Jeevithavijayam
1/18/2021
    
സംസാരത്തെ മെച്ചപ്പെടുത്തുന്ന നിശബ്ദത
ജോനാസ് പ്രവാചകനെ വിഴുങ്ങിയ ഭീമനായ ആ തിമിംഗലത്തെക്കുറിച്ചു രസകരമായ ഒരു കഥയുണ്ട്:

ആരും പ്രതീക്ഷിക്കാതിരുന്ന സമയത്തുണ്ടായ കടല്‍ക്ഷോഭത്തിന്റെ കാരണം ജോനാസ് പ്രവാചകനാണെന്നു മനസിലായപ്പോള്‍ കപ്പല്‍ക്കാര്‍ പ്രവാചകനെ കടലിലേക്കു വലിച്ചെറിഞ്ഞു. അപ്പോള്‍ പ്രവാചകന്‍ ചെന്നുവീണതാകട്ടെ ഒരു തിമിംഗലത്തിന്റെ വായിലേക്കും!

അധ്വാനമൊന്നുംകൂടാതെ അപ്രതീക്ഷിതമായി വലിയൊരു ഇരയെ കിട്ടിയതില്‍ തിമിംഗലത്തിന് ഏറെ സന്തോഷമായി. പക്ഷേ, ജോനാസ് പ്രവാചകന്‍ വയറിനകത്തെത്തിയ നിമിഷം മുതല്‍ തിമിംഗലത്തിനു വയറുവേദന തുടങ്ങി. മൂന്നു രാവും പകലും മുഴുവനും കലശലായ വയറുവേദനയുമായി തിമിംഗലം വെള്ളത്തിലൂടെ വട്ടത്തിലും നീളത്തിലും അലഞ്ഞു. അവസാനം, സഹികെട്ടപ്പോള്‍ തിമിംഗലം പ്രവാചകനെ സമുദ്രതീരത്തേക്കു ഛര്‍ദിച്ചു.

പ്രവാചകനെ ഛര്‍ദിച്ചയുടനേ തിമിംഗലത്തിന്റെ വയറുവേദന മാറി. അപ്പോള്‍ തിമിംഗലം പ്രവാചകനോടു പറഞ്ഞു: ''അങ്ങയെ വിഴുങ്ങാനിടയായത് എന്റെ കാലക്കേട് എന്നല്ലാതെ എന്തു പറയാനാണ്?'' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''നീ ആവശ്യമില്ലാതെ വായ് തുറന്നതല്ലേ ഇതിനെല്ലാം കാരണം? ഇനിയെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രം വായ് തുറക്കാന്‍ പഠിക്കൂ.''

തിമിംഗലത്തിനു ജോനാസ് പ്രവാചകന്‍ നല്കിയ ഈ ഉപദേശം ബൈബിളില്‍ നോക്കിയാല്‍ നാം കാണില്ല. എന്നാല്‍, പ്രവാചകന്റെ ഈ ഉപദേശം തിമിംഗലത്തേക്കാള്‍ ഏറെ ആവശ്യമായിരിക്കുന്നതു നമ്മളില്‍ പലര്‍ക്കുമാണ്.

അവസരത്തിലും അനവസരത്തിലും ഒരുപോലെ വായ് തുറക്കുന്നവരെ പലപ്പോഴും നാം കാണാറുണ്ട്. എപ്പോഴാണ് വായ് അടയ്‌ക്കേണ്ടതെന്ന് അവര്‍ക്കറിയില്ല. പക്ഷേ അതുകൊണ്ടു സംഭവിക്കുന്നതെന്താണെന്നോ? അവര്‍ക്കെന്നതുപോലെ മറ്റുള്ളവര്‍ക്കും അവര്‍ വയറുവേദനയും അതിലേറെ വേദനകളും സൃഷ്ടിക്കുന്നു.

ആലോചിച്ചുനോക്കൂ. നമ്മുടെയൊക്കെ ജീവിതത്തില്‍ പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും വേദനകള്‍ക്കും കാരണം നമ്മളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ അനവസരത്തില്‍ വായ് തുറക്കുന്നതല്ലേ? വേണ്ടത്ര ആത്മസംയമനം പാലിച്ചുകൊണ്ട് നിശ്ശബ്ദത പാലിക്കേണ്ട കാര്യങ്ങളിലും സമയങ്ങളിലും നാം വായ് തുറക്കാതിരിക്കുകയാണെങ്കില്‍ പല പ്രശ്‌നങ്ങളും വേദനകളും നമുക്കൊഴിവാക്കാനാവും. അതുപോലെതന്നെ, ചിലപ്പോഴെങ്കിലും നാം നിര്‍ബന്ധമായും വായ് തുറക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും നമ്മുടെ മൗനം തെറ്റിനെ അംഗീകരിക്കുന്നതുപോലെയായിത്തീരുന്ന അവസരങ്ങള്‍ വരുമ്പോള്‍.

