Jeevithavijayam
7/9/2020
    
ദൈവത്തിനു വിട്ടുകൊടുത്തേക്കുക
'ദൈവത്തില്‍നിന്ന് ഒരു മെമ്മോ' എന്ന പേരില്‍ ആരോ തയാറാക്കിയ ഒരു ചെറുലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

'ഞാന്‍ ദൈവമാണ്. ഇന്നു നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഞാന്‍ കൈകാര്യംചെയ്യുന്നതാണ്. നിങ്ങള്‍ക്കു കൈകാര്യംചെയ്യാന്‍ സാധിക്കുകയില്ലെന്നു തോന്നുന്ന പ്രശ്‌നങ്ങള്‍ ഇന്നു നിങ്ങള്‍ക്കുണ്ടായാല്‍ അവ എനിക്കുള്ള പെട്ടിയിലിടുക. അവ എന്റെ പേരിലായിരിക്കണം അഡ്രസ്‌ചെയ്തിരിക്കുന്നത്, നിങ്ങളുടെ പേരിലായിരിക്കരുത്. അവ എന്റെ പെട്ടിയിലായാല്‍പ്പിന്നെ അവയെക്കുറിച്ച് ആകുലചിന്ത വേണ്ട.

'ഇന്നു യാത്രയ്ക്കിടയില്‍ ട്രാഫിക്കില്‍ കുരുങ്ങുകയാണെങ്കില്‍ അതെക്കുറിച്ചു മുറുമുറുപ്പുവേണ്ട. കാറിലും ബസിലുമൊന്നും യാത്രചെയ്യാന്‍ ഭാഗ്യംലഭിക്കാത്ത എത്രയോപേരുണ്ട് ഈ ലോകത്തില്‍.

'ജോലിസ്ഥലത്ത് അധ്വാനഭാരം കൂടുതലാണോ? ഇഷ്ടമില്ലാത്ത സ്ഥലത്താണോ ജോലി? വര്‍ഷങ്ങളായി തൊഴില്‍തേടി അലയുന്നവരെ ഓര്‍മിക്കുക.

'നിങ്ങളുടെ സ്‌നേഹബന്ധത്തില്‍ വിള്ളലുകള്‍ വീണിട്ടുണേ്ടാ? ജീവിതത്തില്‍ ഒരിക്കലും സ്‌നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ലാത്തവരെ അനുസ്മരിക്കുക.

'ഒരു അവധിദിവസം ജോലിചെയ്യേണ്ടിവരുന്നതുകൊണ്ട് അവധി ആസ്വദിക്കാന്‍ സാധിക്കാതെപോയതില്‍ വിഷമമുണേ്ടാ? തങ്ങളുടെ മക്കളെ വളര്‍ത്താന്‍വേണ്ടി ആഴ്ചയില്‍ ഏഴുദിവസവും പന്ത്രണ്ടുമണിക്കൂര്‍വീതമെങ്കിലും കഷ്ടപ്പെടുന്ന അമ്മമാരെ ഓര്‍മിക്കുക.

'കാര്‍ ബ്രേക്ക്ഡൗണ്‍ ആയതുമൂലമോ ബസ് കിട്ടാത്തതുമൂലമോ നടക്കേണ്ടിവരുമ്പോള്‍ ദേഷ്യം തോന്നാറുണേ്ടാ? പരസഹായംകൂടാതെ ഒരടിയെങ്കിലും നടക്കാനാഗ്രഹിക്കുന്ന തളര്‍വാതരോഗികളെ മറക്കേണ്ട.

'തലമുടിയില്‍ നരവീഴാന്‍തുടങ്ങുന്നതു കണ്ണാടിയിലൂടെ കാണുമ്പോള്‍ നഷ്ടബോധത്തിനടിമയാകുന്നുണേ്ടാ? കീമോതെറാപ്പിമൂലം മുടിമുഴുവന്‍ നഷ്ടമായ യുവതി തനിക്കു കുറെ മുടിയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്നാശിക്കുന്നതു ഭാവനചെയ്യുക.

