Jeevithavijayam
7/14/2020
    
മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കുക
പരസ്പരം അറിയാമായിരുന്നെങ്കിലും അവര്‍ ആദ്യം കണ്ടുമുട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ മോഡിഗ്ലിയാനി തന്റെ അതിഥിയായ ഉട്രീലോയെ ശരിക്കും സല്‍ക്കരിച്ചു. മദ്യം രണ്ടുപേരുടെയും ബലഹീനതയായിരുന്നതുകൊണ്ട് ഇരുവരും അന്നു വളരെ കുടിച്ചു.

കുടി മൂത്തപ്പോള്‍ മോഡിഗ്ലിയാനിയുടെ വര്‍ത്തമാനവും കൂടി. കുഴഞ്ഞ നാവോടെയാണെങ്കിലും ആവേശത്തോടെ അദ്ദേഹം പറഞ്ഞു: ''ഉട്രീലോ, നീയാണു ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്‍.''

ഉടനേ ഉട്രീലോ ആവേശപൂര്‍വം തന്നെ പറഞ്ഞു: ''അല്ലല്ല, നീയാണു ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്‍.''

അതിനു മോഡിഗ്ലിയാനിയുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നു. ''ഞാനാണ് ആധികാരികമായി പറയുന്നത്. നീ തന്നെ ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്‍.''

ഉരുളയ്ക്കുപ്പേരി എന്ന മട്ടില്‍ ഉട്രീലോയും തിരിച്ചടിച്ചു. ''ഞാനും ആധികാരികമായിട്ടു തന്നെയാണ് പറയുന്നത്. നീയാണ് ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്‍.''

ഉട്രീലോയുടെ മറുപടി മോഡിഗ്ലിയാനിക്കിഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ''ഞാന്‍ പറയുന്നതു നിഷേധിക്കാന്‍ നിനക്ക് അവകാശമില്ല.''

അപ്പോള്‍ ഉട്രീലോയും അതുതന്നെ പറഞ്ഞു: ''ഞാന്‍ പറയുന്നതു നിഷേധിക്കാന്‍ നിനക്കും അവകാശമില്ല.''

മദ്യലഹരിയില്‍ മുങ്ങിയിരുന്ന മോഡിഗ്ലിയാനി കലികയറിപ്പറഞ്ഞു: ''ഞാന്‍ പറയുന്നത് ഇനിയും നിഷേധിച്ചാല്‍ നീ എന്റെ തല്ലുകൊള്ളും.''

ഉട്രീലോയും അല്പം പോലും വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു: ''നീയാണ് ലോകത്തിലെ ഏറ്റവും വലിയ ചിത്രകാരന്‍. ഞാനാണ് ഇതു പറയുന്നത്. ഞാന്‍ പറയുന്നതു നിഷേധിച്ചാല്‍ നീ തീര്‍ച്ചയായും എന്റെ തല്ലുകൊള്ളും.''

ഇതു കേള്‍ക്കേണ്ട താമസം, മോഡിഗ്ലിയാനി ഉട്രീലോയുടെ മേല്‍ ചാടിവീണു. രണ്ടുപേരും പരസ്പരം പൊതിരേ തല്ലി. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ക്കു ബോധംവന്നു. തങ്ങളുടെ പ്രവൃത്തിയെക്കുറിച്ചു കുറ്റബോധം തോന്നിയ അവര്‍ പരസ്പരം ക്ഷമപറഞ്ഞു. തങ്ങളുടെ പ്രവൃത്തിക്കുള്ള പരിഹാരമായി പുറത്തുപോയി രണ്ടു സ്‌മോളടിച്ചുകളയാമെന്ന് അവര്‍ തീരുമാനിച്ചു.

ബാറില്‍പ്പോയി വീണ്ടും കുടിച്ചു ലക്കില്ലാതെ പുറത്തേക്കിറങ്ങിയപ്പോള്‍ മോഡിഗ്ലിയാനി കുഴഞ്ഞ നാവോടെ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു: ''ഉട്രീലോ, നീയാണ് ഏറ്റവും വലിയ ചിത്രകാരന്‍.''

