Jeevithavijayam
12/16/2019
    
ആഘോഷത്തിന്റെ പങ്ക് അവര്‍ക്കും
സാലിക്ക് ആകെ ആറു മക്കള്‍. അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. അവരുടെ പ്രായം മൂന്നു മാസം മുതല്‍ ഏഴു വയസുവരെ. 1960 സെപ്റ്റംബറില്‍ സാലിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിക്കുമ്പോള്‍ അവര്‍ക്കു ജീവിക്കാന്‍ വരുമാനമാര്‍ഗമൊന്നുമില്ലായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതുകൊണ്ടു ജീവിക്കാതിരിക്കാനാവില്ലല്ലോ. സാലി വേഗം തന്റെ കുട്ടികളെയെല്ലാം കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങളണിയിച്ച് ഒരു ജോലി തേടിയിറങ്ങി. കാര്യമായ വിദ്യാഭ്യാസമില്ലാത്തവളായിരുന്നു സാലി. തന്മൂലം, ജോലി കണെ്ടത്തുക എളുപ്പമായിരുന്നില്ല.

അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്ത് അക്കാലത്തു ജോലി സാധ്യതകള്‍ കുറവായിരുന്നു. എങ്കിലും സാലി അന്വേഷണം തുടര്‍ന്നു. അവസാനം ഒരു റെസ്റ്ററന്റില്‍ അവര്‍ക്കു ജോലികിട്ടി. ട്രക്ക് ഡ്രൈവര്‍മാര്‍ കൂട്ടമായി വന്നു ഭക്ഷണം കഴിച്ചിരുന്ന ഒരു ഇടത്താവളമായിരുന്നു അത്.

അവിടെ ശമ്പളം വളരെ കുറവായിരുന്നു. എങ്കിലും സാലിക്കും കുട്ടികള്‍ക്കും ഭക്ഷണം വാങ്ങുവാനുള്ള തുക വേതനമായി അവിടെനിന്നു ലഭിച്ചിരുന്നു.

സാലി ഉപയോഗിച്ചിരുന്നതു പൊട്ടിപ്പൊളിഞ്ഞ ഒരു പഴയ കാറായിരുന്നു. പൊതുയാത്രാസൗകര്യമില്ലാതിരുന്ന അവിടെ കാറില്ലാതെ യാത്ര ചെയ്യുക അസാധ്യമായിരുന്നു. സാലിക്ക് കാറുണ്ടായിരുന്നെങ്കിലും ആ കാറിന്റെ ടയറെല്ലാം ഓടിയോടി തേഞ്ഞവയായിരുന്നു.

ഒരു ദിവസം ജോലി കഴിഞ്ഞു സാലി കാറില്‍ കയറുമ്പോള്‍ പിന്‍സീറ്റില്‍ നാലു പുതിയ ടയറുകള്‍ കണ്ടു. ആരാണ് ആ ടയറുകള്‍ അവിടെ വച്ചിരുന്നത് എന്നു വ്യക്തമായിരുന്നില്ല. എങ്കിലും ആരോ അവ ദാനമായി തനിക്കു നല്കിയതാണെന്നു സാലിക്ക് ഉറപ്പായിരുന്നു. സാലി വേഗം ഒരു സര്‍വീസ് സ്റ്റേഷനിലെത്തി കാറിനു പുതിയ ടയറുകളിട്ടു.

ക്രിസ്മസ് സീസണ്‍ അപ്പോള്‍ ഏറെ അകലെയായിരുന്നില്ല. തന്മൂലം, കുട്ടികള്‍ക്ക് എന്തെങ്കിലും സമ്മാനങ്ങള്‍ കണെ്ടത്തുന്ന തിരക്കിലായി സാലി. പണം കൊടുത്തു സമ്മാനങ്ങള്‍ വാങ്ങുവാന്‍ കഴിവില്ലാതിരുന്നതുകൊണ്ടു പഴയ കളിപ്പാട്ടങ്ങള്‍ എടുത്ത് അവയില്‍ പെയിന്റടിച്ചു മോടിപിടിപ്പിച്ചു കുട്ടികള്‍ക്കു കൊടുക്കുവാനാണ് സാലി പ്ലാന്‍ ചെയ്തത്. ക്രിസ്മസ് അടുത്തുവന്നപ്പോഴേക്കും സാലി ആ ജോലി ഏതാണ്ടു പൂര്‍ത്തിയാക്കി.