'മറ്റുള്ളവരുടെ കുശുമ്പും കുന്നായ്മയും അജ്ഞതയും അപകര്‍ഷതാബോധവുമൊക്കെമൂലം നിങ്ങള്‍ക്കു വിഷമം നേരിടേണ്ടിവരുന്നുണേ്ടാ? അപ്പോള്‍ ഓര്‍മിക്കുകനിങ്ങള്‍ അവരുടെ സ്ഥാനത്തായിരുന്നെങ്കില്‍ നിങ്ങളുടെ സ്ഥിതി എത്രയേറെ ദയനീയമാകുമായിരുന്നു! നിങ്ങളായിരിക്കുകയില്ലേ അപ്പോള്‍ ആ ഹീനകൃത്യങ്ങള്‍ക്കുത്തരവാദികള്‍?

'ജീവിതത്തിലെ കഷ്ടതകള്‍മൂലം ജീവിതത്തിന്റെ അര്‍ഥത്തെപ്പറ്റിപ്പോലും തീര്‍ച്ചയില്ലാതാകുമ്പോള്‍ നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുക. കാരണം, ജീവിതത്തെപ്പറ്റി ചിന്തിക്കാനുള്ള ഒരവസരംപോലും ലഭിക്കാതെ എത്രയോപേര്‍ ജീവിതബാല്യത്തില്‍തന്നെ കൊഴിഞ്ഞുപോയിരിക്കുന്നു.'

ഈ മെമ്മോ ഇവിടംകൊണ്ട് അവസാനിക്കുകയാണ്. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ചു ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് ഒട്ടേറെ പുത്തന്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുമെന്നതില്‍ സംശയംവേണ്ട. പലപ്പോഴും ജീവിതത്തെ അതിന്റെ സമഗ്രതയില്‍ കാണാതെപോകുമ്പോഴല്ലേ ജീവിതത്തിലെ കൊച്ചുകൊച്ചു ബുദ്ധിമുട്ടുകള്‍പോലും താങ്ങാനാവാത്ത ഭാരങ്ങളായി നമുക്കു തോന്നുന്നത്?

ജീവിതം വലിയൊരു കടങ്കഥതന്നെ. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു നമുക്കു യാതൊരു ഊഹവും ഉണ്ടാകില്ല. നാം പ്രതീക്ഷിക്കാത്തവിധത്തില്‍ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം ആകപ്പാടെ അസ്വസ്ഥരാകും. ചിലപ്പോള്‍ അതിന്റെ പേരില്‍ മറ്റുള്ളവരെയും ദൈവത്തെത്തന്നെയും പ്രതിക്കൂട്ടില്‍ കയറ്റിയെന്നിരിക്കും.


എന്നാല്‍, ദൈവത്തിന്റെ അനന്തപരിപാലനയനുസരിച്ചേ നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കൂ എന്ന വിശ്വാസവും അവബോധവും നമുക്കുണെ്ടങ്കില്‍ ജീവിതത്തിലെ ദുഃഖദുരിതങ്ങളും ഇച്ഛാഭംഗങ്ങളുമൊന്നും നമ്മെ തളര്‍ത്തുകയില്ലെന്നതാണു സത്യം. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കും അവിടുത്തെ പരിപാലനയനുസരിച്ച് ജീവിക്കുന്നവര്‍ക്കും എല്ലാം നന്മയ്ക്കു മാത്രമേ സംഭവിക്കൂ എന്നതില്‍ സംശയംവേണ്ട.

വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കോട്ട്‌ലന്‍ഡിലെ ക്ലാര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. അമേരിക്കയിലേക്കു കുടിയേറുക എന്നതായിരുന്നു അവരുടെ സ്വപ്നം. പതിനൊന്നംഗങ്ങളുണ്ടായിരുന്ന ആ കുടുംബത്തിലെ എല്ലാവരും പാസ്‌പോര്‍ട്ടും യാത്രയ്ക്കുള്ള പണവും സമ്പാദിച്ച് അമേരിക്കയിലേക്കു കപ്പല്‍കയറാനുള്ള അവസരത്തിനായി കാത്തിരുന്നു.