അപ്പോള്‍ ഉട്രീലോയില്‍നിന്നു വീണ്ടും പഴയ പല്ലവി ഉയര്‍ന്നു: ''അല്ലെടാ, നീയാണ് ഏറ്റവും നല്ല ചിത്രകാരന്‍.''

അവര്‍ തമ്മില്‍ വീണ്ടും ഒരു ഏറ്റുമുട്ടലുണ്ടാകാന്‍ അധികസമയം വേണ്ടിവന്നില്ല. ഇത്തവണത്തെ തല്ലിനു ചൂടുകുറവായിരുന്നെങ്കിലും അവരിരുവരും വഴിയരുകില്‍ പെട്ടെന്നു കുഴഞ്ഞുവീണു. ക്ഷീണംമൂലം അവര്‍ ഉറങ്ങിപ്പോവുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തങ്ങള്‍ കൊള്ളയടിക്കപ്പെട്ടു എന്നവര്‍ക്കു മനസിലായി. എങ്കിലും തലേരാത്രിയിലെ തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചോര്‍ത്ത് അവര്‍ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചുപോയി.

മോഡിഗ്ലിയാനിയും (18841920) ഉട്രീലോയും (18831955) ഒരു കാലഘട്ടത്തിലെ പ്രസിദ്ധരായ ഇറ്റാലിയന്‍ ചിത്രകാരന്മാരായിരുന്നു. അവരെക്കുറിച്ചുള്ള ഈ കഥ വെറും കെട്ടുകഥയാണെന്നു കരുതേണ്ടതില്ല. പരിധിവിട്ടു കുടിച്ചും മയക്കുമരുന്നിനടിമപ്പെട്ടുമാണ് മുപ്പത്തിയാറാമത്തെ വയസില്‍ മോഡിഗ്ലിയാനി മരിച്ചത്.

മോഡിഗ്ലിയാനിക്കും ഉട്രീലോയ്ക്കും പരസ്പരം വലിയ ബഹുമാനവും ആദരവുമായിരുന്നു. മദ്യം അകത്തുചെന്നപ്പോള്‍ അവരുടെ പരസ്പര ബഹുമാനവും ആദരവുമൊക്കെ കുറെക്കൂടിപ്പോയി എന്നതു വേറെ കാര്യം. എങ്കിലും ഹൃദയപൂര്‍വം മറ്റുള്ളവരെ അംഗീകരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവര്‍ പ്രകടിപ്പിച്ച ആത്മാര്‍ഥത അനുകരണീയംതന്നെ.


മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളുടെ പേരില്‍ അവരോട് ആദരവു പ്രകടിപ്പിക്കുന്നതിനും നമുക്കു സാധിച്ചാല്‍ നാമും യഥാര്‍ഥത്തില്‍ വലിയവരാകുമായിരുന്നു. എന്നാല്‍, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനും അവരെ ഹൃദയപൂര്‍വം പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കു പലപ്പോഴും സാധിക്കാറുണേ്ടാ? മറ്റുള്ളവരിലുള്ള കഴിവുകള്‍ നമുക്കു ബോധ്യപ്പെട്ടാല്‍പ്പോലും അവ കണ്ടില്ലെന്നു നടിക്കാനല്ലേ നമുക്കു താത്പര്യം?

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമൊക്കെ നമുക്കു വൈമനസ്യമുണ്ടാകുമ്പോള്‍ അതു നീതീകരിക്കുവാന്‍ വേണ്ടി നാം സ്വയം പറയും: ''എന്നെ ആരും പ്രോത്സാഹിപ്പിച്ചിട്ടും അംഗീകരിച്ചിട്ടുമല്ല ഞാന്‍ വളര്‍ന്നത്.'' എന്നാല്‍, സത്യമെന്താണ്?

