Jeevithavijayam
11/30/2020
    
ബി ഗ്രേഡുകൊണ്ടു തൃപ്തിപ്പെടേണ്ടതുണേ്ടാ?
പരീക്ഷയ്ക്കായി എത്തിയ ഇരുപതു വിദ്യാര്‍ഥികള്‍. മെഡിസിനു ചേരാന്‍ ഒരുങ്ങുന്ന അവര്‍ ഓര്‍ഗാനിക് ബയോളജിയുടെ പ്രീമെഡ് ക്ലാസിലെ അംഗങ്ങളായിരുന്നു. പരീക്ഷയുടെ സമയമായപ്പോള്‍ അവരുടെ പ്രഫസര്‍ ക്ലാസിലെത്തി. എന്നാല്‍, പരീക്ഷയ്ക്കു പതിവുള്ളപോലെ അദ്ദേഹം ചോദ്യപേപ്പര്‍ നല്‍കിയില്ല.

പ്രഫസര്‍ എല്ലാ വിദ്യാര്‍ഥികളുടെയും മുഖങ്ങളിലേക്കു മാറിമാറി നോക്കി. അതിനുശേഷം അവരോടു പറഞ്ഞു: ''നിങ്ങളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള കാര്യമായിരുന്നു. നിങ്ങള്‍ എല്ലാവരും നന്നായി അധ്വാനിച്ചു. അടുത്തവര്‍ഷം നിങ്ങള്‍ മെഡിക്കല്‍ സ്‌കൂളില്‍ ചേരുവാന്‍ പ്ലാനിടുകയാണല്ലോ. അതുകൊണ്ടുതന്നെ നിങ്ങള്‍ ഈ പരീക്ഷ എഴുതണമെന്നില്ല. നിങ്ങള്‍ ഈ പരീക്ഷ എഴുതാതിരുന്നാലും ഞാന്‍ നിങ്ങള്‍ക്കു ബി ഗ്രേഡ് നല്‍കും. എന്നാല്‍ നിങ്ങള്‍ എ ഗ്രേഡ് പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നുണെ്ടങ്കില്‍ പരീക്ഷ എഴുതണം.''

പല വിദ്യാര്‍ഥികളെയും സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയായിരുന്നു ഇത്. അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ''പരീക്ഷ എഴുതാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് ഇപ്പോള്‍ത്തന്നെ പോകാം. അവര്‍ക്കു ബി ഗ്രേഡ് ഉണ്ടായിരിക്കും.''

പ്രഫസറുടെ ഓഫര്‍ കേട്ട വിദ്യാര്‍ഥികളില്‍ ചിലര്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞു സന്തോഷപൂര്‍വം ക്ലാസില്‍ നിന്നു യാത്രയായി. അവശേഷിച്ചവരെ നോക്കിക്കൊണ്ടു പ്രഫസര്‍ പറഞ്ഞു: ''ആരെങ്കിലും പോകാന്‍ ആഗ്രഹിക്കുന്നുണെ്ടങ്കില്‍ അവര്‍ക്ക് ഒരു ചാന്‍സ്‌കൂടി നല്‍കുന്നു.'' അപ്പോള്‍ ഒരാള്‍കൂടി ബി ഗ്രേഡ് സ്വീകരിച്ചുകൊണ്ട് ക്ലാസില്‍ നിന്നു പുറത്തുപോയി.

ബാക്കിയുള്ളവരുടെ ഹാജര്‍ അദ്ദേഹം എടുത്തു. എന്നിട്ട് അവരോടു പറഞ്ഞു: ''നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ച് വിശ്വാസമുണെ്ടന്നറിയുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. നിങ്ങള്‍ പരീക്ഷ എഴുതാന്‍ തയാറാണ്. അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് എ ഗ്രേഡ് വാങ്ങുവാന്‍ സാധിക്കും എന്ന പ്രതീക്ഷ നിങ്ങള്‍ക്കുണ്ട് എന്നതാണല്ലോ. അതുപോലെതന്നെ, നിങ്ങള്‍ ബുദ്ധിമുട്ടാനും തയാറാണെന്നാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ തീരുമാനം സൂചിപ്പിക്കുന്നത്.''

പ്രഫസര്‍ പറയുന്നതിന്റെ പൊരുള്‍ മനസിലാകാതെ വിദ്യാര്‍ഥികള്‍ പരസ്പരം നോക്കുമ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''നിങ്ങള്‍ ആരും ഇന്നത്തെ പരീക്ഷ എഴുതേണ്ട. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ എ ഗ്രേഡ് തന്നിരിക്കുന്നു!''

പ്രഫസറുടെ വാക്കുകള്‍ കേട്ട വിദ്യാര്‍ഥികള്‍ക്കു തങ്ങളുടെ കാതുകളെ വിശ്വസിക്കുവാന്‍ സാധിച്ചില്ല. ഒരു വിശദീകരണത്തിനുവേണ്ടി അവര്‍ പ്രഫസറെ നോക്കിയപ്പോള്‍ അദ്ദേഹം വീണ്ടും പറഞ്ഞു: ''ബുദ്ധിമുട്ടാതെ ബി ഗ്രേഡ് വാങ്ങുവാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ നിങ്ങളാരും എളുപ്പമുള്ള ആ വഴി തെരഞ്ഞെടുത്തില്ല. അതിനു പകരം ബുദ്ധിമുട്ടിത്തന്നെ എ ഗ്രേഡ് സമ്പാദിക്കാനാണു നിങ്ങള്‍ ആഗ്രഹിച്ചത്. നിങ്ങള്‍ യഥാര്‍ഥത്തില്‍ പ്രശസ്ത വിജയം അര്‍ഹിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്കു ഞാന്‍ പരീക്ഷ കൂടാതെ എ ഗ്രേഡ് നല്‍കുന്നത്.''