യാത്രയ്ക്കുവേണ്ടി ടൈറ്റാനിക് എന്ന പടുകൂറ്റന്‍ കപ്പലിലായിരുന്നു തങ്ങളുടെ സീറ്റുകള്‍ അവര്‍ റിസര്‍വുചെയ്തിരുന്നത്. പക്ഷേ, യാത്രയുടെ ഏഴുദിവസംമുമ്പ് ആ കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തെ ഒരു പേപ്പട്ടി കടിക്കാനിടയായി. അവരുടെ ഗ്രാമത്തിലെ ഡോക്ടര്‍ ആ ബാലന്റെ മുറിവുകള്‍ വച്ചുകെട്ടുകയും മരുന്നു കൊടുക്കുകയുംചെയ്തു. എന്നാല്‍, മറ്റുള്ളവര്‍ക്കു പേവിഷബാധയുണ്ടാകുമെന്നു ഭയന്ന്, ആ കുടുംബത്തിലെ പതിനൊന്നുപേരും പതിന്നാലുദിവസത്തേക്ക് പുറത്തിറങ്ങരുതെന്ന് അധികാരികളുടെ കല്പനയുണ്ടായി.

തന്മൂലം, ടൈറ്റാനിക്കില്‍ യാത്രചെയ്യാനുള്ള അവരുടെ അവസരം നഷ്ടമായി. ക്ലാര്‍ക്ക് കുടുംബാംഗങ്ങളെക്കൂടാതെ ടൈറ്റാനിക് യാത്രപുറപ്പെട്ടപ്പോള്‍ കുടുംബനാഥന്‍ കലികയറി ദൈവത്തെയും തന്റെ മോനെയും തലയില്‍കൈവച്ച് ശപിച്ചു.

അഞ്ചുദിവസത്തിനുശേഷംകൃത്യമായിപ്പറഞ്ഞാല്‍ 1912 ഏപ്രില്‍ 15ന് ടൈറ്റാനിക് എന്ന ഭീമന്‍ കപ്പല്‍ കൂറ്റനൊരു മഞ്ഞുകട്ടയിലിടിച്ചു തകര്‍ന്നു. ആ കപ്പലിലുണ്ടായിരുന്ന ആയിരത്തഞ്ഞൂറോളംപേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 712 പേര്‍ മാത്രം രക്ഷപ്പെട്ടു.

ടൈറ്റാനിക് മുങ്ങി നിരവധിയാളുകള്‍ മരണമടഞ്ഞു എന്ന വാര്‍ത്ത ക്ലാര്‍ക്ക് കുടുംബത്തലവന്‍ ശ്രവിച്ചപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ദൈവം എത്ര മനോഹരമായാണ് തന്നെയും കുടുംബാംഗങ്ങളെയും ആ ദുരന്തത്തില്‍നിന്നു രക്ഷിച്ചതെന്നോര്‍ത്തപ്പോള്‍ അയാള്‍ മുട്ടിന്മേല്‍വീണു ദൈവത്തിനു നന്ദിപറഞ്ഞു.

ക്ലാര്‍ക്ക് കുടുംബത്തിലെ ഏറ്റവും ഇളയപുത്രനു പേപ്പട്ടിയുടെ കടിയേറ്റത് ആ കുടുംബത്തിനുണ്ടായ ഒരു ദുരന്തമായിരുന്നു. എന്നാല്‍, ആ ദുരന്തം ഒരു അനുഗ്രഹമായിമാറി. ടൈറ്റാനിക്കിലെ അവരുടെ യാത്രമുടങ്ങിയതുകൊണ്ട് അവര്‍ക്ക് അന്നു ജീവന്‍ നഷ്ടമായില്ല.

നമ്മുടെ ജീവിതത്തിലെ പല കഷ്ടതകളും ദുഃഖദുരിതങ്ങളും ദൈവത്തില്‍നിന്ന് അനുഗ്രഹം ലഭിക്കുന്ന അവസരങ്ങളാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ നമുക്കു വിഷമമായിരിക്കും. എന്നാല്‍, ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി മാത്രമേ സംഭവിക്കൂ.
    
To send your comments, please clickhere