അതുകൊണ്ട് നിശ്ശബ്ദത പാലിക്കുന്നതാണ് എപ്പോഴും നല്ലത് എന്ന ചിന്ത ഒരിക്കലും വേണ്ട. ചിലപ്പോഴെങ്കിലും നാം നിശ്ശബ്ദത പാലിക്കുന്നതുമൂലം നമ്മുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയല്ലാതെ കുറയുകയില്ലെന്ന് ആര്‍ക്കാണറിയാത്തത്? പ്രത്യേകിച്ചും പരസ്പര സംഭാഷണവും ജീവിതാനുഭവങ്ങളുടെ ആത്മാര്‍ഥമായ പങ്കുവയ്ക്കലും മറ്റും ആവശ്യമായി വരുന്ന അവസരങ്ങളിലും സാഹചര്യങ്ങളിലും. ഉദാഹരണമായി, കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെ വളരുകയും ആഴത്തില്‍ വേരൂന്നുകയും ചെയ്യണമെങ്കില്‍ ഉള്ളുതുറന്നുള്ള പങ്കുവയ്ക്കല്‍ കൂടിയേ തീരൂ.


എങ്കിലും, ഇമ്മാതിരി അവസരങ്ങളില്‍പോലും ശരിയായ രീതിയിലുള്ള മൗനാചരണത്തിനു പ്രസക്തിയുണെ്ടന്നതു നാം മറക്കേണ്ട.

ഒരിക്കലൊരു ടൂറിസ്റ്റ് ഒരു ചെറിയ ഗ്രാമത്തിലെത്താനിടയായി. അവിടെയുണ്ടായിരുന്ന ഏക റെസ്റ്ററന്റില്‍ അയാള്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ അവിടെ പലരും വട്ടംകൂടിയിരിപ്പുണ്ടായിരുന്നു. പക്ഷേ, അവരില്‍ ആരും തന്നെ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ടൂറിസ്റ്റായി എത്തിയ ആള്‍ മറ്റുള്ളവരോടു സൗഹൃദസംഭാഷണത്തിനു ശ്രമിച്ചിട്ട് അവരില്‍നിന്നു വലിയ പ്രതികരണം ലഭിച്ചില്ല. അപ്പോള്‍ അയാള്‍ ചോദിച്ചു: ''എന്താ, ഇവിടെ ആരും സംസാരിക്കരുതെന്ന് എന്തെങ്കിലും നിയമവും മറ്റുമുണേ്ടാ?''

അപ്പോള്‍ ഒരാള്‍ മറുപടിയായി പറഞ്ഞു: ''അങ്ങനെ നിയമമൊന്നുമില്ല. എന്നാല്‍ നിശ്ശബ്ദതയേക്കാള്‍ മെച്ചമായിട്ടെന്തെങ്കിലും നല്കാനുണെ്ടങ്കിലേ സംസാരിക്കാവൂ എന്നൊരു ധാരണ ഞങ്ങള്‍ക്കുണ്ട്.''

നമുക്കും ഇമ്മാതിരി ഒരു ധാരണ ഉണ്ടാവുന്നതു നല്ലതാണ്. നാം സംസാരിക്കുന്നുവെങ്കില്‍ അതു നിശ്ശബ്ദതയേക്കാള്‍ മെച്ചമായിട്ടെന്തെങ്കിലും മറ്റുള്ളവര്‍ക്കു നല്‍കാന്‍ സാധിക്കുന്നതാണെന്ന് നാം ഉറപ്പുവരുത്തണം. അല്ലാതെ, നാക്കുള്ളതുകൊണ്ട് നമുക്കെന്തും പറയാം എന്നൊരു ചിന്ത വേണ്ട.

നമ്മുടെ സംസാരം നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദവും ആശ്വാസവും നല്കുന്ന തരത്തിലുള്ളതായിരിക്കട്ടെ. അതുപോലെ, നമ്മുടെ സംസാരം നമുക്കോ മറ്റുള്ളവര്‍ക്കോ ഏതെങ്കിലും രീതിയില്‍ ഹാനികരമായിത്തീരുന്നുണേ്ടാ എന്നു പരിശോധിക്കാനും മറക്കരുത്.

നിശ്ശബ്ദതയ്ക്ക് അതിന്റേതായ മൂല്യമുണ്ട്. തന്മൂലം, നാം ആരുടെയെങ്കിലും നിശ്ശബ്ദതയെ രഞ്ജിക്കുമ്പോള്‍ നമ്മുടെ സംസാരം നിശ്ശബ്ദതയേക്കാള്‍ മെച്ചമായിട്ടുള്ളതായിരിക്കണമെന്നതു നമ്മുടെ ചിന്തയിലുണെ്ടന്നിരിക്കട്ടെ. എങ്കില്‍ നാം വായ് തുറക്കുന്നതുവഴി നമുക്കോ മറ്റാര്‍ക്കെങ്കിലുമോ വയറുവേദനയോ അതിലേറിയ വേദനകളോ ഉണ്ടാവുകയില്ലെന്നതു തീര്‍ച്ചയാണ്.
    
To send your comments, please clickhere