Jeevithavijayam
9/24/2020
    
വളര്‍ത്തുന്ന വാക്കും പ്രവൃത്തിയും
വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിനില്‍ ഒരുസംഘം യുവാക്കള്‍ ഒരു ചര്‍ച്ചാഗ്രൂപ്പിനു രൂപംനല്‍കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അസാധാരണകഴിവും താത്പര്യവുമുള്ളവരായിരുന്നു അവര്‍. 'കഴുത്തു ഞെരിച്ചുകൊല്ലുന്നവര്‍' എന്നര്‍ഥംവരുന്ന 'സ്ട്രാംഗ്‌ളേഴ്‌സ്' (ടൃേമിഴഹലൃ)െ എന്നായിരുന്നു ഈ ഗ്രൂപ്പിന്റെ പേര്.

സാഹിത്യവാസനയുള്ള യുവാക്കള്‍ ഇങ്ങനെയൊരു ചര്‍ച്ചാഗ്രൂപ്പ് ആരംഭിച്ചപ്പോള്‍ യുവതികള്‍ മാറിനിന്നില്ല. സാഹിത്യത്തില്‍ താത്പര്യമുള്ള ചില യുവതികള്‍ ചേര്‍ന്ന് 'ബഹളംവച്ച് വഴക്കുണ്ടാക്കുന്നവര്‍' എന്നര്‍ഥംവരുന്ന 'റാംഗ്‌ളേഴ്‌സ്' (ണൃമിഴഹലൃ)െ എന്ന ചര്‍ച്ചാഗ്രൂപ്പിനു ജന്മംനല്‍കി.

പ്രവര്‍ത്തനശൈലിയില്‍ ഈ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. രണ്ടുകൂട്ടരും സാഹിത്യസൃഷ്ടി നടത്തുകയും ഇടയ്ക്കിടെ വെവ്വേറെ സമ്മേളിച്ച് തങ്ങളുടെ കൃതികളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നുവെങ്കിലും യുവാക്കളുടെ ഗ്രൂപ്പ് പരസ്പരം നശിപ്പിക്കുന്ന രീതിയില്‍ അതിനിശിതമായ വിമര്‍ശനത്തിനു മുതിര്‍ന്നപ്പോള്‍ യുവതികളുടെ ഗ്രൂപ്പ് ക്രിയാത്മകമായ വിമര്‍ശനത്തിലും പരസ്പരം പ്രോത്സാഹനത്തിലുമാണ് ശ്രദ്ധിച്ചത്. യുവാക്കള്‍ പരസ്പരം കഴുത്തുഞെരിച്ചപ്പോള്‍ യുവതികള്‍ പരസ്പരം തോളില്‍തട്ടി പ്രോത്സാഹിപ്പിച്ചു. യുവാക്കള്‍ തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സമര്‍ഥനായ എഴുത്തുകാരനെപ്പോലും ഖണ്ഡന വിമര്‍ശനംകൊണ്ട് അടിച്ചുനിലത്തിട്ടപ്പോള്‍ യുവതികള്‍ തങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും കഴിവുകുറഞ്ഞ എഴുത്തുകാരിക്കുപോലും കുറവുകള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാണിച്ചുകൊടുത്ത് നല്ല സാഹിത്യസൃഷ്ടി നടത്താന്‍ ഉത്തേജനം നല്‍കി.

ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിനിലെതന്നെ ഒരു വിദ്യാര്‍ഥി ഈ രണ്ടു ഗ്രൂപ്പുകളെക്കുറിച്ചും ഒരു താരതമ്യപഠനം നടത്തി. ഒരുക്ലാസ് പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഈ പഠനം.

