ക്ഷമിക്കുന്ന ഹൃദയം ഐവാന്‍ ഡിമിട്രിച്ച് അക്സെനോവ്. റഷ്യയിലെ വ്ളഡീമിര് എന്ന കൊച്ചുപട്ടണത്തിലെ കച്ചവടക്കാരനായിരുന്നു അയാള്‍. ഒരു ദിവസം അകലെ ഒരിടത്തേക്ക് അയാള്‍ യാത്രയ്ക്കൊരുങ്ങി. യാത്രയ്ക്കിറങ്ങുന്നതിനു മുമ്പ് ഭാര്യ പറഞ്ഞു: ''ഇന്നു പോകേണ്ട. ഞാന്‍ നിങ്ങളെക്കുറിച്ച് ഒരു ദുഃസ്വപ്നം കണ്ടു. പക്ഷേ, ഭാര്യയുടെ വാക്ക് അയാള്‍ അത്ര കാര്യമാക്കിയില്ല. ഭാര്യ കണ്ട സ്വപ്നത്തെക്കുറിച്ച് വെറുതേ തമാശ പറഞ്ഞുകൊണ്ട് അയാള്‍ തന്റെ കുതിരവണ്ടിയില്‍ യാത്രയായി. യാത്രയ്ക്കിടയില്‍ ഐവാന്‍ വേറൊരു കച്ചവടക്കാരനെ കണ്ടുമുട്ടി. രാത്രിയായപ്പോള്‍ അവര്‍ ഇരുവരും ഒരു സത്രത്തില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചു. സത്രത്തിലെത്തിയ അവര്‍ ആദ്യം ഒരുമിച്ചുപോയി ഭക്ഷണം കഴിച്ചു. പിന്നീട് അടുത്തടുത്തുള്ള മുറികളില്‍ ഉറങ്ങാന്‍ പോയി. അതിരാവിലെ ഉണക്കമുണരുന്ന സ്വഭാവക്കാരനായിരുന്നു ഐവാന്‍. പതിവുപോലെ നേരത്തേ ഉറക്കമുണര്‍ന്ന അയാള്‍ സമയം നഷ്ടപ്പെടുത്താതെ യാത്ര തുടര്‍ന്നു. സൂര്യന്റെ ചൂടു കൂടുന്നതിനു മുമ്പ് യാത്ര പൂര്‍ത്തിയാക്കുവാനായിരുന്നു അയാളുടെ പ്ലാന്‍. കുറേദൂരം പോയപ്പോള്‍ അയാള്‍ കുതിരകള്‍ക്കു തീറ്റികൊടുക്കാനും മറ്റുമായി വഴിയരികില്‍ കണ്ട ഒരു സത്രത്തില്‍ കയറി. അവിടെ അയാള്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ മൂന്നു കുതിരകളെ പൂട്ടിയ ഒരു വണ്ടിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാര് എത്തി. അവര്‍ ഐവാനെ സമീപിച്ച് അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കഥയെന്തെന്നറിയാതെ ഐവാന്‍ കുഴങ്ങി. എങ്കിലും ചോദ്യങ്ങള്‍ക്കെല്ലാം അയാള്‍ തനിക്കാവുന്നതുപോലെ ഉത്തരം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്മാര് വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഐവാന്‍ അവരോടു ചോദിച്ചു: എന്താണ് ഞാന്‍ ഒരു കവര്ച്ചക്കാരനാണെന്ന രീതിയില്‍ എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നത്? അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്മാരാണ്. നിങ്ങള്‍ ഇന്നലെ രാത്രി ഒരുമിച്ച് സമയം ചെലവഴിച്ച കച്ചവടക്കാരന് മരിച്ചു കിടക്കുന്നതായി ഇന്നുരാവിലെ കാണപ്പെട്ടു. നിങ്ങളുടെ ബാഗ് എവിടെ? അതു പരിശോധിക്കേണ്ടിയിരിക്കുന്നു.'' ഐവാന്‍ അയാളുടെ ബാഗ് അവരെ കാണിച്ചു. ബാഗ് തുറന്ന അവര്‍ രക്തം പുരണ്ട ഒരു പിച്ചാത്തി അതില്‍നിന്നു കണെ്ടടുത്തു. ആരുടെ പിച്ചാത്തിയാണിത്?'' അവര്‍ ചോദിച്ചു. രക്തം പുരണ്ട പിച്ചാത്തി കണ്ട് ഐവാന്‍ അന്ധാളിച്ചു നില്ക്കുമ്പോള് അവര്‍ വീണ്ടും ചോദിച്ചു: എങ്ങനെയാണ് ഈ പിച്ചാത്തിയില്‍ രക്തം വന്നത്? ഉത്തരം പറയാന്‍ ശ്രമിച്ച ഐവാന്റെ നാവില്‍നിന്നു വാക്കുകള്‍ പുറത്തുവന്നില്ല. കുറേനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അയാള്‍ പറഞ്ഞൊപ്പിച്ചു: എനിക്കറിയില്ല. ഈ പിച്ചാത്തി എന്റേതല്ല.'' പക്ഷേ, പിച്ചാത്തി കണെ്ടടുത്ത പോലീസ് ഉദ്യോഗസ്ഥന്മാര് ഐവാന്റെ വാക്കുകള്‍ വിശ്വസിക്കുവാന്‍ തയാറായില്ല. അവര്‍ ഐവാനെ അറസ്റ്റു ചെയ്തു തടവിലാക്കി. തടവില്‍ കഴിയുമ്പോള്‍ ഐവാന്റെ ഭാര്യ അയാളെ കാണുവാനെത്തി. ഐവാനെ കണ്ടയുടനേ ഭാര്യ പറഞ്ഞു: ഞാന്‍ സ്വപ്നം കണ്ടതു വെറുതേ ആയിരുന്നില്ല. നിങ്ങള്‍ അന്നു യാത്രയ്ക്ക് ഇറങ്ങരുതായിരുന്നു.'' ഭാര്യയുടെ വാക്കുകേട്ട ഐവാന്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഭാര്യ അയാളുടെ മുടിയില്‍ തടവിക്കൊണ്ടു ചോദിച്ചു: എന്റെ പൊന്നല്ലേ. എന്നോടു സത്യം പറയൂ. നിങ്ങളല്ലേ അയാളെ കൊന്നത്? ഭാര്യയും തന്നെ സംശയിക്കുന്നതായി കണ്ടപ്പോള്‍ ഐവാനു നിയന്ത്രിക്കാനായില്ല. അയാള്‍ പൊട്ടിക്കരഞ്ഞുപോയി. ഭാര്യ പോയപ്പോള്‍ ഐവാന്‍ സ്വയം പറഞ്ഞു: ദൈവത്തിനു മാത്രമേ സത്യമറിയാവൂ. അവിടുത്തെ പക്കലേക്കു വേണം ഞാന്‍ സഹായത്തിനായി തിരിയാന്‍.'' ഐവാന്‍ കുറ്റക്കാരനാണെന്നു കണെ്ടത്തിയ കോടതി അയാളെ ജീവപര്യന്തം തടവിനു വിധിച്ചു. മറ്റു കുറ്റവാളികളുടെ കൂടെ സൈബീരിയയിലേക്ക് അയയ്ക്കപ്പെട്ട അയാള്‍ ഇരുപത്തിയാറു വര്‍ഷം അവിടെ ചെലവഴിച്ചു. നിരപരാധിയായ അയാള്‍ ഒരു മാതൃകാ തടവുകാരനായാണ് അവിടെ ജീവിച്ചത്. ഒരു ദിവസം ഒരു പുതിയ ബാച്ച് കുറ്റവാളികളെത്തി. അവരിലൊരാള്‍ അറുപതു വയസ് തോന്നിക്കുന്ന മകാര് സെമെനിച്ച് ആയിരുന്നു. സംസാരത്തിനിടയില്‍, അയാള്‍ വന്നിരിക്കുന്നത് തന്റെ പട്ടണത്തില്‍ നിന്നാണെന്ന് ഐവാന്‍ മനസിലാക്കി. അപ്പോള്‍ ഐവാന്‍ തന്റെ കുടുംബാംഗങ്ങളുടെ കാര്യം തിരക്കി. അവരെല്ലാം നല്ല നിലയില്‍ കഴിയുന്നൂവെന്ന് സെമെനിച്ച് പറഞ്ഞു. പിന്നീട് സെമെനിച്ച് ഐവാന്റെ കഥ തിരക്കി. പക്ഷേ, ഒന്നും തന്നെ പറയുവാന്‍ ഐവാന്‍ തയാറായില്ല. അപ്പോള്‍ ഐവാന്റെ കൂട്ടുകാര്‍ ആ കഥ പറഞ്ഞു - ആരോ ഒരുവന് കൊലപാതകം നടത്തി പണം മോഷ്ടിച്ചിട്ട് ഐവാന്റെ ബാഗില്‍ പിച്ചാത്തി ഒളിച്ചു വച്ച് ഓടിപ്പോയ കഥ. ആ കഥ കേട്ടപ്പോള്‍ സെമെനിച്ച് പെട്ടെന്ന് അദ്ഭുതം കൂറി പറഞ്ഞു: ഇതു രസകരമായിരിക്കുന്നു! നിങ്ങള്‍ എത്രവേഗമാണു നരച്ചു വല്യപ്പനായത്! അവരുടെ സംസാരത്തിനിടയില്‍ ഐവാന്‍ ഒരു കാര്യം വ്യക്തമായി. സെമെനിച്ചാണ് കച്ചവടക്കാരനെ കൊന്നതിനു ശേഷം തന്റെ ബാഗില്‍ പിച്ചാത്തി ഒളിച്ചുവച്ചിട്ട് രക്ഷപ്പെട്ടത്! പ്രതികാരാഗ്നി ഐവാനില്‍ പെട്ടെന്ന് ആളിക്കത്തി. എങ്കിലും അയാള്‍ ഒന്നും ചെയ്തില്ല. അയാള്‍ സെമെനിച്ചിനെ കാണാതെ മാറി നടക്കുക മാത്രം ചെയ്തു. ഒരു ദിവസം രാത്രിയില്‍ സെമെനിച്ച് കിടങ്ങുകുഴിച്ച് തടവുചാടാന്‍ ശ്രമിക്കുന്നത് ഐവാന്‍ കണ്ടു. തന്റെ പ്രവൃത്തി ഐവാന്‍ കണ്ടുവെന്നു മനസിലാക്കിയ സെമെനിച്ച് ഐവാനോടു പറഞ്ഞു: നീ മിണ്ടിപ്പോയാല്‍ നിന്നെ ഞാന്‍ കൊല്ലും.'' അപ്പോള്‍ ഐവാന്‍ പറഞ്ഞു: നീ എന്നെ കൊല്ലേണ്ട ആവശ്യമില്ല. പണേ്ട നീ എന്നെ കൊന്നുകഴിഞ്ഞില്ലേ? നിന്റെ പ്രവൃത്തിയെക്കുറിച്ച് അധികാരികളോടു പറയണോ എന്നുള്ളതു ദൈവം തോന്നിക്കുന്നതു പോലെ ഞാന്‍ തീരുമാനിക്കും.'' കിടങ്ങു കുഴിക്കാന്‍ ആരോ ശ്രമിച്ചതായി അധികാരികള്‍ കണെ്ടത്തി. അവര്‍ അന്വേഷണം നടത്തിയപ്പോള്‍ ഐവാന്‍ മൗനം പാലിച്ചു. അധികാരികള്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഐവാന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ഞാന്‍ പറയില്ല. നിങ്ങള്‍ എന്തു വേണമെങ്കിലും എന്നോടു ചെയ്തുകൊള്ളൂ.'' അന്നുരാത്രിയില്‍ സെമെനിച്ച് ഐവാന്റെ കിടക്കയുടെ അരികിലെത്തി കണ്ണീരോടു കൂടി മാപ്പപേക്ഷിച്ചു: 'എന്നോടു ക്ഷമിക്കു, ഐവാന്‍. ഞാനാണ് അന്ന് ആ കച്ചവടക്കാരനെ കൊന്നിട്ട് നിന്റെ ബാഗില്‍ പിച്ചാത്തി ഒളിച്ചുവച്ച് ഓടി രക്ഷപ്പെട്ടത്. ദൈവത്തിന്റെ നാമത്തില്‍ എന്നോടു ക്ഷമിക്കൂ, ഐവാന്‍. സത്യം ഞാന്‍ അധികാരികളോടു പറഞ്ഞുകൊള്ളാം. അവര്‍ നിന്നെ മോചിപ്പിക്കും. പക്ഷേ, ജീവിതം നഷ്ടപ്പെട്ട ഐവാന്‍ ജയിലില്‍നിന്നു പുറത്തു പോകണമെന്ന് ആഗ്രഹമില്ലായിരുന്നു. ഐവാന്‍ അക്കാര്യം സെമെനിച്ചിനോട് പറഞ്ഞു. അപ്പോള്‍ സെമെനിച്ച് വീണ്ടും പറഞ്ഞു: ഞാന്‍ ദുഷ്ടനായിരുന്നിട്ടും നീ എന്നോടു ദയ കാണിച്ചു, ഐവാന്‍. യേശുവിന്റെ നാമത്തില്‍ എന്നോടു ക്ഷമിക്കൂ.'' ഐവാന്‍ പറഞ്ഞു: ദൈവം നിന്നോടു ക്ഷമിക്കും. റഷ്യന്‍ സാഹിത്യകാരനായ ടോള്‍സ്റ്റോയി എഴുതിയ ഈ കഥ വായിച്ചുതീരുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ദുഷ്ടരില്‍ ദുഷ്ടനാണ് സെമെനിച്ച്. എങ്കിലും അയാളോടു ക്ഷമിക്കുവാന്‍ ഐവാന്‍ തയാറായി. ഏതു തിന്മയും ആരോടും ക്ഷമിക്കുവാന്‍ നമുക്ക് സാധിക്കും എന്നു ടോള്‍സ്റ്റോയിയുടെ ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു. പക്ഷേ,ഐവാനെപ്പോലെ ക്ഷമിക്കുവാന്‍ നമുക്കു സാധിക്കണമെങ്കില്‍ നമ്മില്‍ ഹൃദയമുണ്ടാകണം. അതുപോലെ ദൈവത്തിന്റെ സഹായവും നമുക്കു വേണം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവരോടു ക്ഷമിക്കുവാന്‍ നാം തയാറാണോ? ക്ഷമിക്കുവാന്‍ നമുക്കു ബുദ്ധിമുട്ടാണെങ്കില്‍ ഐവാന്റെ മാതൃക ഓര്‍മിക്കാം. അതുപോലെ, നമുക്ക് ഹൃദയമുണെ്ടന്നും ആ ഹൃദയത്തില്‍ സ്നേഹമുണെ്ടന്നും നമുക്ക് ഉറപ്പുവരുത്താം. |