Jeevithavijayam
1/21/2021
    
പോംപെയിലെ കാവല്‍ക്കാരനെപ്പോലെ
ബി.സി. ആറാംനൂറ്റാണ്ടില്‍ പണിയപ്പെട്ട ഒരു പട്ടണമായിരുന്നു പോംപെയ്. ഇറ്റലിയുടെ തെക്കുകിഴക്കായി വെസുവിയസ് അഗ്നിപര്‍വതത്തിന്റെ അടിവാരത്തിലായിരുന്നു പോംപെയ് സ്ഥിതിചെയ്തിരുന്നത്. എ.ഡി. 79ല്‍ വെസുവിയസ് അഗ്നിപര്‍വതം പൊട്ടി പോംപെയ് പട്ടണം പൂര്‍ണമായും തകര്‍ന്നു.

പതിനേഴു നൂറ്റാണ്ടുകള്‍ക്കുശേഷം ആര്‍ക്കിയോളജിസ്റ്റുകള്‍ പോംപെയ് പട്ടണത്തിന്റെ നാശനഷ്ടങ്ങള്‍ക്കിടയില്‍ ഗവേഷണം നടത്തുവാനിടയായി. അപ്പോള്‍ അവര്‍ കണെ്ടടുത്ത വസ്തുക്കളില്‍ ഒരു റോമന്‍ പടയാളിയുടെ അസ്ഥികൂടവുമുണ്ടായിരുന്നു.

പടച്ചട്ടയും തൊപ്പിയുമണിഞ്ഞ് കൈയില്‍ കുന്തവും പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഒരു അസ്ഥികൂടമായിരുന്നു അത്. ഗവേഷകരുടെ അനുമാനമനുസരിച്ച്, അഗ്നിപര്‍വതം പൊട്ടി ലാവയും മറ്റും പോംപെയ് നഗരത്തിലേക്ക് ഒഴുകിയപ്പോള്‍ ആ പട്ടണകവാടത്തില്‍ കാവല്‍ നില്‍ക്കുകയായിരുന്നു ആ റോമന്‍ പടയാളി.

റോമന്‍ കാവല്‍ക്കാരുടെ നിയമമനുസരിച്ച്, മറ്റൊരു പടയാളി വന്നു ഡ്യൂട്ടി മാറുകയോ അല്ലെങ്കില്‍ മേലധികാരികളിലാരെങ്കിലും കല്പന കൊടുക്കുകയോ ചെയ്താലല്ലാതെ കാവല്‍ നില്‍ക്കുന്നയാള്‍ അവിടെനിന്ന് മാറുവാന്‍ പാടില്ലായിരുന്നു. അഗ്നിപര്‍വതം പൊട്ടിയ അവസരത്തില്‍ ലാവ പോംപെയ് പട്ടണത്തിലേക്കൊഴുകി. അപ്പോള്‍ പട്ടണവാസികളില്‍ നല്ലൊരു പങ്ക് ജീവനും കൊണേ്ടാടി. പക്ഷേ പട്ടണകവാടത്തില്‍ കാവല്‍ നിന്നിരുന്ന പടയാളി അനങ്ങിയില്ല. കാരണം മറ്റൊരാള്‍ വരുന്നതുവരെയോ അല്ലെങ്കില്‍ മേലധികാരികളുടെ ആജ്ഞ ലഭിക്കുന്നതുവരെയോ അയാള്‍ അവിടെ കാവല്‍ നില്‍ക്കുവാന്‍ കടപ്പെട്ടവനായിരുന്നു.

തന്റെ കാവല്‍ജോലിയില്‍നിന്ന് മാറുവാന്‍ വിസമ്മതിച്ചതുകൊണ്ട് തിളയ്കുന്ന ലാവാ ഒഴുകിയെത്തിയപ്പോള്‍ അയാള്‍ അതില്‍ മൂടപ്പെട്ടു! അങ്ങനെയാണത്രേ ആ റോമന്‍ പടയാളിയുടെ അസ്ഥികൂടം ഡ്യൂട്ടിയില്‍ നില്‍ക്കുന്ന രീതിയില്‍ കാണപ്പെട്ടത്!

ഗവേഷകരുടെ ഈ അനുമാനം അതിശയോക്തി നിറഞ്ഞതായി തോന്നാം. എന്നാല്‍ അവര്‍ കണെ്ടത്തിയ ഈ അസ്ഥികൂടത്തെക്കുറിച്ച് മറ്റെന്തെങ്കിലും ന്യായമായ അനുമാനംആര്‍ക്കും എടുക്കാനാവില്ലെന്നതാണ് വസ്തുത. കൃത്യനിര്‍വഹണത്തില്‍ റോമന്‍ പടയാളികളുടെ പാരമ്പര്യം കൂടി വച്ചുനോക്കുമ്പോള്‍ ആര്‍ക്കിയോളജിസ്റ്റുകളുടെ നിഗമനം പൂര്‍ണമായും ശരിയായിരിക്കാനാണ് സാധ്യത.

കൃത്യനിര്‍വഹണത്തിന്റെപേരില്‍ സ്വജീവന്‍പോലും ഉപേക്ഷിക്കാന്‍ തയാറായ ഈ റോമന്‍ പടയാളിയെ നമുക്കാര്‍ക്കെങ്കിലും മനസിലാക്കാന്‍ സാധിക്കുമോ? അയാള്‍ ഒരു ഭോഷന്‍ തന്നെ എന്നായിരിക്കുകയില്ലേ നമ്മുടെ വിലയിരുത്തല്‍?