എത്രയോ പേരുടെ സഹായവും സഹകരണവും പ്രോത്സാഹനവുമൊക്കെയാണ് നമ്മെയൊക്കെ ഇന്നു നാം ആയിരിക്കുന്ന രീതിയില്‍ ആക്കിത്തീര്‍ത്തിരിക്കുന്നത്. നാമാരും മറ്റുള്ളവരുടെ സാഹായവും പ്രോത്സാഹനവും കൂടാതെ വളര്‍ന്നവരല്ല.

ആരെങ്കിലും സെല്‍ഫ് മെയ്ഡ് ആണെന്നു അവകാശപ്പെട്ടാല്‍ അതില്‍പ്പരം വലിയ തമാശയുണ്ടാവില്ല. പലപ്പോഴും മറ്റുള്ളവരുടെ സഹായവും പ്രോത്സാഹനവും കൂടാതെ പ്രതിസന്ധികളെ നാം തരണംചെയ്തിട്ടുണ്ടാവാം, നിശ്ചയദാര്‍ഢ്യത്തോടെ ശരിക്കും അധ്വാനിച്ചു വളര്‍ന്നിട്ടുണ്ടാകാം. എന്നിരുന്നാലും ആരുടെയും സഹായവും സഹകരണവും കൂടാതെയാണു നമ്മള്‍ വളര്‍ന്നതെന്ന് ഒരിക്കലും നമുക്കു പറയാനാവില്ല. കാരണം, നമുക്കാര്‍ക്കും തനിയെ ഈ ലോകത്തില്‍ ഒന്നും നേടാനാവില്ലെന്നതാണു സത്യം. നമ്മുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നമുക്കു മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട്. മറ്റുള്ളവരില്‍ നിന്ന് ഏതു രീതിയില്‍ എന്തുമാത്രം സഹായവും സഹകരണവും നമുക്കു കിട്ടുന്നു എന്നതിനെ ആശ്രയിച്ചാണു പലപ്പോഴും നമ്മുടെ വളര്‍ച്ചയും നേട്ടങ്ങളും നിലകൊള്ളുന്നത്.

നമുക്കു മറ്റുള്ളവരുടെ സഹായവും അംഗീകാരവും പ്രോത്സാഹനവുമൊക്കെ ആവശ്യമുള്ളതുപോലെ മറ്റുള്ളവര്‍ക്കും നമ്മുടെ സഹായവും പ്രോത്സാഹനവും ആവശ്യമുണെ്ടന്നതു നമുക്കു മറക്കാതിരിക്കാം. നാം മനസു വയ്ക്കുകയാണെങ്കില്‍ എത്രയേറെ അവസരങ്ങളില്‍ ഏതെല്ലാം രീതിയില്‍ നമുക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും സാധിക്കും! പക്ഷേ, അങ്ങനെ ചെയ്യണമെങ്കില്‍ നാമും യഥാര്‍ഥത്തില്‍ വളര്‍ച്ചപ്രാപിച്ച വലിയ മനുഷ്യരായിരിക്കണം.

നമ്മുടെ വളര്‍ച്ചയുടെ യഥാര്‍ഥ പ്രതിഫലനമാണു മറ്റുള്ളവരെ നാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മില്‍ പ്രകടമാകുന്നത്. കാരണം, നമ്മുടെ ഹൃദയത്തില്‍ യഥാര്‍ഥ വളര്‍ച്ചയുണ്ടാകാതെ നമുക്കു മറ്റൊരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്നതുതന്നെ.

വലിയ ഹൃദയമുള്ള, വളര്‍ച്ചപ്രാപിച്ച മനുഷ്യരായി നമുക്കു ജീവിക്കാം. മറ്റുള്ളവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരെ വളര്‍ത്തുകയും ചെയ്യുന്ന വലിയ മനുഷ്യരായി നമുക്കു ജീവിക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും എന്നും നിറഞ്ഞുനില്‍ക്കും.
    
To send your comments, please clickhere