പരീക്ഷ എഴുതാതെ എ ഗ്രേഡ് നല്‍കുന്ന കാര്യത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ ചിന്തിക്കുവാനേ സാധിക്കില്ല. അതിനുള്ള സ്വാതന്ത്ര്യം നമ്മുടെ വിദ്യാഭ്യാസസിസ്റ്റത്തിലില്ല. എന്നാല്‍, ചില വിദേശയൂണിവേഴ്‌സിറ്റികളില്‍ പ്രഫസര്‍മാര്‍ക്കു മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയിലുള്ള ചില സ്വാതതന്ത്ര്യങ്ങള്‍ ഉണ്ട്. അതിന്റെ ബലത്തിലാണു പ്രഫസര്‍ പരീക്ഷ നടത്താതെതന്നെ ചില വിദ്യാര്‍ഥികള്‍ക്ക് എ ഗ്രേഡ് നല്‍കിയത്.

അങ്ങനെ ചെയ്യുന്നതിന് അദ്ദേഹത്തിനു മതിയായ കാരണവും ഉണ്ടായിരുന്നു. ഒന്നാമതായി, അവര്‍ ശരിക്കും പഠിക്കുന്ന വിദ്യാര്‍ഥികളാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുപോലെതന്നെ, പരീക്ഷ എന്ന വെല്ലുവിളിയെ ധൈര്യപൂര്‍വം നേരിടുവാനുള്ള മനക്കരുത്തും അവര്‍ക്കുണെ്ടന്ന് അദ്ദേഹം മനസിലാക്കി. പരീക്ഷ എഴുതിയിരുന്നെങ്കില്‍ എ ഗ്രേഡ് ലഭിക്കുമായിരുന്ന ആ വിദ്യാര്‍ഥികള്‍ക്കു പരീക്ഷ കൂടാതെ തന്നെ ഉയര്‍ന്ന ഗ്രേഡ് അദ്ദേഹം നല്‍കുകയായിരന്നു.

നാമും ഒരു പരീക്ഷ എഴുതുവാന്‍ ഒരുങ്ങുകയാണെന്നു കരുതുക. അപ്പോള്‍ പരീക്ഷ എഴുതാതെ തന്നെ ബി ഗ്രേഡില്‍ പാസാകുവാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആ അവസരമായിരിക്കുമോ നാം ഉപയോഗിക്കുക? അതോ ഉയര്‍ന്ന ഗ്രേഡ് വാങ്ങുവാന്‍ വേണ്ടി നാം പരീക്ഷ എഴുതുമോ?

നമ്മില്‍ പലരുടെയും ജീവിതരീതി കണ്ടാല്‍ നാം ബി ഗ്രേഡ് കൊണ്ടു സംതൃപ്തരാകുന്നവരാണെന്നു തോന്നുകയില്ലേ? അധ്വാനിക്കാതെയും കഷ്ടപ്പെടാതെയും എളുപ്പത്തില്‍ കാര്യം നേടുവാനല്ലേ നമ്മില്‍ ഏറെപ്പേരും പലപ്പോഴും ശ്രമിക്കുക? ജീവിതത്തില്‍ ഉയര്‍ന്ന ഗ്രേഡ് സമ്പാദിക്കുവാന്‍ വേണ്ടി കഷ്ടപ്പെടുവാന്‍ നാം തയാറാകുമോ? അതുപോലെ ഉയര്‍ന്ന ഗ്രേഡിലുള്ള ഉദാത്തമായ ജീവിതശൈലി പിന്തുടരുവാന്‍ നമ്മിലെത്രപേര്‍ക്ക് ആഗ്രഹമുണ്ട്?

ജീവിതത്തില്‍ ശരിയായി വളരുവാനും ഉയര്‍ന്ന രീതിയിലുള്ള ചിന്തയും പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും നമുക്കു സാധിച്ചിരുന്നെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ ക്വാളിറ്റി എത്രയേറെ വര്‍ധിക്കുമായിരുന്നു. അതിനുപകരം ഭൂരിഭാഗം പേരും ബി ഗ്രേഡി ലും കുറഞ്ഞ ഒരു ജീവിത ശൈലികൊണ്ടു തൃപ്തിപ്പെടുകയല്ലേ ചെയ്യുന്നത്? നമുക്കു നമ്മുടെ പഠനത്തിന്റെയും ജോലിയുടെയും മൊത്തത്തിലുള്ള ജീവിതത്തിന്റെയും ഗ്രേഡ് ഉയര്‍ത്താം. കാരണം, നാമാരും ബി ഗ്രേഡ് മാത്രമോ അതിലും കുറവോ സ്വീകരിക്കുവാന്‍ വിധിക്കപ്പെട്ടവരല്ല. നമുക്കെല്ലാവര്‍ക്കും എപ്പോഴും ഉയര്‍ന്ന എ ഗ്രേഡിനുള്ള അര്‍ഹതയുണ്ട്; അതു ലഭിക്കുവാനുള്ള സാധ്യതയുമുണ്ട്. അതു സമ്പാദിക്കുവാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ടാകണമെന്നു മാത്രം.
    
To send your comments, please clickhere