സ്ട്രാംഗ്‌ളേഴ്‌സിലും റാംഗ്‌ളേഴ്‌സിലും അംഗങ്ങളായിരുന്ന യുവതീയുവാക്കളെ കണ്ടുപിടിക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടായില്ല. എന്നാല്‍ അവരുടെ അനന്തരജീവിതത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വലിയ അന്തരമുള്ളതായി ശ്രദ്ധിക്കപ്പെട്ടു. യുവാക്കളുടെ ഗ്രൂപ്പിലുണ്ടായിരുന്ന മിടുമിടുക്കന്മാരാരും സാഹിത്യരംഗത്തു വളര്‍ച്ചനേടിയില്ല. അവരില്‍ പലരും സാഹിത്യമേഖലയില്‍നിന്നുതന്നെ മാറിക്കഴിഞ്ഞിരുന്നു.

എന്നാല്‍, യുവതികളുടെ സ്ഥിതി അതായിരുന്നില്ല. അവരില്‍ ആറിലേറെപ്പേര്‍ സാഹിത്യരംഗത്ത് അതിനകം വിജയംനേടിക്കഴിഞ്ഞിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാര്‍ജോറി റോളിംഗ്‌സും ഇവരില്‍ ഉള്‍പ്പെടും.

സ്ട്രാംഗ്‌ളേഴ്‌സില്‍പ്പെട്ട ആരും സാഹിത്യരംഗത്ത് ശോഭിക്കാതെപോയപ്പോള്‍ ആറു റാംഗ്‌ളേഴ്‌സ് അംഗങ്ങള്‍ സാഹിത്യരംഗത്തു വിജയമകുടംചൂടി.

എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?

ഇരുഗ്രൂപ്പുകളും വിദ്യാഭ്യാസനിലവാരത്തില്‍ തുല്യരായിരുന്നു. അവരുടെ സാഹിത്യാഭിരുചിയും ഏതാണ്ട് ഒരേ നിലവാരത്തില്‍തന്നെയുള്ളതായിരുന്നു. എന്നാല്‍, സ്ട്രാംഗ്‌ളേഴ്‌സ് പരസ്പരം രൂക്ഷമായി വിമര്‍ശിച്ച് അന്യോന്യം ആത്മവിശ്വാസം നശിപ്പിച്ചപ്പോള്‍ റാംഗ്‌ളേഴ്‌സ് അംഗങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിച്ച് അന്യോന്യം സഹായിച്ചു. ആദ്യത്തെ ഗ്രൂപ്പ് പരസ്പരം കഴുത്തിനുപിടിച്ച് ഞെരിച്ചപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് പരസ്പരം ആത്മവിശ്വാസം പകര്‍ന്നു. ആദ്യത്തെ ഗ്രൂപ്പ് കുറ്റങ്ങളിലും കുറവുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് തങ്ങളുടെ ന്യൂനതകള്‍ പരിഹരിച്ചു വളരുന്നതില്‍ ശ്രദ്ധിച്ചു. അങ്ങനെയാണ് ആദ്യത്തെ സംഘം സാഹിത്യരംഗത്ത് പരാജയപ്പെടുകയും രണ്ടാമത്തേത് സാഹിത്യരംഗത്തു വിജയിക്കുകയും ചെയ്തത്.


സാഹിത്യരംഗത്തു മാത്രമല്ല, ജീവിതത്തിലെ ഏതുരംഗത്തും വിജയംനേടണമെങ്കില്‍ മറ്റുള്ളവരുടെ പ്രോത്സാഹനവും സഹകരണവും നമുക്കാവശ്യമാണ്. നാം ശ്രമിച്ചതുകൊണ്ടുമാത്രം ജീവിതത്തില്‍ വിജയിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, പലപ്പോഴും ജീവിതത്തില്‍ നാം കൊയ്‌തെടുക്കുന്ന പല വിജയങ്ങളുടെയും പ്രധാനകാരണം മറ്റുള്ളവരുടെ അവസരോചിതമായ പ്രോത്സാഹനവും സഹായവുംതന്നെ.