ക്രിസ്മസിന്റെ അവസരത്തില്‍ കുട്ടികള്‍ക്കു പുത്തനുടുപ്പു കൊടുക്കുക പതിവുള്ളതായിരുന്നു. പക്ഷേ, പുതിയ ഉടുപ്പുകള്‍ വാങ്ങുവാന്‍ പണമില്ലാതിരുന്നതുകൊണ്ടു പഴയ ഉടുപ്പുകള്‍ അവയുടെ കീറലുകള്‍ മാറ്റി മോടിപിടിപ്പിച്ചു. കീറിപ്പോയ ചില വസ്ത്രങ്ങള്‍ ഉപയോഗിച്ചു കൊച്ചുകുട്ടികള്‍ക്കു പുതിയ ഉടുപ്പുകള്‍ തനിയെ ഉണ്ടാക്കുകയും ചെയ്തു.

ക്രിസ്മസിന്റെ തലേദിവസം രാത്രിയിലും സാലിക്കു റെസ്റ്ററന്റില്‍ ജോലി ഉണ്ടായിരുന്നു. അന്നും അവിടെ പതിവായി വരാറുണ്ടായിരുന്ന ചിലര്‍ സന്നിഹിതരായിരുന്നു. അവര്‍ ഏകദേശം നേരം വെളുക്കുന്നതുവരെ അവിടെയിരുന്നു കാപ്പികുടിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്തു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന റെസ്റ്ററന്റായിരുന്നതുകൊണ്ട് അവരുടെ സാന്നിധ്യം ആര്‍ക്കും അത്ര അസാധാരണമായി തോന്നിയില്ല.

ക്രിസ്മസ് ദിവസം രാവിലെ ഏഴു മണിക്കു ജോലി കഴിഞ്ഞു സാലി വീട്ടില്‍ പോകുവാനായി കാറിനരികിലേക്കു ചെന്നു. അപ്പോള്‍ കാര്‍ നിറയെ എന്തോ സാധനങ്ങള്‍ ഇരിക്കുന്നതായി അവര്‍ കണ്ടു. ഒറ്റ നോട്ടത്തില്‍ അവ എന്താണെന്നു മനസിലാകാതിരുന്നതുകൊണ്ടു സാലി ആദ്യം അല്പം ഭയപ്പെട്ടു പോയി. എന്നാല്‍ ധൈര്യം സംഭരിച്ചു കാറിന്റെ ഡോര്‍ തുറന്നപ്പോഴാണു കാറിലുണ്ടായിരുന്നതു മുഴുവന്‍ സമ്മാനങ്ങളാണെന്നു മനസ്സിലായത്.

സാലിയുടെ ആറു മക്കള്‍ക്കും വേണ്ടിയുള്ള പുത്തനുടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ പായ്ക്കറ്റുകളായിരുന്നു ആദ്യം സാലിയുടെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ വേറെയും സമ്മാനങ്ങള്‍ ആ കാറില്‍ ഉണ്ടായിരുന്നു. സാലിയുടെ കുടുംബാംഗങ്ങള്‍ക്കു ക്രിസ്മസ് ആഘോഷിക്കുന്നതിനുവേണ്ട എല്ലാത്തരം വിഭവങ്ങളും മധുരപലഹാരങ്ങളും പഴവര്‍ഗങ്ങളുമൊക്കെ കാറിലെ വിവിധ പായ്ക്കറ്റുകളില്‍ ഉണ്ടായിരുന്നു. ഈ പായ്ക്കറ്റുകളെല്ലാം കണ്ടപ്പോഴേക്കും സാലിയുടെ കണ്ണുകള്‍ നിറഞ്ഞു. സന്തോഷത്തിന്റെയും നന്ദിയുടെയും കണ്ണീരായിരുന്നു അത്.


ആരാണു സാലിക്ക് ഈ സമ്മാനങ്ങളെല്ലാം വാങ്ങിക്കൊടുത്തത്? ആ റെസ്റ്ററന്റില്‍ വന്നിരുന്നവരും സാലിയുടെ വിഷമങ്ങള്‍ അറിയാവുന്നവരുമായ ട്രക്ക് ഡ്രൈവര്‍മാര്‍. അവരെ ഇന്‍ഡ്യാനയിലെ മാലാഖമാര്‍ എന്നാണ് പിന്നീട് ഈ സംഭവത്തെക്കുറിച്ച് എഴുതിയ അനുഭവകഥയില്‍ സാലി വിശേഷിപ്പിച്ചിരിക്കുന്നത്.

ക്രിസ്മസ് ആഘോഷിക്കുവാന്‍ നാം ഒരുങ്ങുമ്പോഴും നമ്മുടെ ചുറ്റിലും സാമ്പത്തികമായി വളരെ ഞെരുങ്ങുന്നവരെ നാം കാണാതെ പോകരുത്. ഒരു പക്ഷേ, നാം സഹായിക്കുന്നില്ലെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം ക്രിസ്മസിന് ഒരു ആഘോഷവും ഉണ്ടായെന്നു വരില്ല.