ഒരുപക്ഷേ ആദ്യ വിലയിരുത്തലില്‍ അയാള്‍ ഒരു ഭോഷനാണെന്ന് നമുക്കു തോന്നിയേക്കാം. എന്നാല്‍ സ്വന്തം കൃത്യനിര്‍വഹണത്തില്‍ അയാള്‍ പ്രദര്‍ശിപ്പിച്ച അര്‍പ്പണബോധത്തെ നമുക്കു പ്രശംസിക്കാതിരിക്കാനാവുമോ? സ്വന്തം ജീവന്‍ ബലികഴിക്കാന്‍ തയാറായിക്കൊണ്ടുപോലും കടമ നിര്‍വഹിച്ച അയാളെ നമുക്കു പുകഴ്ത്താതിരിക്കാനാവുമോ?


ജീവിതത്തില്‍ ഒട്ടേറെ കടമകളുള്ളവരാണ് നമ്മള്‍. കടമകള്‍ പാലിക്കുന്ന കാര്യത്തില്‍ നാം വിശ്വസ്തത കാണിക്കണമെന്ന് നമുക്കറിയുകയും ചെയ്യാം. എന്നാല്‍, കടമകളില്‍നിന്ന് വഴുതിമാറുവാനല്ലേ പലപ്പോഴും നമുക്കും താല്‍പര്യം? സാധിക്കുമെങ്കില്‍ സ്വന്തം കടമകള്‍ മറ്റുള്ളവരുടെ തലയില്‍ വച്ചുകൊടുക്കുവാനല്ലേ പലപ്പോഴും നമ്മുടെ ശ്രമം?

കൃത്യനിര്‍വഹണത്തിന്റെപേരില്‍ പോംപെയിലെ റോമന്‍ പടയാളി ചെയ്തതുപോലെ നമ്മുടെ ജീവന്‍ ബലികഴിക്കേണ്ട സ്ഥിതിവിശേഷം നമുക്കാര്‍ക്കും ഉണ്ടാകാനിടയില്ല. എന്നാല്‍ നമ്മുടെ കടമകള്‍ പാലിക്കുന്ന കാര്യത്തില്‍ നാം വിശ്വസ്തതയുള്ളവരായാല്‍ അതുവഴി നമുക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയില്ല എന്നു നാം ധരിക്കേണ്ട. നേരെമറിച്ച് കടമകള്‍ പാലിക്കുന്ന കാര്യത്തില്‍ നാം എത്രമാത്രം വിശ്വസ്തത പ്രകടിപ്പിക്കുന്നുവോ അത്രമാത്രം ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകുവാനാണ് സാധ്യത. പക്ഷേ അപ്പോഴും പിടിച്ചുനില്‍ക്കാന്‍ നമുക്കു സാധിച്ചാല്‍ ജീവിതത്തില്‍ നാം വിജയിച്ചുവെന്നതില്‍ സംശയം വേണ്ട.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഔറേലിയൂസിനെക്കുറിച്ച് (121 180) ഒരു കഥയുണ്ട്. റോമിലെ പ്രിറ്റോറിയത്തിന്റെ പ്രീഫെക്ടായി അദ്ദേഹം ആദ്യം നിയമിക്കപ്പെട്ടപ്പോള്‍ അദ്ദേഹം തന്റെ അംഗരക്ഷകന് ഒരു വാള്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ''നീ ഈ വാള്‍ ഉപയോഗിച്ച് എന്നെ പരിരക്ഷിക്കണം. എന്നാല്‍ ഞാന്‍ എന്റെ ജോലിയില്‍ വിശ്വസ്തത കാണിക്കുന്നിടത്തോളംകാലം അങ്ങനെ ചെയ്താല്‍ മതിയാകും. ഞാന്‍ എന്റെ ജോലിയില്‍ വിശ്വസ്തത കാണിക്കുന്നില്ലെന്ന് നിനക്കു ബോധ്യംവന്നാല്‍ ഈ വാള്‍ ഉപയോഗിച്ച് എന്നെ ശിക്ഷിക്കുകയും ചെയ്യാം.''

തന്റെ ജോലിയിലും മറ്റു കടമകളിലും പൂര്‍ണമായ വിശ്വസ്തത പാലിക്കേണ്ടതിനെക്കുറിച്ച് മാര്‍ക്കസ് ഔറേലിയൂസിന് നല്ല ബോധ്യമുണ്ടായിരുന്നു. തന്മൂലമാണ് താന്‍ തന്റെ കടമകളില്‍ വിശ്വസ്തത പാലിക്കുന്നിടത്തോളംകാലം മാത്രം തന്നെ സംരക്ഷിച്ചാല്‍ മതിയെന്ന് അദ്ദേഹം അംഗരക്ഷകനോടു പറഞ്ഞത്.

കൃത്യനിര്‍വഹണത്തില്‍ മാര്‍ക്കസ് ഔറേലിയൂസ് പ്രദര്‍ശിപ്പിച്ച താല്‍പര്യം നമുക്കു മാതൃകയാവണം. രാജ്യത്തെ പൗരന്മാരെന്ന നിലയിലും സമൂഹത്തിലെയും കുടുംബങ്ങളിലെയും അംഗങ്ങളെന്നനിലയിലുമുള്ള നമ്മുടെ കടമകള്‍ പാലിക്കുന്നകാര്യത്തില്‍ നാം പൂര്‍ണമായ വിശ്വസ്തത പാലിക്കണം. എങ്കില്‍മാത്രമേ നാംകൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തില്‍ വളര്‍ച്ചയുണ്ടാകൂ; നമുക്കു സംതൃപ്തിയും സന്തോഷവുമുണ്ടാകൂ.
    
To send your comments, please clickhere