാഹരണമായി, നാം ഗവണ്‍മെന്റ് ജീവനക്കാരനാണെങ്കില്‍ നമ്മില്‍നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത് ഗുണമേന്മയുള്ള സേവനമാണ്. നാം അധ്യാപകരാണെങ്കില്‍, വിദ്യാര്‍ഥികളും അവരുടെ മാതാ പിതാക്കളും പ്രതീക്ഷിക്കുന്നത് ആത്മാര്‍ഥതയോടെയുള്ള ശിക്ഷണമാണ്.

അതായത് നാം ഏത് സേവനരംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നുവോ ആ രംഗങ്ങളിലൊക്കെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നു സാരം. പക്ഷേ, അങ്ങനെ ചെയ്യുമ്പോഴും നമുക്കു സ്വന്തമായുള്ള നന്മകളും സമ്പത്തും അവയില്ലാത്തവരുമായി പങ്കുവയ്ക്കുന്ന കാര്യം നാം മറന്നുപോകരുത്.
    
To send your comments, please clickhere