ക്രിസ്മസിനു നാം അനുസ്മരിക്കുന്നതു ദൈവത്തിന്റെ സ്വയംദാനമാണല്ലോ. ലോകത്തെ രക്ഷിക്കുവാന്‍ വേണ്ടി ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു. ദൈവം തന്റെ പുത്രനായ യേശുവിനെ ലോകത്തിനു സമ്മാനമായി നല്‍കിയതു നാമും അവിടുത്തെ മാതൃക പിന്തുടര്‍ന്നു മറ്റുള്ളവരെ സഹായിക്കുവാന്‍ വേണ്ടിയായിരുന്നു.നാം ഈ മാതൃക പിന്തുടരുന്നില്ലെങ്കില്‍ നമ്മുടെ ക്രിസ്മസ് ആഘോഷം അര്‍ഥപൂര്‍ണമാവില്ല എന്നതു മറക്കരുത്.

മുകളില്‍ കൊടുത്തിരിക്കുന്ന സംഭവകഥയിലെ സാലിയുടെയും കുടുംബാംഗങ്ങളുടെയും കാര്യത്തില്‍ അവരുടെ സഹായത്തിനെത്തുവാന്‍ ട്രക്ക് ഡ്രൈവര്‍മാരായ ചില ആളുകള്‍ക്കുകഴിഞ്ഞു. ക്രിസ്മസിന്റെ ചൈതന്യം ശരിക്കു മനസിലാക്കി പ്രവര്‍ത്തിച്ചവരായിരുന്നു അവര്‍.

ക്രിസ്മസ് വരുമ്പോള്‍ നാം അടിപൊളിയായി ആഘോഷിക്കുകയും നമ്മുടെ സമീപത്തുള്ള ദരിദ്രര്‍ കഷ്ടപ്പെടുകയും ചെയ്യുവാനിടയാകരുത്. സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ ക്രിസ്മസിന്റെ അവസരത്തില്‍ പ്രത്യേകം സഹായിക്കുന്നതിനു നാം ശ്രദ്ധിച്ചേ മതിയാകൂ.

അമേരിക്കയിലെ പല സ്ഥലങ്ങളിലും ക്രിസ്മസിന്റെയും ഈസ്റ്ററിന്റെയുമൊക്കെ അവസരത്തില്‍ ചിലര്‍ ചെയ്യുന്ന ഒരു നല്ല കാര്യമുണ്ട്. തങ്ങളുടെ സമൂഹത്തില്‍ അന്ന് എല്ലാവരും നല്ല ഭക്ഷണം കഴിക്കുന്നു എന്നു ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള ഒരു സംവിധാനമാണത്. ചില സംഘടനകളുടേയും വ്യക്തികളുടെയും നേതൃത്വത്തില്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങളിലും അവര്‍ ആവശ്യത്തിനുവേണ്ട നല്ല ഭക്ഷണം എത്തിച്ചിരിക്കും. അതോടൊപ്പം, ക്രിസ്മസിന്റെ അവസരമാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കു നല്ല സമ്മാനങ്ങളും എത്തിക്കുക പതിവുണ്ട്.

ക്രിസ്മസ് പങ്കുവയ്ക്കലിന്റെ അവസരമാണെന്നു നമ്മെ അനുസ്മരിപ്പിക്കുന്ന ഈ നല്ല മാതൃക സാധിക്കുന്നിടത്തോളം നാമും അനുകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ക്രിസ്മസിന്റെ അവസരത്തില്‍, പാവപ്പെട്ടവര്‍ വസിക്കുന്ന ഭവനങ്ങളിലും സ്ഥാപനങ്ങളിലുമൊക്കെ നല്ല ഭക്ഷണവും സമ്മാനങ്ങളുമൊക്കെ എത്തിക്കുന്നതിനു നാമും മുന്നോട്ടുവരുകയാണെങ്കില്‍ നമ്മുടെ ക്രിസ്മസ് ആഘോഷത്തിന്റെ മേന്മ വളരെ വലുതായിരിക്കും.

ക്രിസ്മസ് ആഘോഷിക്കപ്പെടുകതന്നെ വേണം. എന്നാല്‍, ക്രിസ്മസിന്റെ ആഘോഷത്തില്‍ എല്ലാവര്‍ക്കും പങ്കുപറ്റാന്‍ സാധിക്കുമെന്നു നാം ഉറപ്പുവരുത്തുകയും വേണം. എങ്കില്‍ മാത്രമേ ക്രിസ്മസിന്റെ ചൈതന്യം നമ്മിലുണെ്ടന്നു നമുക്കഭിമാനിക്കാനാവൂ.
    
To send your comments, please clickhere