ബ്രിട്ടീഷ് സാഹിത്യകാരനായിരുന്ന വാള്‍ട്ടര്‍ സ്‌കോട്ട് (17711832) ചെറുപ്പകാലത്ത് അത്ര സമര്‍ഥനായി അറിയപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, പഠനത്തില്‍ പിന്നോക്കമായിരുന്നതുകൊണ്ട് ബാലനായ സ്‌കോട്ടിനെക്കുറിച്ച് ആര്‍ക്കും വലിയ പ്രതീക്ഷകളുമില്ലായിരുന്നു. എന്നാല്‍ ഒരു ചെറിയ സംഭവം സ്‌കോട്ടിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

സ്‌കോട്ടിന് ഏതാണ്ട് പന്ത്രണ്ടു വയസുള്ളപ്പോള്‍ കവിയായ റോബര്‍ട്ട് ബേണ്‍സ് പങ്കെടുത്ത ഒരു ചിത്രപ്രദര്‍ശനത്തില്‍ സംബന്ധിക്കാനിടയായി. അന്ന് ഒരു ചിത്രത്തിന്റെ അടിക്കുറിപ്പായി എഴുതിയിരുന്നത് ഒരു ഇംഗ്ലീഷ് കവിതയിലെ ഏതാനും വരികളായിരുന്നു.

ആ കവിത ആരുടേതാണെന്നു ബേണ്‍സിന് അറിയില്ലായിരുന്നു. അദ്ദേഹം കവിതയുടെ കര്‍ത്താവിനെക്കുറിച്ചു തിരക്കി. പക്ഷേ, ആ ചിത്രപ്രദര്‍ശനത്തിന്റെ സംഘാടകരിലാര്‍ക്കും അക്കാര്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവര്‍ തങ്ങളുടെ അജ്ഞത വ്യക്തമാക്കിയപ്പോള്‍ സ്‌കോട്ട് മുന്നോട്ടുവന്ന് ആ കവിതയെഴുതിയ ആളുടെ പേരു പറയുകയും കവിതയുടെ ബാക്കിഭാഗം ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു.

അപ്പോള്‍ ബേണ്‍സ് ബാലനായ സ്‌കോട്ടിനെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു: 'മോനേ, നീ മിടുക്കനാണ്. നീ ഒരിക്കല്‍ പ്രശസ്തനായിത്തീരും.' ബേണ്‍സിന്റെ അഭിനന്ദനവചസുകളും പ്രോത്സാഹനവും സ്‌കോട്ടിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നത്രേ.

നമ്മുടെ പ്രോത്സാഹനവചസുകള്‍ക്കു മറ്റുള്ളവരില്‍, പ്രത്യേകിച്ചു ബാലമനസുകളില്‍, നല്ല സ്വാധീനമുണെ്ടന്നതാണു വസ്തുത. അവസരത്തിനൊത്ത പ്രോത്സാഹനവും അഭിനന്ദനവുമൊക്കെ മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ നമുക്കു സാധിച്ചാല്‍ അതു വലിയൊരു സേവനമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

അതുപോലെ, മറ്റുള്ളവരുടെ ആത്മവിശ്വാസവും ഉന്മേഷവുമൊക്കെ തകര്‍ക്കുന്ന രീതിയിലുള്ള വിമര്‍ശനവും കുറ്റംപറച്ചിലുമൊക്കെ നാം ഉപേക്ഷിക്കുകതന്നെവേണം. കാരണം, നാം ഉദ്ദേശിക്കുന്നില്ലെങ്കില്‍ക്കൂടി അങ്ങനെയുള്ള പ്രവൃത്തി മറ്റുള്ളവരുടെ വളര്‍ച്ചയ്ക്കും വിജയത്തിനും വിഘാതമായിനില്‍ക്കും.

നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരുടെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും പ്രോത്സാഹനവും ഉത്തേജനവും നല്‍കുന്ന രീതിയിലുള്ളവയാകട്ടെ. അവ അവരുടെ ജീവിതവിജയത്തിനു സഹായിക്കുന്നതുപോലെതന്നെ നമ്മുടെ ജീവിതം ധന്യമാകുന്നതിനും ഇടവരുത്തും.
    
To send your comments, please clickhere